| Friday, 9th November 2018, 12:55 pm

വീണ്ടും മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഇടതുമുന്നണി; വിജയിയായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെന്നും നികേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ തൃപ്തിയെന്ന് എം.വി നികേഷ് കുമാര്‍. നിയമപോരാട്ടം തുടരുമെന്നു നികേഷ് കുമാര്‍ പറഞ്ഞു.

തുടക്കം മുതല്‍ കോണ്‍ഗ്രസ് തനിക്കെതിരെ വ്യക്തിഹത്യയും വര്‍ഗീയ പ്രചരണവും നടത്തിയിരുന്നു. തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

രണ്ടര വര്‍ഷത്തെ നിയമപോരാട്ടം ഫലം കണ്ടു. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ കോടതി അംഗീകരിച്ചു. വീണ്ടും മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഇടതുമുന്നണിയാണെന്നും നികേഷ് കുമാര്‍ പറഞ്ഞു.

കോടതി ആറ് വര്‍ഷമല്ല അറുപത് വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിച്ചാലും അത് തന്നെ വലിയ രീതിയില്‍ ബാധിക്കുമായിരുന്നില്ലെന്നും എന്നാല്‍ വര്‍ഗീയ വാദം നടത്തി എന്ന പരാമര്‍ശം തന്നെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനമാണെന്നുമായിരുന്നു കെ.എം ഷാജിയുടെ പ്രതികരണം.


ആറ് വര്‍ഷമല്ല അറുപത് വര്‍ഷം അയോഗ്യത കല്‍പ്പിച്ചാലും പ്രശ്‌നമായിരുന്നില്ല, എന്നാല്‍ വര്‍ഗീയവാദം നടത്തി എന്ന പരാമര്‍ശത്തേക്കാള്‍ വലിയ അപമാനം ഇല്ല: കെ.എം ഷാജി


20 ശതമാനം മാത്രം മുസ്‌ലീം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ എങ്ങനെ വര്‍ഗീയ പ്രചരണം നടത്തി വിജയിക്കുമെന്നും പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചതുപോലെയുള്ള ഒരു ലഘുലേഖയും താന്‍ ഇറക്കിയിട്ടില്ലെന്നും കെ.എം ഷാജി പ്രതികരിച്ചിരുന്നു.

വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതിയാണ് അയോഗ്യനാക്കിയത്. അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജിയുടെ എതിരാളിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.

ആറുവര്‍ഷത്തേക്കാണ് അയോഗ്യത. നികേഷ് കുമാറിന് കോടതി ചിലവ് ഇനത്തില്‍ 50,000 രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പ്രസ്താവിച്ചത്.

അതേസമയം, അഴീക്കോട് മണ്ഡലത്തില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി  പറഞ്ഞു. 2000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഴീക്കോട് കെ.എം ഷാജി ജയിച്ചത്.

ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാന്‍ കെ.എം ഷാജി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയമായ പ്രചരണം നടത്തിയെന്നായിരുന്നു നികേഷ് കുമാറിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനു പിന്നാലെ നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more