തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ജന നായകന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. വിജയ്‌യുടെ അവസാന ചിത്രം എന്ന പറയപ്പെടുന്ന ജന നായകന്‍ വന്‍ ഹൈപ്പിലാണ് ഒരുങ്ങുന്നത്. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ്ലൈനോടെയെത്തുന്ന ചിത്രം ആരാധകര്‍ ആഘോഷമാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോള്‍ ചിത്രത്തിന്റേതായി വന്ന പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. വിജയ്‌യുടെ കൂടെ ബോളിവുഡ് താരം ബോബി ഡിയോള്‍ കൈ കൊടുത്ത് നില്‍ക്കുന്നതാണ് പോസ്റ്ററില്‍ കാണുന്നത്. ഒരേസമയം ആകാംക്ഷയും ആവേശവും നിറക്കുന്ന പോസ്റ്റര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ലോഞ്ചിങ് പരിപാടി വലിയ രീതിയില്‍ വൈറലായിരുന്നു. ഇത്തവണ മലേഷ്യയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അരങ്ങേറിയത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് മലേഷ്യന്‍ മണ്ണിലേക്കെത്തുന്നത്. കുരുവി എന്ന ചിത്രത്തിന്റെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് മലേഷ്യയിലായിരുന്നു.
അതേസമയം തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്‍ 450 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഇതില്‍ വിജയ്യുടെ പ്രതിഫലം മാത്രം 275 കോടിയാണ്. പ്രീ റിലീസ് ബിസിനസിലൂടെ 300 കോടിയോളം ചിത്രം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍.
സിനിമയില്‍ പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, നരേന്‍ തുടങ്ങി വന്‍താര തന്നെയുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൊങ്കല്‍ റിലീസായി ജനുവരി 9ന് ചിത്രം തിയേറ്ററുകളിലെത്തും. അതേസമയം ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന പരാശക്തി തൊട്ടടുത്ത ദിവസം റിലീസിനെത്തുന്നുണ്ട്.
Content Highlight: New poster of Vijay’s film Jana Nayakan released