ദിലീഷ് പോത്തന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടിമാരില്‍ ഒരാളാണ് നിമിഷ സജയന്‍. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നിമിഷ വളരെ വേഗത്തില്‍ മലയാളത്തിലെ മുന്‍നിരയില്‍ ഇടംപിടിച്ചു. തമിഴിലും, ഹിന്ദിയിലും, മറാത്തിയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ താരത്തിന് സാധിച്ചു. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷയെ തേടിയെത്തി.
നിമിഷ സജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡി.എന്‍.എ. ദിവ്യ എന്ന കഥാപാത്രമായി നിമിഷയെത്തുന്ന ചിത്രത്തില്‍ അഥര്‍വയാണ് നായകന്‍. ഇപ്പോള്‍ അഥര്‍വയെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ സജയന്‍. തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് ഡി.എന്‍.എയെന്നും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നടനാണ് അഥര്‍വയെന്നും നിമിഷ പറയുന്നു.
അഥര്‍വ നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന നടനാണെന്നും ബ്രില്യന്റ് ആണെന്നും നടി പറഞ്ഞു. ഡി.എന്‍.എയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നിമിഷ സജയന്‍.
‘ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്ത് ഷൂട്ട് ചെയ്ത സിനിമയാണ് ഇത്. ഈ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. അതുപോലെതന്നെയാണ് അഥര്‍വയും. അഥര്‍വ വളരെ ബ്രില്യന്റ് ആയിട്ടുള്ളൊരു ആക്റ്ററാണ്. ഭയങ്കര ഡെഡികേറ്റഡ് ആണ്, ഹാര്‍ഡ് വര്‍ക്കിങ്ങാണ്.
എനിക്ക് ഒരു കാര്യം അധികനേരം കേട്ടുകൊണ്ട് നില്ക്കാന്‍ കഴിയില്ല. എന്റെ അറ്റെന്‍ഷന്‍ സ്പാന്‍ വളരെ കുറവാണ്. എന്നാല്‍ അഥര്‍വ സംവിധായകന്‍ പറയുന്ന എല്ലാ കാര്യവും ശ്രദ്ധിച്ച് കേള്‍ക്കും. സെറ്റില്‍ കൃത്യസമയത്തെല്ലാം എത്തും. ദിവ്യ അഥര്‍വ ഇല്ലാതെ പൂര്‍ണമാകില്ലെന്ന് എനിക്ക് തോന്നുന്നു,’ നിമിഷ സജയന്‍ പറയുന്നു.
Content Highlight: Nimisha Sajayan Talks About Atharvaa