മീഡിയ എന്റെ അച്ഛനും അമ്മയും അല്ല എന്ന് പറഞ്ഞതിന്റെ പേരില്‍ ആറ് മാസമാണ് തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് സൈബര്‍ അറ്റാക്ക് ഉണ്ടായതെന്ന് നടി നിഖില വിമല്‍. അന്ന് ഫേസ്ബുക്കിലും മറ്റുമായി തനിക്കെതിരെ ബുള്ളിയിങ് ഉണ്ടായതെന്നും നടി പറഞ്ഞു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.
‘ഞാന്‍ അങ്ങനെ പറഞ്ഞതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ പലയിടത്ത് നിന്നായി നെഗറ്റീവ് ക്യാമ്പയിന്‍ വന്നു. അതും ദിവസവും എന്തെങ്കിലുമൊക്കെ പോസ്റ്റ് കാണാമായിരുന്നു. ഒരു പേജില്‍ നിന്ന് എന്നെ പറ്റി ഒരു നല്ല പോസ്റ്റ് വരും. പിന്നെ, അതിന് താഴെ എന്നെ പറ്റി നെഗറ്റീവ് കമന്റ്‌സ് വരും. അത് കഴിഞ്ഞ് ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് നോക്കുമ്പോള്‍ അതേ പേജില്‍ എന്നെ കുറിച്ചുള്ള നെഗറ്റീവ് പോസ്റ്റ് വരും. അങ്ങനെയാണ് എനിക്കെതിരായ ഒരു ബുള്ളിയിങ് അവര്‍ കൊണ്ടുവരുന്നത്,’ നിഖില പറയുന്നു.
ഇപ്പോഴും താന്‍ പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മീഡിയ തന്റെ അച്ഛനും അമ്മയും അല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. മീഡിയ എന്തൊക്കെ ചെയ്യാന്‍ നോക്കിയാലും അതില്‍ നിന്ന് എഴുന്നേറ്റ് വരണമെന്നത് തന്റെ ആവശ്യമാണെന്നും നിഖില പറഞ്ഞു.
താന്‍ ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയില്‍ മീഡിയ തനിക്ക് ഉണ്ടാക്കി തരുന്ന ബുദ്ധിമുട്ടുകളെ അതിജീവിക്കുക എന്നത് തന്റെ ആവശ്യമാണെന്നും അതിനര്‍ത്ഥം നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്നും നടി പറഞ്ഞു.
ഒരാളുടെ പ്രൈവസിയും പേഴ്‌സണല്‍ സ്‌പേസും മീഡിയക്ക് എപ്പോഴും ഒരു ഫോണുമായി കയറി ചെല്ലാന്‍ കഴിയുന്ന ഇടമല്ലെന്നും അവരുടെ മുഖത്തേക്ക് നമ്മള്‍ ക്യാമറ വെച്ചാല്‍ അവര്‍ ഓടുന്നത് കാണമെന്നും നിഖില പറഞ്ഞു.
‘ അങ്ങനെ ഓടുന്ന വീഡിയോകള്‍ തന്നെ വരാറുണ്ട്. അതുകൊണ്ട് പേഴ്‌സണല്‍ സ്‌പേസും പ്രൈവറ്റ് സ്‌പേസും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അവര്‍ക്ക് അറിയാം. പക്ഷേ അറിഞ്ഞിട്ടും അങ്ങനെ ചെയ്യുന്നുണ്ട്. ഞാന്‍ ഒരു പബ്ലിക് പ്രോപ്പര്‍ട്ടി അല്ല,’ നിഖില പറഞ്ഞു.
ഫെബിന്‍ സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ നിഖില നായികയായെത്തിയ ‘പെണ്ണ് കേസ്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. മുകേഷ് ആര്‍ മെഹ്ത നിര്‍മിക്കുന്ന ചിത്രത്തില്‍ ഹക്കീം ഷാ, അജു വര്‍ഗീസ്, രമേഷ് പിശാരടി, ഇര്‍ഷാദ്, രഞ്ജി കക്കോല്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Nikhila Vimal talks about the cyber attack she suffered