സൂപ്പര്‍ താരം ലയണല്‍ മെസി 2026 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി. മെസി നിലവിലെ ഓരോ മൊമെന്റും ആസ്വദിക്കുകയാണെന്നും അദ്ദേഹം ലോകകപ്പ് കളിക്കില്ല എന്ന് കരുതാന്‍ സാധിക്കില്ലെന്നും ഒട്ടമെന്‍ഡി പറഞ്ഞു.
റേഡിയോ ലാ റെഡിന് നല്‍കിയ അഭിമുഖത്തിലാണ് ഒട്ടമെന്‍ഡി മെസിയെ കുറിച്ചും 2026 ലോകകപ്പിനെ കുറിച്ചും സംസാരിച്ചത്.
‘തീര്‍ച്ചയായും. ലോകകപ്പ് അടുത്തുവരുമ്പോള്‍ അദ്ദേഹം തീരുമാനമെടുക്കും. ലിയോ ലോകകപ്പ് നഷ്ടപ്പെടുത്തുമെന്ന് കരുതാന്‍ എനിക്ക് സാധിക്കില്ല. ലിയോ, സോക്കര്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ്.
നിലവില്‍ അദ്ദേഹം ഓരോ നിമിഷവും ആസ്വദിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹം ക്ലബ്ബ് വേള്‍ഡ് കപ്പ് ആസ്വദിക്കുകയാണ്. കളിക്കളത്തില്‍ തുടരുക എന്നതാണ് മെസി ചെയ്തുകൊണ്ടിരിക്കുന്നത്.
തന്റെ ശാരീരികക്ഷമത അനുസരിച്ച് അദ്ദേഹം ലോകകപ്പിനെ കുറിച്ചുള്ള തീരുമാനമെടുക്കും. എന്നാല്‍ കളിക്കളത്തില്‍ തുടരാനും മത്സരിക്കാനും ടീമിനെ സഹായിക്കാനുമുള്ള ലിയോയുടെ അഭിനിവേശത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇത് അദ്ദേഹത്തിന്റെ ഡി.എന്‍.എയിലുള്ളതാണ്, ലിയോ തീര്‍ത്തും വ്യത്യസ്തനാണ്,’ ഒട്ടമെന്‍ഡി പറഞ്ഞു.
2026 ലോകകപ്പിനായി അര്‍ജന്റീന ഇതിനോടകം തന്നെ യോഗ്യത നേടിക്കഴിഞ്ഞു. കോണ്‍മെബോള്‍ ജേതാക്കളായാണ് അര്‍ജന്റീന ലോകകപ്പുറപ്പിച്ചത്.
13 ടീമുകളാണ് ഇതിനോടകം തന്നെ ലോകകപ്പില്‍ തങ്ങളുടെ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളത്. കോണ്‍മെബോളിന് പുറമെ മറ്റ് കോണ്‍ഫെഡറേഷനുകളില്‍ നിന്നും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടുണ്ട്.
യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ ഉള്ള ടീമുകള്‍: 206+3 (ആതിഥേയര്‍ അടക്കം)
ഇതിനോടകം പുറത്തായ ടീമുകള്‍: 68
ഇനിയും യോഗ്യത നേടാന്‍ സാധിക്കുന്ന ടീമുകള്‍: 128
ഇതുവരെ യോഗ്യത നേടിയ ടീമുകള്‍: 10+3 (ആതിഥേയര്‍ അടക്കം)
അതേസമയം, നിലവില്‍ വേള്‍ഡ് ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് മെസിയും ഒട്ടമെന്‍ഡിയും. റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ മെസിയും ഇന്റര്‍ മയാമി തന്റെ പഴയ ടീമായ പി.എസ്.ജിയെ നേരിടും. അതേസമയം, ചെല്‍സിയാണ് ഒട്ടമെന്‍ഡിയുടെ ടീമായ ബെന്‍ഫിക്കയുടെ എതിരാളികള്‍.
Content Highlight: Nicholas Otamendi about Lionel Messi playing 2026 World Cup