ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയ നടിയാണ് നിഖില വിമൽ. സ്വന്തം നിലപാടുകളും ബോൾഡായ സമീപനവും കാരണം പലപ്പോഴും വിമർശനങ്ങളും ട്രോളുകളും നേരിട്ടിട്ടുള്ള താരം, ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യത്തെക്കുറിച്ച് തുറന്നുപറയുകയാണ്.
ക്യൂ സ്റ്റുഡിയോയോട് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ്, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതാണ് തനിക്കുണ്ടായ ഏറ്റവും വലിയ ഭാഗ്യമെന്ന് നിഖില പറഞ്ഞത്.
‘എനിക്ക് ഭാഗ്യദേവതയിൽ ലീഡ് റോളൊന്നുമില്ലായിരുന്നു. ജയറാമേട്ടന്റെ അനിയത്തിയായി, ഒരു ചൈൽഡ് ആർട്ടിസ്റ്റായിട്ടാണ് ഞാൻ അഭിനയിച്ചത്. എന്നാൽ ആ സിനിമയിൽ നെടുമുടി വേണു ചേട്ടന്റെയും കെ.പി.എ.സി. ലളിത ചേച്ചിയുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞു.
അന്ന് അതിന്റെ വില എനിക്ക് മനസ്സിലായിരുന്നില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന മനസിലാക്കുന്നു ,’ നിഖില പറഞ്ഞു.
ഭാഗ്യദേവത, Photo: YouTube/ Screengrab
പഴയ സത്യൻ അന്തിക്കാട് സിനിമകളിലെ എല്ലാ കഥാപാത്രങ്ങളോടും കൂടി അഭിനയിക്കണമെന്ന ആഗ്രഹവും താരം അഭിമുഖത്തിൽ പങ്കുവച്ചു. ഉർവശിയുടെയും കെ.പി.എ.സി. ലളിതയുടെയും കൂടെ അഭിനയിച്ചതിലൂടെ അവരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതായും നിഖില കൂട്ടിച്ചേർത്തു.
പെണ്ണ് കേസ് ആണ് നിഖിലയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. പേരുപോലെതന്നെ ഒരു വ്യത്യസ്‌ത നിറഞ്ഞ കഥാപാത്രമായാണ് നിഖില ചിത്രത്തിൽ എത്തുന്നതും. ഒരു വേഷത്തിനു പകരം പല കഥാപാത്രങ്ങളായി പല വ്യത്യസ്‌ത വേഷങ്ങളിലാണ് നിഖില ചിത്രത്തിൽ എത്തുന്നത്. നെഗറ്റിവ് ഷെയ്ഡുള്ള വിവിധ നാടുകളിൽ വ്യത്യസ്ത പേരുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്ന രോഹിണി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.
വാർത്തകളിലൂടെ പരിചിതമായ കല്യാണ തട്ടിപ്പുകളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധായകനൊപ്പം രശ്‌മി രാധാകൃഷ്‌ണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മുകേഷ് ആർ മെഹത് നിർമിക്കുന്ന ചിത്രത്തിൽ നിഖിലയ്‌ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗീസ്, ഇർഷാദ് അലി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Content Highlight: Nikhila Vimal says acting in the movie ‘Bhagyadevatha’ was her greatest fortune
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.