സമീപകാല സിനിമാ ചരിത്രത്തില്‍ ജന നായകനോളം പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം മറ്റൊന്നുണ്ടാവില്ല. സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന തമിഴിന്റെ ദളപതി വിജയ്‌യുടെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകര്‍ ചിത്രത്തെ നോക്കികണ്ടത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ടില്‍ ജനുവരി 9 ന് പൊങ്കല്‍ റിലീസായെത്തേണ്ടിയിരുന്ന ചിത്രം ഇപ്പോഴും വെളിച്ചം കാണാതെ പെട്ടിയില്‍ കിടക്കുന്ന ദയനീയമായ സാഹചര്യമാണ് ജന നായകന് നേരിടേണ്ടി വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം കനേഡിയന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ യോര്‍ക്ക് സിനിമാസ് ജന നായകന്‍ ഏപ്രില്‍ 30 ന് മുമ്പ് റിലീസിനെത്തില്ലെന്ന് അറിയിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് ഇനിയും നീണ്ടേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം ഇവിടെ മലയാള സിനിമയില്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന രാജേഷ് മാധവന്‍ സംവിധാനം ചെയ്ത ചിത്രം പെണ്ണും പൊറാട്ടും സിനിമയുടെ പുതിയ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
തിയേറ്ററിലെത്താത്ത ജന നായകനെ അനുസ്മരിപ്പിക്കും വിധം ജന’നായ’കന്‍ തിയേറ്ററില്‍ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. തലക്കെട്ടില്‍ ജനനായകനിലെ നായ എന്ന രണ്ടക്ഷരം ചുവപ്പ് നിറത്തില്‍ എഴുതിയതും കാണാന്‍ സാധിക്കും. പെണ്ണും പൊറാട്ടിലെ കേന്ദ്രകഥാപാത്രമായ സുട്ടു എന്ന നായയെ ഉദ്ദേശിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഇത്തരത്തിലൊരു പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
പെണ്ണും പൊറാട്ടും. Photo: Kerala box office/ x.com
കൈയുയര്‍ത്തി കാണിക്കുന്ന ഒരുപാട് ആരാധകര്‍ക്ക് മുമ്പില്‍ നില്‍ക്കുന്ന സുട്ടുവായി വേഷമിട്ട ഡാല്‍മേഷന്‍ ഇനത്തില്‍ പെട്ട നായയെയും പോസ്റ്ററില്‍ കാണാന്‍ സാധിക്കും. കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റര്‍ ഇതിനോടകം തന്നെ സിനിമാ ഗ്രൂപ്പുകളിലും പേജുകളിലും ചര്‍ച്ചയായിട്ടുണ്ട്.
ന്നാ താന്‍ കേസ് കൊട്, മഹേഷിന്റെ പ്രതികാരം, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, മരണമാസ് തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളുടെ ഭാഗമായ രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരഭമാണ് പെണ്ണും പൊറാട്ടും. സന്തോഷ് കുരുവിളയും ബിനു ജോര്‍ജ് അലക്‌സാണ്ടറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നൂറോളം പുതുമുഖങ്ങളും നാനൂറോളം മൃഗങ്ങളും വേഷമിടുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്.
Content Highlight: New poster of malayalam movie Pennum Porattum reminds of Jana Nayagan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.