ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ട്രൈ നേഷന്‍ സീരീസില്‍ ന്യൂസിലാന്‍ഡിന് വിജയം. ഫൈനലില്‍ ആതിഥേയരായ പാകിസ്ഥാനെ തകര്‍ത്താണ് മിച്ചല്‍ സാന്റ്‌നറും സംഘവും വിജയം പിടിച്ചടക്കിയത്.
കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയാണ് കിവീസ് സ്വന്തമാക്കിയത്. പരമ്പരയില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ബ്ലാക്ക് ക്യാപ്‌സ് കിരീടമണിഞ്ഞത്.
ന്യൂസിലാന്‍ഡിനായി വില്‍ ഒ റൂര്‍ക് നാല് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും മികച്ച പ്രകടനം പുറത്തെടുത്തു. പത്ത് ഓവര്‍ പന്തെറിഞ്ഞ് വെറും 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയാണ് സാന്റ്‌നര്‍ തിളങ്ങിയത്.
ക്യാപ്റ്റന് പുറമെ മൈക്കല്‍ ബ്രേസ്വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നഥാന്‍ സ്മിത്തും ജേകബ് ഡഫിയും ഓരോ വിക്കറ്റും നേടി.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ക്ക് തുടക്കത്തിലേ വില്‍ യങ്ങിനെ നഷ്ടമായി. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടി നില്‍ക്കവെയാണ് യങ്ങിനെ പാകിസ്ഥാന്‍ പുറത്താക്കിയത്.
എന്നാല്‍ വണ്‍ ഡൗണായെത്തിയ കെയ്ന്‍ വില്യംസണ്‍ ഡെവോണ്‍ കോണ്‍വേയ്‌ക്കൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്തി. ഒരു തരത്തിലുമുള്ള ധൃതിയും കാണിക്കാതെ ഇരുവരും സ്‌കോര്‍ ബാര്‍ഡ് ചലിപ്പിച്ചു.
ടീം സ്‌കോര്‍ 76ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി വില്യംസണ്‍ പുറത്തായി. 49 പന്തില്‍ 34 റണ്‍സാണ് താരം നേടിയത്. അധികം വൈകാതെ 74 പന്തില്‍ 48 റണ്‍സ് നേടി കോണ്‍വേയുടെ വിക്കറ്റും ടീമിന് നഷ്ടമായി.
പിന്നാലെയെത്തിയ ഡാരില്‍ മിച്ചലും (58 പന്തില്‍ 57), ടോം ലാഥവും (64 പന്തില്‍ 56) അര്‍ധ സെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു.
Daryl Mitchell brings up his second half century of the ODI Tri-Series – part of a crucial fifth-wicket partnership with Tom Latham 🤜🤛