| Friday, 24th January 2025, 5:02 pm

സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ എന്റെ പ്രൊഫഷന്‍ അതായേനെ: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാരംഗത്തെത്തിയ ആളാണ് നിഖില വിമല്‍. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേ സമയം തിരക്കുള്ള നടിയായി മാറാനും നിഖിലയ്ക്ക് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു.

സിനിമയില്‍ എത്തിയില്ലെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നിഖില വിമല്‍. സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ അമ്മ കലാമണ്ഡലം വിമല ദേവിയുടെ ചിലങ്ക കലാക്ഷേത്രയില്‍ നൃത്തധ്യാപിക ആയേനെയെന്ന് നിഖില പറഞ്ഞു. വനിത മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില വിമല്‍.

‘സിനിമ എന്റെ സ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. പക്ഷേ, അതെങ്ങനെയോ സംഭവിച്ചു. ഭാഗ്യദേവതയാണ് ആദ്യ സിനിമയെങ്കിലും ലൗ 24 x 7നു ശേഷമാണ് സിനിമയെ ഗൗരവത്തോടെ സമീപിച്ചു തുടങ്ങിയത്. അതിനുശേഷം നന്നായി കഷ്ടപ്പെട്ടു. സിനിമയില്‍ നിലനില്‍ക്കാന്‍ ഇത്രമാത്രം ശ്രമം എന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഒരിക്കലും കരുതിയതല്ല.

സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കില്‍ അമ്മ കലാമണ്ഡലം വിമല ദേവിയുടെ ചിലങ്ക കലാക്ഷേത്രയില്‍ ടീച്ചറായേനെ. എന്ന് കരുതി ഇപ്പോള്‍ ഡാന്‍സ് പ്രാക്ടീസ് എങ്ങനെ പോകുന്നു എന്ന് മാത്രം ചോദിക്കരുത് കേട്ടോ. കഴിഞ്ഞ മഹാനവമിക്കാണ് അവസാനം ആ വഴി പോയത്. ഉഴപ്പുന്നതിന് അമ്മ ഇടയ്ക്കിടെ കണ്ണുരുട്ടാറുണ്ട്. അതൊക്കെ നൈസ് ആയി ഒഴിവാക്കും.

കലാരംഗത്തല്ലെങ്കില്‍ ഒരുപക്ഷേ, പി.എസ്.സി എഴുതി സര്‍ക്കാര്‍ ജോലിയൊക്കെ നേടി ഫയലുകള്‍ക്കിടയില്‍ ഇരുന്നേനെ. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ചായക്കട അല്ലെങ്കില്‍ ഫൂഡ് ബിസിനസ് പ്ലാന്‍ ചെയ്യാത്തവര്‍ ചുരുക്കമല്ലേ. ആ കൂട്ടത്തില്‍ ഞാനും ചിലപ്പോള്‍ പെട്ടേനെ. പക്ഷേ, ബിസിനസ് എനിക്ക് പറ്റിയ മേഖലയല്ല. അത്ര ക്ഷമയും സമര്‍പ്പണവും എനിക്കുണ്ടെന്നു തോന്നുന്നില്ല,’ നിഖില വിമല്‍ പറയുന്നു.

Content Highlight: Nikhila Vimal says she will be a dance teacher if she didn’t acted in film

We use cookies to give you the best possible experience. Learn more