മാനസികനില പൂജ്യത്തിലെത്തി, സൈക്കോളജിക്കല്‍ പിന്തുണ തേടേണ്ടി വന്നു; വെളിപ്പെടുത്തലുമായി നെയ്മര്‍
Football
മാനസികനില പൂജ്യത്തിലെത്തി, സൈക്കോളജിക്കല്‍ പിന്തുണ തേടേണ്ടി വന്നു; വെളിപ്പെടുത്തലുമായി നെയ്മര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th December 2025, 2:19 pm

ഫ്ലെമെംഗോയ്ക്ക് എതിരായ സാന്റോസിന്റെ പരാജയത്തിന് പിന്നാലെ തനിക്ക് സൈക്കോളജിക്കല്‍ പിന്തുണ തേടേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. ഈ മത്സരത്തിന് ശേഷം തനിക്ക് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെന്നും വിമര്‍ശനങ്ങള്‍ ചില സമയങ്ങളില്‍ അതിരുകടന്നുവെന്നും താരം പറഞ്ഞു.

തന്റെ മാനസികനില പൂജ്യത്തിലെത്തിയിരുന്നുവെന്നും തന്റെ പ്രതിസന്ധി ഘട്ടത്തില്‍ ടീമും താരങ്ങളും കുടുംബവും തന്നെ പിന്തുണച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ജി.ഇ. ടി.വിയില്‍ സംസാരിക്കുകയായിരുന്നു നെയ്മര്‍.

നെയ്മർ Photo: obedonchain/x.com

‘ഫ്ലെമെംഗോയ്ക്ക് എതിരായ മത്സരത്തിന് ശേഷം എനിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. എന്റെ കാര്യം വരുമ്പോള്‍ ആരാധകര്‍ എപ്പോഴും കുറച്ച് പരിധി വിട്ട് പെരുമാറാറുണ്ട്. അതോടെ എന്റെ മാനസിക നില പൂജ്യത്തിലെത്തി. സ്വയം തിരിച്ച് വരാനുള്ള ശക്തി എനിക്ക് നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ ഞാന്‍ സഹായം തേടി.

എന്റെ പരിശീലകനും, ടീമംഗങ്ങളും, കുടുംബവും ആ നിമിഷത്തില്‍ അങ്ങേയറ്റം കൂടെ നിന്നു. പഴയ നിലയിലേക്ക് തിരിച്ചെത്താന്‍ അവര്‍ എന്നെ സഹായിച്ചു. അവര്‍ക്കെല്ലാം ഞാന്‍ നന്ദി പറയുന്നു, കാരണം അവര്‍ ഇല്ലായിരുന്നെങ്കില്‍ എനിക്ക് തിരിച്ചുവരാന്‍ ശക്തി ലഭിക്കു മായിരുന്നില്ല,’ നെയ്മര്‍ പറഞ്ഞു.

നെയ്മർ Photo: canalgoat/x.com

താന്‍ ഇതിന് മുമ്പും തെറാപ്പി എടുത്തിട്ടുണ്ടെന്നും എന്നാല്‍ അപ്പോൾ ഒന്നും തന്റെ അവസ്ഥ മോശമായത് കൊണ്ടായിരുന്നല്ലെന്നും നെയ്മര്‍ പറഞ്ഞു. തന്നെത്തന്നെ കൂടുതല്‍ മെച്ചപ്പെടുത്താനും സ്വയം സഹായം നല്‍കാനും വേണ്ടിയായിരുന്നു അത്. എന്നാല്‍ ഇത്തവണയാണ് തന്റെ വൈകാരികാവസ്ഥ പൂര്‍ണമായി തകര്‍ന്നത്.

താന്‍ വൈകാരികമായി വളരെ ശക്തനാണ്. ഒരുപാട് വിമര്‍ശനങ്ങളും ആക്രമണങ്ങളും തനിക്ക് നേരിടാന്‍ കഴിയും. പക്ഷേ ഇത്തവണ തനിക്ക് ഒട്ടും താങ്ങാന്‍ കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight:  Neymar Jr revealed he had to seek for psychological help this season after the Santos match against Flemengo