ഫെബിന്‍ സിദ്ദാര്‍ത്ഥിന്റെ സംവിധാനത്തില്‍ നിഖില നായികയായെത്തിയ ‘പെണ്ണ് കേസ്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. മുകേഷ് ആര്‍ മെഹ്ത നിര്‍മിക്കുന്ന ചിത്രത്തില്‍ ഹക്കീം ഷാ, അജു വര്‍ഗീസ്, രമേഷ് പിശാരടി, ഇര്‍ഷാദ്, രഞ്ജി കക്കോല്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
നിഖില വിമല്‍ Photo: Nikhila Vimal/ Facebook.com
ഇപ്പോള്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പെണ്ണ് കേസ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നിഖില വിമല്‍. ഫീമെയില്‍ സബ്ജക്ടാണെങ്കിലും സാധാരണ കാണുന്ന ഒരു സ്ത്രീ കാഴ്ചപ്പാടുള്ള സിനിമയല്ല എന്നതാണ് താനിതില്‍ക്കണ്ട പ്രധാനകാര്യമെന്ന് നിഖില പറയുന്നു.
‘അതുപോലുള്ള സബ്ജക്ടുകള്‍ കൈകാര്യം ചെയ്യുന്ന രീതിയല്ല ഈ സിനിമയുടേത്. അതിനൊപ്പം തട്ടിപ്പിനിരയാകുന്ന ഒരുകൂട്ടം പുരുഷന്മാര്‍ക്കും കഥ പറയാനുണ്ട്. തട്ടിപ്പുനടത്തുന്ന ഒരു സ്ത്രീയുടെ ജീവിതം പറയുന്ന സിനിമ എന്നത് രസകരമായി തോന്നി. പിന്നെ എന്റെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലാണ് കഥ പറയുന്നത്. അതും ഈ സിനിമ തെരഞ്ഞെടുക്കാന്‍ കാരണമായി.
സിനിമയുടെ പ്രമോഷന്‍ സമയത്ത് മറ്റുള്ളവര്‍ പറഞ്ഞപ്പോഴാണ് നെഗറ്റീവ് ഷേഡിനെക്കുറിച്ച് ചിന്തിച്ചത്. തിരക്കഥ കേള്‍ക്കുന്ന സമയത്തൊന്നും അങ്ങനെ ചിന്തിച്ചിട്ടില്ല. പിന്നെ ഇത്തരം തട്ടിപ്പ് നടത്തുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്കും ജീവിതമുണ്ട്, കഥയുണ്ട്,’ നിഖില പറഞ്ഞു.
ലീഡ് റോളാണെങ്കിലും ഒരു ഫീമെയില്‍ സബ്ജക്ട് എന്ന തോന്നല്‍ ഉണ്ടായിരുന്നില്ലെന്നും ലീഡ് റോളിന് തീര്‍ച്ചയായും ഉത്തരവാദിത്വം കൂടുതലാണെന്നും നടി പറയുന്നു. പക്ഷേ, ഒരുപാട് അഭിനേതാക്കള്‍ക്കൊപ്പമുള്ള സിനിമയാണ് പെണ്ണ് കേസെന്നും ഹക്കിം ഷാജഹാന്‍, രമേഷ് പിഷാരടി, അജു വര്‍ഗീസ്, ഇര്‍ഷാദ് ഇവരെല്ലാമുണ്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
ഹക്കിം ഷാജഹാനും തന്റെ കഥാപാത്രത്തിന്റെ അത്രതന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇത്രയേറെ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമായതിനാല്‍ ലീഡ് റോള്‍ എന്ന ഉത്തരവാദിത്വം അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ലെന്നും നിഖില പറഞ്ഞു.
വിവിധ നാടുകളില്‍ വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ച് കല്യാണ തട്ടിപ്പ് നടത്തുന്ന രോഹിണി എന്ന കഥാപാത്രമായാണ് നിഖില സിനിമയില്‍ എത്തുന്നത്. ഫെബിന്‍ സിദ്ധാര്‍ത്ഥും രശ്മി രാധാകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight: Nikhila Vimal talks about the movie Pennu case and her character