അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ഇസ്രഈല്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്ന രീതിയില്‍ നല്‍കിയ വാര്‍ത്ത പിന്‍വലിച്ച് ദി ടെലിഗ്രാഫ്.
രണ്ട് വര്‍ഷം മുമ്പുളള പ്രസംഗത്തിന്റെ ഭാഗമാണ് പുതിയവാര്‍ത്തയായി നല്‍കിയിരുന്നത്.
വാര്‍ത്തയ്ക്ക് ആധാരമായ വിഷയം പഴയതാണെന്ന് കാണിച്ച് ടെലഗ്രാഫ് എഡിറ്റര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
‘നേരത്തെ നമ്മള്‍ ലിബിയയില്‍ പ്രവേശിച്ചു. കാരാബാക്കിലും നമ്മള്‍ അത് ചെയ്തു. അത് പോലെ ഇസ്രഈലിലും നമുക്ക് കടന്നുചെല്ലാം. അത് ചെയ്യാതിരിക്കാന്‍ ഒരു കാരണവുമില്ല. ഇത്തരമൊരു നീക്കത്തിന് രാജ്യത്തിന്റെ കരുത്തും ഐക്യവും അനിവാര്യമാണ്,’ എര്‍ദോഗാന്‍ പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.
എന്നാല്‍ ഇത് 2024 ജൂലൈയില്‍ തുര്‍ക്കിയിലെ തീരദേശ നഗരമായ റൈസില്‍ നടന്ന പ്രദേശിക യോഗത്തില്‍ സംസാരിക്കവെയുള്ള പരാമര്‍ശങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോസ്റ്റിലെ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും പ്രാദേശിക സ്ഥിരതയെ ദുര്‍ബലപ്പെടുത്താനുളള ആഖ്യാനങ്ങളാണെന്നും പ്രസ്താവനയില്‍ പറയുന്നു.
‘സമാധാനത്തിനായുളള തുര്‍ക്കിയുടെ ശ്രമങ്ങളെയും മാനുഷിക നിലപാടുകളെയും വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന കൃത്രിമ ഉള്ളടക്കങ്ങള്‍ക്ക് വിശ്വാസ്യത നല്‍കരുത്. മുന്‍കാലങ്ങളിലെന്ന പോലെ തുര്‍ക്കി മേഖലയിലെ നീതിയുടെയും സമാധാനത്തിന്റെയും ശബ്ദമായി തുടരും,’ തുര്‍ക്കി സര്‍ക്കാര്‍ പറഞ്ഞു.
ജറുസലേം പോസ്റ്റ്, മാരിവ് തുടങ്ങി നിരവധി ഇസ്രഈല്‍ മാധ്യമങ്ങള്‍ ടെലഗ്രാഫ് വാര്‍ത്ത ഏറ്റെടുത്തിരുന്നു. ഇത് ഇസ്രഈലും തുര്‍ക്കിയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കി.
സ്വന്തം രാജ്യത്തെ കുര്‍ദ് വംശജരെ കൂട്ടക്കൊല ചെയ്യുന്ന എര്‍ദോഗാന്‍ തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു വിഷയത്തില്‍ ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.
ഇറാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തെ ഇസ്രഈല്‍ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു.
Content Highlight: News that Turkey would attack Israel was two years ago; Telegraph retracts
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.