സൈബർ ആക്രമണങ്ങളെയും തന്റെ അഭിമുഖങ്ങളിൽ നിന്നുള്ള വാക്കുകൾ അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്ന രീതിയെയും കുറിച്ച് തുറന്നുപറഞ്ഞ് നടി നിഖില വിമൽ. ഒരു വിഷയത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്ന വ്യക്തിയാണ് താനെന്നും, എന്നാൽ അതിൽനിന്ന് ഒരു വാക്കോ ചെറിയൊരു ഭാഗമോ മാത്രം എടുത്ത് തന്റെ മുഴുവൻ നിലപാടായി അവതരിപ്പിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നും നിഖില പറഞ്ഞു. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘സൈബർ അറ്റാക്കുകളെ ഓർത്ത് ടെൻഷൻ അടിച്ചിട്ട് വലിയ കാര്യമൊന്നുമില്ല. അവർക്ക് ഒരു കണ്ടന്റ് കിട്ടിക്കഴിഞ്ഞാൽ അത് അങ്ങനെ പോയിക്കൊണ്ടിരിക്കും. അതിന്റെ സത്യാവസ്ഥ എന്താണെന്ന് ആരും അന്വേഷിക്കണമെന്നില്ല. ഞാൻ വളരെ വിശദമായി കാര്യങ്ങൾ പറയുന്ന ഒരാളാണ്. അങ്ങനെ വിശദമായി പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരു വാക്ക് മാത്രം എടുത്തിട്ട് അത് എന്റെ സ്റ്റേറ്റ്മെന്റാണെന്ന് പറയുന്നതിനോട് എനിക്ക് താൽപര്യമില്ല,’ നിഖില പറഞ്ഞു.
ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾക്ക് മുൻപും ശേഷവും പറഞ്ഞ വാക്കുകൾ ഒഴിവാക്കി ചെറിയൊരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നതാണ് പലപ്പോഴും സംഭവിക്കുന്നതെന്നും നിഖില ചൂണ്ടിക്കാട്ടി. അതിന് പിന്നാലെ വിശദീകരണം നൽകാൻ ശ്രമിച്ചാലും വീണ്ടും അതിൽനിന്ന് മറ്റൊരു ചെറിയ ക്ലിപ്പ് എടുത്ത് പ്രചരിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘ഞാൻ പറഞ്ഞ കാര്യത്തിന് മുന്നേ പറഞ്ഞതോ അതിന് ശേഷം പറഞ്ഞതോ ഒന്നും ഉണ്ടാകില്ല. പിന്നെ അതിനെക്കുറിച്ച് ഞാൻ എക്സ്പ്ലൈൻ ചെയ്യാൻ പോയാൽ, വീണ്ടും ഞാൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് വിശദീകരിക്കേണ്ടി വരും. അതിൽനിന്നും അവർ ചെറിയൊരു ക്ലിപ്പ് എടുത്തായിരിക്കും പ്രചരിപ്പിക്കുക. അവരെ സംബന്ധിച്ച് അത് വാർത്തയാണ്. അത് മറ്റുള്ളവർക്ക് എങ്ങനെ തോന്നുന്നു, ആളുകൾ അതിനെ എങ്ങനെ എടുക്കുന്നു എന്നൊന്നും ചിലപ്പോൾ അവർക്ക് പ്രശ്നമല്ല. ഇത് ഇട്ടാൽ ഇന്ന് വൈറലാകും എന്നതാണ് അവർ നോക്കുന്നത്,’ നിഖില വ്യക്തമാക്കി.
തന്റെ കാര്യത്തിൽ ഇത്തരം സംഭവങ്ങൾ കുറച്ചുകൂടി കൂടുതലായി ഉണ്ടാകാറുണ്ടെന്നും നിഖില പറഞ്ഞു. നേരിട്ട് നടത്തുന്ന അഭിമുഖങ്ങളിൽ താൻ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കണമെന്നോ എഡിറ്റ് ചെയ്യണമെന്നോ ആവശ്യപ്പെടാൻ സാധിക്കും. എന്നാൽ അപ്രതീക്ഷിതമായി ക്യാമറയുമായി എത്തി ചോദ്യങ്ങൾ ചോദിക്കുന്ന സാഹചര്യത്തിൽ താൻ പ്രതികരിച്ചാലും പ്രതികരിക്കാതിരുന്നാലും അതിന് ഓരോ തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഉണ്ടാകുമെന്നും താരം പറഞ്ഞു.
‘ഒരു അഭിമുഖമാണെങ്കിൽ നമുക്ക് എന്തെങ്കിലും പറഞ്ഞാൽ അത് എഡിറ്റ് ചെയ്ത് ഒഴിവാക്കണമെന്ന് പറയാം. എന്നാൽ മൊബൈലുമായി പെട്ടെന്ന് നമ്മുടെ മുഖത്തേക്ക് വന്ന് ചോദിക്കുമ്പോൾ മിണ്ടാതെ പോയാൽ അഹങ്കാരമാണെന്ന് പറയും. ഇനി മിണ്ടിയാലും അതിന് ഒരു കാരണം ഉണ്ടാക്കും. അതൊക്കെ ആവശ്യമില്ലാത്ത കാര്യമായിട്ടാണ് എനിക്ക് തോന്നാറുള്ളത്,’ നിഖില പറഞ്ഞു.
പ്രസ് മീറ്റുകൾ പോലുള്ള ഔദ്യോഗിക വേദികളിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത് സ്വാഭാവികമാണെന്നും നിഖില പറയുന്നു. എന്നാൽ പരിപാടിയുടെ ഭാഗമായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ലഭിക്കുന്ന റീച്ച് കുറവായിരിക്കുമെന്ന് മനസിലാക്കിയാണ് ചിലർ താരങ്ങൾ പുറത്തിറങ്ങി നടക്കുമ്പോൾ പിന്നാലെ എത്തി ചോദ്യങ്ങൾ ചോദിക്കുന്നതെന്നാണ് നിഖിലയുടെ വിമർശനം.
‘പ്രസ് മീറ്റിൽ ക്യാമറയുമായി അവർ ഉണ്ടാകും. പക്ഷേ അവിടെ അവർക്ക് ഒന്നും ചോദിക്കാനുണ്ടാകില്ല. കാരണം അത് പ്രസ് മീറ്റിന്റെ ഭാഗമായി ചോദിക്കേണ്ട ചോദ്യമാണല്ലോ. അതിന് വലിയ റീച്ച് ഉണ്ടാകില്ലെന്ന് അവർക്ക് അറിയാം. നമ്മൾ ഇറങ്ങി നടക്കുമ്പോഴോ എവിടേക്കെങ്കിലും പോകുമ്പോഴോ ഇത് കൊണ്ട് വന്ന് ചോദിച്ചാൽ റീച്ച് കിട്ടും എന്നറിയുന്നതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്,’ നിഖില വ്യക്തമാക്കി.
Content Highlight: Nikhila Vimal opens up against cyber attacks