| Friday, 2nd January 2026, 8:33 am

'പ്രിയപ്പെട്ട ഉമര്‍, നീ ഞങ്ങളുടെ എല്ലാവരുടെയും ചിന്തയിലുണ്ട്' ഖാലിദിന് കത്തയച്ച് മംദാനി

രാഗേന്ദു. പി.ആര്‍

ന്യൂയോര്‍ക്ക്: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന് കത്തെഴുതി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി. ഉമറിന്റെ സുഹൃത്തുക്കളാണ് മംദാനിയുടെ കത്ത് പുറത്തുവിട്ടത്. ‘നീ ഞങ്ങളുടെ എല്ലാവരുടെയും ചിന്തയിലുണ്ട്’ എന്നാണ് കത്തിലെ പ്രധാന വാചകം.

‘പ്രിയപ്പെട്ട ഉമര്‍, കയ്പ്പുറ്റ അനുഭവങ്ങളെ കുറിച്ചും അത് ഒരാളെ സ്വയം നശിപ്പിക്കപ്പെടാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കാണാനായതില്‍ സന്തോഷം,’ മംദാനി കത്തിലെഴുതി.

ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മുസ്‌ലിം മേയറാണ് മംദാനി. ഇന്നലെ (ജനുവരി ഒന്ന്)യായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഇതിനിടെ ഉമറിന്റെ സുഹൃത്തുക്കള്‍ സമൂഹ മാധ്യമങ്ങളില്‍ കത്ത് പങ്കുവെക്കുകയായിരുന്നു.

നേരത്തെ ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയിലും ഉമര്‍ ഖാലിദിനെ കുറിച്ച് മംദാനി പരാമര്‍ശിച്ചിരുന്നു. ജനാധിപത്യത്തെ കുറിച്ചുള്ള പരിപാടിയില്‍ മംദാനി ഉമറിന്റെ കുറിപ്പുകള്‍ വായിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലായിരുന്നു മംദാനിയുടെ പരാമര്‍ശം. ഉമര്‍ ഖാലിദിന്റെ ജയില്‍വാസം, കേസ്, വിചാരണ കൂടാതെയുള്ള തടവ് എന്നീ കാര്യങ്ങളെ കുറിച്ചാണ് മംദാനി അന്ന് സംസാരിച്ചത്.

ദല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ വിചാരണ പോലുമില്ലാതെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉമര്‍ ഖാലിദ് ജയിലിലാണ്. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ദല്‍ഹി പൊലീസിന്റെ ആരോപണം.

നവംബറില്‍ ദല്‍ഹി ഹൈക്കോടതി ഉമറിനെ ഇടക്കാല ജാമ്യത്തില്‍ വിട്ടിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ജാമ്യം. 2025 സെപ്റ്റംബര്‍ 15ന്, ഉമര്‍ ഖാലിദ് അറസ്റ്റിലായിട്ട് നാല് വര്‍ഷം പൂര്‍ത്തിയായിരുന്നു.

2020 സെപ്റ്റംബര്‍ 14നാണ് ഉമര്‍ ഖാലിദ് അറസ്റ്റിലായത്. ഉമറും സുഹൃത്തുക്കളും ചേര്‍ന്ന് ദല്‍ഹിയില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു എഫ്.ഐ.ആര്‍.

പിന്നീട് 2020 ജൂലൈയില്‍ ഉമറിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് അറസ്റ്റിലായ ഉമര്‍ വിചാരണ കൂടാതെയുള്ള തടവിലാണ് ഇപ്പോഴും കഴിയുന്നത്.

Content Highlight: Newyork mayor Zohran Mamdani wrote letter to Umar khalid

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more