ന്യൂയോര്‍ക്ക്: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന് കത്തെഴുതി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി. ഉമറിന്റെ സുഹൃത്തുക്കളാണ് മംദാനിയുടെ കത്ത് പുറത്തുവിട്ടത്. ‘നീ ഞങ്ങളുടെ എല്ലാവരുടെയും ചിന്തയിലുണ്ട്’ എന്നാണ് കത്തിലെ പ്രധാന വാചകം.
‘പ്രിയപ്പെട്ട ഉമര്‍, കയ്പ്പുറ്റ അനുഭവങ്ങളെ കുറിച്ചും അത് ഒരാളെ സ്വയം നശിപ്പിക്കപ്പെടാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കാണാനായതില്‍ സന്തോഷം,’ മംദാനി കത്തിലെഴുതി.
ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മുസ്‌ലിം മേയറാണ് മംദാനി. ഇന്നലെ (ജനുവരി ഒന്ന്)യായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഇതിനിടെ ഉമറിന്റെ സുഹൃത്തുക്കള്‍ സമൂഹ മാധ്യമങ്ങളില്‍ കത്ത് പങ്കുവെക്കുകയായിരുന്നു.
നേരത്തെ ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയിലും ഉമര്‍ ഖാലിദിനെ കുറിച്ച് മംദാനി പരാമര്‍ശിച്ചിരുന്നു. ജനാധിപത്യത്തെ കുറിച്ചുള്ള പരിപാടിയില്‍ മംദാനി ഉമറിന്റെ കുറിപ്പുകള്‍ വായിക്കുകയായിരുന്നു.