207.14 സ്‌ട്രൈക്ക്റേറ്റിൽ പാകിസ്ഥാനെ അടിച്ചുതകർത്തു! വമ്പന്മാരില്ലാത്ത കിവീസിന്റെ പുതിയ രക്ഷകൻ
Cricket
207.14 സ്‌ട്രൈക്ക്റേറ്റിൽ പാകിസ്ഥാനെ അടിച്ചുതകർത്തു! വമ്പന്മാരില്ലാത്ത കിവീസിന്റെ പുതിയ രക്ഷകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2024, 9:19 am

പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കിവീസിന് തകര്‍പ്പന്‍ വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റുകള്‍ക്കാണ് ന്യൂസിലാന്‍ഡ് പരാജയപ്പെടുത്തിയത്.

റാവല്‍ പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്.

20 പന്തില്‍ 41 റണ്‍സ് നേടിയ ശതാബ് ഖാന്‍ ആണ് പാകിസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. നാല് ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരം നേടിയത്. നായകന്‍ ബാബര്‍ അസം 29 പന്തില്‍ 37 റണ്‍സും സലീം അയ്യൂബ് 22 പന്തില്‍ 32 റണ്‍സും ഇര്‍ഫാന്‍ ഖാന്‍ 20 പന്തില്‍ പുറത്താവാതെ 30 റണ്‍സും നേടി നിര്‍ണായകമായി.

ന്യൂസിലാന്‍ഡ് ബൗളിങ്ങില്‍ ഇഷ് സോധി രണ്ട് വിക്കറ്റും ക്യാപ്റ്റന്‍ മൈക്കിള്‍ ബ്രെസ് വെല്‍, ജേക്കബ് ഡുഫി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് 18.2 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 42 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്പ്മാന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ന്യൂസിലാന്‍ഡ് ജയിച്ചു കയറിയത്. ഒമ്പത് ഫോറുകളും നാല് കൂറ്റുന്‍ സിക്‌സുകളുമാണ് താരം അടിച്ചെടുത്തത്. 27.14 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു മാര്‍ക്ക് വീശിയത്.

ചാപ്പ്മാന് പുറമേ ഡീന്‍ ഫോക്‌സ്‌ക്രാഫ്റ്റ് 29 പന്തില്‍ 31 റണ്‍സും ടീം റോബിന്‍സണ്‍ 19 പന്തില്‍ 28 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1 എന്ന നിലയില്‍ സമനിലയാക്കാനും ന്യൂസിലാന്‍ഡിന് സാധിച്ചു. ഏപ്രില്‍ 25നാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്. ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.

Content Highlight: New zealand beat Pakisthan in T20