സിംബാബ്‌വേയ്‌ക്കെതിരെ ചരിത്ര വിജയവുമായി ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡിന്റെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്തിരിക്കുകയാണ് മിച്ചല്‍ സാന്റ്‌നറും സംഘവും. ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിന്റെയും 359 റണ്‍സിന്റെയും ചരിത്ര വിജയമാണ് ബ്ലാക് ക്യാപ്‌സ് സ്വന്തമാക്കിയത്.
സ്‌കോര്‍
സിംബാബ്‌വേ: 125& 117
ന്യൂസിലാന്‍ഡ്: 601/3d
ഈ വിജയത്തോടെ പല റെക്കോഡ് നേട്ടങ്ങളും ന്യൂസിലാന്‍ഡ് സ്വന്തമാക്കി. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത് വിജയമാര്‍ജിന്‍ എന്ന നേട്ടമാണ് കിവീസ് തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തത്. തങ്ങളുടെ ടെസ്റ്റ് ചരിത്രത്തില്‍ കിവീസിന്റെ ഏറ്റവും വലിയ വിജയവുമാണിത്.
(ടീം – എതിരാളികള്‍ – വിജയമാര്‍ജിന്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – ഇന്നിങ്‌സിനും 579 റണ്‍സിനും – ഓവല്‍ – 1938
ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക – ഇന്നിങ്‌സിനും 360 റണ്‍സിനും – ജോഹനാസ്‌ബെര്‍ഗ് – 2002
ന്യൂസിലാന്‍ഡ് – സിംബാബ്‌വേ – ഇന്നിങ്‌സിനും 359 റണ്‍സിനും – ബുലവായോ – 2025*
വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ – ഇന്നിങ്‌സിനും 336 റണ്‍സിനും – ഈഡന്‍ ഗാര്‍ഡന്‍സ് – 1958
ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – ഇന്നിങ്‌സിനും 332 റണ്‍സിനും – ബ്രിസ്‌ബെയ്ന്‍ – 1946
(എതിരാളികള്‍ – വിജയമാര്‍ജിന്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
സിംബാബ്‌വേ – ഇന്നിങ്‌സിനും 359 റണ്‍സിനും – ബുലവായോ – 2025*
സിംബാബ്‌വേ – ഇന്നിങ്‌സിനും 301 റണ്‍സിനും – നേപ്പിയര്‍ – 2012
സിംബാബ്‌വേ – ഇന്നിങ്‌സിനും 294 റണ്‍സിനും – ഹരാരെ – 2005
സൗത്ത് ആഫ്രിക്ക – ഇന്നിങ്‌സിനും 276 റണ്‍സിനും – ക്രൈസ്റ്റ്ചര്‍ച്ച് – 2022
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വേയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ വെറും 125 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 44 റണ്‍സ് നേടിയ ബ്രെന്‍ഡന്‍ ടെയ്‌ലറാണ് ടോപ്പ് സ്‌കോറര്‍. പുറത്താകാതെ 33 റണ്‍സ് നേടിയ തഫാദ്‌സ്വ സിഗയും 13 പന്തില്‍ 11 റണ്‍സ് വീതം നേടിയ ഷോണ്‍ വില്യംസ്, നിക്ക് വെല്‍ച്ച് എന്നിവര്‍ മാത്രമാണ് ഷെവ്‌റോണ്‍സ് നിരയില്‍ രണ്ടക്കം കണ്ടത്.
ഫൈഫറുമായി തിളങ്ങിയ മാറ്റ് ഹെന്‌റിയാണ് ഷെവ്‌റോണ്‍സിനെ തകര്‍ത്തെറിഞ്ഞത്. നാല് വിക്കറ്റുമായി സാക്രി ഫോള്‍ക്‌സും കരുത്ത് കാട്ടി. മാത്യു ഫിഷറാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ രചിന്‍ രവീന്ദ്ര, ഹെന്‌റി നിക്കോള്‍സ്, ഡെവോണ്‍ കോണ്‍വേ എന്നിവരുടെ കരുത്തില്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. രചിന്‍ പുറത്താകാതെ 165 റണ്‍സും നിക്കോള്‍സ് പുറത്താകാതെ 150 റണ്‍സും നേടി. 153 റണ്‍സാണ് കോണ്‍വേ സ്വന്തമാക്കിയത്. 74 റണ്‍സ് നേടിയ വില്‍ യങ്ങും കിവീസ് നിരയില്‍ കരുത്തായി.
ഒടുവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 601 എന്ന നിലയില്‍ നില്‍ക്കവെ കിവീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് വീണ്ടും പിഴച്ചു. നിക്ക് വെല്‍ച്ചും ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും മാത്രമാണ് രണ്ടക്കം കണ്ടത്. പുറത്താകാതെ 47 റണ്‍സ് നേടിയ വെല്‍ച്ചാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.
ആദ്യ ഇന്നിങ്‌സില്‍ ഫൈഫര്‍ മിസ്സായ ഫോള്‍ക്‌സ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മാറ്റ് ഹെന്‌റിയും ജേകബ് ഡഫിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള് മാത്യൂ ഫിഷര്‍ ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.
Content Highlight: New Zealand secured historic win against Zimbabwe