ലാ ലിഗയുടെ പുതിയ സീസണ് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സ്പാനിഷ് ഫുട്‌ബോളിന്റെ പുതിയ സീസണിന് തുടക്കമാകുന്നത്. സീസണിലെ ഓപ്പണിങ് മാച്ചില്‍ റയോ വല്ലോകാനോ ജിറോണയെ നേരിടും. ജിറോണയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡി മോണ്ടിലിവിയാണ് വേദി.
നിലവിലെ ലാ ലിഗ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ നാളെയാണ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. എസ്റ്റാഡി മയ്യോര്‍ക സോണ്‍ മോയ്ക്‌സില്‍ നടക്കുന്ന മത്സരത്തില്‍ ഹോം സൈഡായ മയ്യോര്‍കയാണ് എതിരാളികള്‍.
ഓഗസ്റ്റ് 20നാണ് റയല്‍ മാഡ്രിഡ് ആദ്യ ലാ ലിഗ മത്സരത്തിനിറങ്ങുന്നത്. ഒസാസുനയാണ് എതിരാളികള്‍.
പുതിയ സീസണില്‍ സെഗുണ്ട ഡിവിഷനില്‍ നിന്നും പ്രോമോഷന്‍ ലഭിച്ച ലെവന്റെ, എല്‍ച്ചെ, ഒവീഡോ എന്നിവര്‍ സ്‌പെയ്‌നിലെ ടോപ്പ് ടയര്‍ ലീഗില്‍ കളിക്കും. ലെഗാനെസ്, ലാസ് പാല്‍മാസ്, വല്ലാഡോയ്ഡ് എന്നിവരാണ് റെലഗേറ്റ് ചെയ്യപ്പെട്ട ടീമുകള്‍.
ലാ ലിഗയില്‍ പുതിയ സീസണിനുള്ള ആദ്യ വിസില്‍ മുഴങ്ങി മണിക്കൂറുകള്‍ക്കകം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിനും പന്തുരുളും. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് സൂപ്പര്‍ ടീം ബോണ്‍മൗത്താണ് എതിരാളികള്‍. റെഡ്‌സിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡാണ് വേദി.
നാളെ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍ എന്നിവരും തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നുണ്ട്.
ഏറെ കാലത്തിന് ശേഷം സണ്ടര്‍ലാന്‍ഡിന്റെ പ്രിമിയര്‍ ലീഗിലേക്കുള്ള മടങ്ങിവരവിന് കൂടിയാണ് ആരാധകര്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. സണ്ടര്‍ലാന്‍ഡിനൊപ്പം ലീഡ്‌സ് യുണൈറ്റഡും ബേണ്‍ലിയുമാണ് പ്രൊമോഷന്‍ ലഭിച്ച ടീമുകള്‍.
ബേണ്‍ലി | സണ്ടര്‍ലാന്‍ഡ് | ലീഡ്‌സ് യുണൈറ്റഡ്
മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി, ഇപ്‌സ്വിച്ച് ടൗണ്‍, സതാംപ്ടണ്‍ എന്നിവര്‍ റെലഗേറ്റ് ചെയ്യപ്പെട്ടു.