തിരുത്തിയത് 42 വര്‍ഷത്തെ ചരിത്രം; സിംഹങ്ങളെ കൊത്തിപ്പറച്ച് കിവീസ് പക്ഷികള്‍
Cricket
തിരുത്തിയത് 42 വര്‍ഷത്തെ ചരിത്രം; സിംഹങ്ങളെ കൊത്തിപ്പറച്ച് കിവീസ് പക്ഷികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st November 2025, 3:36 pm

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് കിവീസ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 40.2 ഓവറില്‍ 222 എന്ന ചെറിയ സ്‌കോറിലാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 44.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും കിവീസ് പക്ഷികള്‍ക്ക് സാധിച്ചിരിക്കുകയാണ്. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര വൈറ്റ് വാഷ് ചെയ്യുന്നത്. മാത്രമല്ല തുടര്‍ച്ചയായ 10ാം തവണയാണ് ബ്ലാക് ക്യാപ്‌സ് ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. 2019ല്‍ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും പിന്നീട് ഒരു ഏകദിന പരമ്പരയിലും ന്യൂസിലാന്‍ഡ് പരാജയപ്പെട്ടിട്ടില്ല എന്നത് ആശ്ചര്യമാണ്. അതേസമയം ഇംഗ്ലണ്ടിന്റെ കാര്യത്തിരി പരിതാപകരമാണ്. 2023ന് ശേഷം 26 ഏകദിന മത്സരങ്ങളില്‍ 18 എണ്ണമാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.

അവസാന ഘട്ടത്തില്‍ സാക്കരി ഫോള്‍ക്‌സും ബ്ലെയര്‍ ടിക്‌നറും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പിനൊടുവിലാണ് കിവീസ് വിജയം കണ്ടത്. 24 പന്തില്‍ 14 റണ്‍സാണ് ഫോള്‍ക്‌സ് നേടിയത്. ടിക്‌നര്‍ 20 പന്തില്‍ 18 റണ്‍സും നേടി.

ന്യൂസിലാന്‍ഡിന് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ രചിന്‍ രവീന്ദ്രയാണ്. 37 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 46 റണ്‍സാണ് നേടിയത്. ഡാരില്‍ മിച്ചല്‍ 44 റണ്‍സും ഡെവോണ്‍ കോണ്‍വെ 34 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയ ജെയ്മി ഓവര്‍ട്ടണ്‍, സാം കരണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ബ്രൈഡന്‍ കാഴ്‌സ് ഒരു വിക്കറ്റും നേടി.

ഇംഗ്ലണ്ടിന് വേണ്ടി ജെയ്മി ഓവര്‍ട്ടണിന്റെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും തകര്‍ന്ന് തരിപ്പണമായപ്പോഴാണ് എട്ടാമനായി ജെയ്മി എത്തിയത്. തുടര്‍ന്ന് 62 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 68 റണ്‍സാണ് ജെയ്മി നേടിയത്.

താരത്തിന് പുറമെ വിക്കറ്റ് കീപ്പറും സൂപ്പര്‍ ബാറ്ററുമായ ജോസ് ബടലര്‍ 56 പന്തില്‍ 38 റണ്‍സും ഒമ്പതാമനായി ഉറങ്ങിയ ബ്രൈഡന്‍ കാഴ്‌സ് 36 റണ്‍സും നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. ജോ റൂട്ട് ഉള്‍പ്പെടെയുള്ള വലിയ താരങ്ങള്‍ക്ക് പോലും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

കിവീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ബ്ലെയര്‍ ടിക്‌നറാണ്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ജേക്കബ് ഡഫി മൂന്ന് വിക്കറ്റും സക്കറി ഫോള്‍ക്‌സ് രണ്ടും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും നേടി.

Content Highlight: New Zealand Won Against England In 3 match series