| Thursday, 12th June 2025, 12:38 pm

'അന്നും ഇന്നും എന്നും ഈ തള്ളച്ചി പാര്‍ട്ടിക്കൊപ്പം'; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നിലമ്പൂര്‍ ആയിഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെ പിന്തുണച്ചതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നിലമ്പൂര്‍ ആയിഷ. അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാര്‍ട്ടിയോടൊപ്പം തന്നെയെന്ന് പറഞ്ഞുകൊണ്ടാണ് നിലമ്പൂര്‍ ആയിഷ പ്രതികരിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

വിവരമില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ അവരോട് ക്ഷമിക്കുന്നുവെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു.

‘1950കളിലാണ് എന്റെ നാടക പ്രവേശനം. അത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉള്ള നാടകങ്ങള്‍ കൂടിയായിരുന്നു. അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയുമെല്ലാം ഏറ്റിട്ടും തളര്‍ന്നിട്ടില്ല. എന്നിട്ടാണോ ഇന്നത്തെ കാലത്തെ ഈ സൈബര്‍ ആക്രമണം. അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാര്‍ട്ടിയോടൊപ്പം തന്നെ. വിവരമില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ അവരോട് ക്ഷമിക്കുന്നു. കാര്യമാക്കുന്നില്ല. വിദ്വേഷം ഇല്ലാതെ പരസ്പര സ്‌നേഹത്തോടെ എല്ലാവര്‍ക്കും ജീവിക്കാന്‍ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു,’ നിലമ്പൂര്‍ ആയിഷയുടെ പോസ്റ്റ്.

എം. സ്വരാജിന് പിന്തുണ നല്‍കിയതിനും എല്‍.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുത്തതിനും പിന്നാലെയാണ് നിലമ്പൂര്‍ ആയിഷക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സൈബര്‍ ആക്രമണം നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹനസ് നാസര്‍, അനില്‍ നായര്‍ തുടങ്ങിയവരാണ് ആയിഷക്കെതിരെ തെറിവിളിയുമായി രംഗത്തെത്തിയത്. വല്ലപ്പുഴ സ്വീകരണ കേന്ദ്രത്തിലെത്തി സ്വരാജിനെ ആശീര്‍വദിച്ചതില്‍ ഉള്‍പ്പെടെ പ്രകോപിതരായിക്കൊണ്ടായിരുന്നു സൈബര്‍ ആക്രമണം.

അതേസമയം എം. സ്വരാജിനെ പിന്തുണച്ച് രംഗത്തെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ കെ.ആര്‍. മീര അടക്കമുള്ളവര്‍ക്കെതിരെ സൈബര്‍ ആധിക്ഷേപമുണ്ട്.

ജൂണ്‍ 19ന് നിലമ്പൂരില്‍ വോട്ടെടുപ്പ് നടക്കും. ജൂണ്‍ 23ന് വോട്ടെണ്ണും. ഇടത് സ്ഥാനാര്‍ത്ഥിയായ എം. സ്വരാജും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി.വി. അന്‍വര്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് തുടങ്ങിയവരാണ് നിലമ്പൂരില്‍ ജനവിധി തേടുന്നത്.

Content Highlight: Nilambur Ayisha responds to cyber attack

We use cookies to give you the best possible experience. Learn more