ദിലീഷ് പോത്തന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടിമാരില്‍ ഒരാളാണ് നിമിഷ സജയന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നിമിഷ വളരെ വേഗത്തില്‍ മലയാളത്തിലെ മുന്‍നിരയില്‍ ഇടംപിടിച്ചു. തമിഴിലും, ഹിന്ദിയിലും, മറാത്തിയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ താരത്തിന് സാധിച്ചു. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷയെ തേടിയെത്തി.
നിമിഷയുടെ കരിയറില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. കൊവിഡ് കാലഘട്ടത്തില്‍ നേരിട്ട് ഒ.ടി.ടിയിലെത്തിയ ചിത്രം വലിയ ചര്‍ച്ചയായി മാറി. സമൂഹത്തിലെ പാട്രിയാര്‍ക്കിക്കെതിരെ സംസാരിച്ച ചിത്രം സംഘപരിവാര്‍ അനുകൂലികളെ അസ്വസ്ഥരാക്കിയിരുന്നു. നിമിഷക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കിന് ചിത്രം കാരണമായി.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുടെ തുടക്കത്തില്‍ തന്റെ കഥാപാത്രം എല്ലാ കാര്യത്തെയും ചിരിച്ചുകൊണ്ട് നേരിടുന്നതായാണ് കാണിക്കുന്നതെന്ന് നിമിഷ പറഞ്ഞു. എന്നാല്‍ അവസാനം ആ കഥാപാത്രം അവളുടെ ദേഷ്യം കാണിക്കാന്‍ കാരണം ഈ സമൂഹമാണെന്നും അത് എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു നിമിഷ സജയന്‍.
‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുടെ തുടക്കത്തില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം എല്ലാ കാര്യത്തെയും ചിരിച്ചുകൊണ്ടാണ് നേരിട്ടത്. ആരോടും ഒരു പരിഭവവും പറയാത്ത കഥാപാത്രമായാണ് കാണിക്കുന്നത്. എന്നാല്‍ സിനിമയുടെ അവസാനം അവള്‍ ആ വീട്ടിലെ രണ്ട് പുരുഷന്മാരുടെയും നേരെ വേസ്റ്റ് വെള്ളം ഒഴിച്ച് ദേഷ്യം പ്രകടിപ്പിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
ആ കഥാപാത്രം അങ്ങനെ ചെയ്യാന്‍ കാരണം ഈ സമൂഹമാണ്. എന്നാല്‍ എല്ലാ സ്ത്രീകളും ആ കഥാപാത്രത്തെപ്പോലെയാകില്ല ദേഷ്യം പ്രകടിപ്പിക്കുന്നത്. ചിലര്‍ അപ്പോള്‍ തന്നെ റിയാക്ട് ചെയ്യും. അല്ലെങ്കില്‍ മനസില്‍ തന്നെ വെച്ചുകൊണ്ട് അങ്ങ് ജീവിക്കും. എന്റെ അമ്മ ദേഷ്യം വന്നാല്‍ അത് അപ്പോള്‍ തന്നെ പുറത്തുകാണിക്കും. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആ കഥാപാത്രം വളര്‍ന്ന രീതി മറ്റൊന്നായതുകൊണ്ട് അങ്ങനെ റിയാക്ട് ചെയ്തു എന്ന് മാത്രം,’ നിമിഷ സജയന്‍ പറയുന്നു.
ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ജിയോ ബേബി, ടി. സുരേഷ് ബാബു എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. മികച്ച സിനിമ, തിരക്കഥ സൗണ്ട് ഡിസൈന്‍ എന്നീ മേഖലകളില്‍ ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സ്വന്തമാക്കിയിരുന്നു.
Content Highlight: Nimisha Sajayan about The Great Indian Kitchen movie and her character