ട്രെന്റ് ബോള്‍ട്ടിനെ കരാറില്‍ നിന്നും ഒഴിവാക്കുന്നു
Sports News
ട്രെന്റ് ബോള്‍ട്ടിനെ കരാറില്‍ നിന്നും ഒഴിവാക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th August 2022, 9:54 am

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളായ ട്രെന്റ് ബോള്‍ട്ടിനെ ദേശീയ ടീമുമായുള്ള കരാറില്‍ നിന്നും ഒഴിവാക്കി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍.

ബോള്‍ട്ടിന്റെ തന്നെ അഭ്യര്‍ത്ഥന പ്രകാരമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്.

തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായാണ് ബോള്‍ട്ട് നിര്‍ണായകമായ ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഞങ്ങള്‍ ട്രെന്റിന്റെ തീരുമാനത്തെ മാനിക്കുന്നു. അദ്ദേഹം തന്റെ ആവശ്യത്തെ കുറിച്ച് പൂര്‍ണമായും സത്യസന്ധനായിരുന്നു.

ന്യൂസിലാന്‍ഡ് ടീമുമായി പൂര്‍ണമായും കരാറിലേര്‍പ്പെട്ട താരമെന്ന നിലയില്‍ അദ്ദേഹത്തെ ടീമിന് നഷ്ടപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ വിഷമമുണ്ടെങ്കിലും ഞങ്ങളുടെ എല്ലാ വിധ ആശംസകളും ആത്മാര്‍ത്ഥമായ നന്ദിയും പേറിക്കൊണ്ടാണ് അദ്ദേഹം പോകുന്നത്,’ ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ ചീഫ് എക്‌സിക്യുട്ടീവായ ഡേവിഡ് വൈറ്റ് പറഞ്ഞു.

‘2011 അവസാനത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബ്ലാക് ക്യാപ്‌സിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രെന്റ് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. നിലവില്‍ മള്‍ട്ടി ഫോര്‍മാറ്റ് ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ്. അവന്റെ നേട്ടങ്ങളില്‍ ഞങ്ങള്‍ ഏറെ അഭിമാനം കൊള്ളുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ തിരക്കുപിടിച്ച ഷെഡ്യൂളുകള്‍ക്ക് അവധി നല്‍കാനും ടി-20 ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുമാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നായിരുന്നു ബോള്‍ട്ട് പറഞ്ഞത്.

‘ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികവും കഠിനവുമായ തീരുമാനമാണ്. എന്നെ ഈ നിലയിലെത്തിക്കാന്‍ ക്രിക്കറ്റ് ന്യൂസിലന്‍ഡ് തന്ന പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയുന്നു.

രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അത് സാക്ഷാത്ക്കരിക്കാന്‍ എനിക്ക് സാധിച്ചു’ ബോള്‍ട്ട് പറഞ്ഞു.

നിലവില്‍ ഐ.സി.സിയുടെ ഏറ്റവും മികച്ച ഏകദിന ബൗളറായിരിക്കെ ആണ് താരത്തിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

2011ല്‍ ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ബോള്‍ട്ട് ബ്ലാക് ക്യാപ്‌സിനായി 78 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ നിന്നും 317 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.

3.00 എക്കോണമിയില്‍ പന്തെറിഞ്ഞ ബോള്‍ട്ട് നാല് വിക്കറ്റ് നേട്ടം 18 തവണയും അഞ്ച് വിക്കറ്റ് നേട്ടം പത്ത് തവണയും ടെസ്റ്റില്‍ നിന്നും നേടിയിട്ടുണ്ട്. 6/30 ആണ് ടെസ്റ്റിലെ മികച്ച ബൗളിങ് ഫിഗര്‍.

ന്യൂസിലാന്‍ഡിനായി 93 ഏകദിനത്തില്‍ നിന്നും 169 വിക്കറ്റുകളാണ് ഈ ഇടം കയ്യന്‍ പേസര്‍ സ്വന്തമാക്കിയത്. 4.99 ഒ.ഡി.ഐ എക്കോണമിയുള്ള ബോള്‍ട്ടിന്റെ ഏകദിനത്തിലെ ബെസ്റ്റ് ബൗളിങ് 7/34 ആണ്.

ന്യൂസിലാന്‍ഡിനായി 44 ടി-20യില്‍ നിന്നും 62 വിക്കറ്റ് നേടിയ ബോള്‍ട്ട് ഐ.പി.എല്ലിലെ 78 മത്സരത്തില്‍ നിന്നും 92 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

 

content highlight: New Zealand pacer Trent Boult has been released from his contract