സിനിമാ പ്രേമികള്‍ക്ക് പുതുവത്സരം ഒ.ടി.ടി.യില്‍ ആഘോഷിക്കാം. ന്യൂ ഇയറിന് ഗംഭീര വിരുന്നൊരുക്കി വരും ദിവങ്ങളില്‍ ആറ് മലയാള സിനിമകളാണ് ഒ.ടി.ടി റിലീസിനെത്തുന്നത്. നിരൂപക പ്രശംസ ഏറെ നേടി മലയാള സിനിമയുടെ യശസ് ഉയര്‍ത്തിയ എക്കോ മുതല്‍ തിയേറ്ററിനെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടി ചിത്രം കളങ്കാവല്‍ വരെ ഒ.ടി.ടിയില്‍ എത്തുന്നുണ്ട്.
ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ ഡിസംബര്‍ 31നാണ് (നാളെ)ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തും.
സന്ദീപ് പ്രദീപ്, നരേന്‍, സൗരഭ് സച്ച്‌ദേവ, ബിയാനോ മോമിന്‍, വിനീത് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ എക്കോ ബോക്‌സ് ഓഫീസില്‍ 50 കോടി നേടിയിരുന്നു. കേരളത്തിന് പുറത്തും നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ഒ.ടി.ടിയിലും ആരാധകരെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ
ഇത്തിരി നേരം
ഇത്തിരി നേരം Screengrab/youtube.com
പ്രശാന്ത് വിജയന്റെ സംവിധാനത്തില്‍ റോഷന് മാത്യുവും സെറിന്‍ ശിഹാബും പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ഇത്തിരി നേരം. മികച്ച പ്രതികരണങ്ങള്‍ നേടിയെങ്കിലും ചിത്രം തിയേറ്റര്‍ സക്‌സസ് ആയിരുന്നില്ല. ഡിസംബര്‍ 31ന് ഇത്തിരി നേരം സണ്‍ നെക്സ്റ്റില്‍ സ്ട്രീമിങ് ആരംഭിക്കും.
കളങ്കാവല്‍
കളങ്കാവല്‍/ Theatrical poster
ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ കളങ്കാവല്‍ ജനുവരിയില്‍ ഒ.ടി.ടിയില്‍ എത്തും. റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തില്ലെങ്കിലും ചിത്രം സോണി ലിവിലൂടെ ജനുവരിയില്‍ സ്ട്രീമിങ് ആരംഭിക്കും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്. വിനായകന്‍ നായകനും മമ്മൂട്ടി പ്രതിനായകനുമായെത്തിയ ചിത്രം തിയേറ്ററുകളില്‍ കയ്യടി നേടിയിരുന്നു.
വിലായത്ത് ബുദ്ധ
പൃഥ്വിരാജിനെ നാകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രമാണ് വിലായത്ത് ബുദ്ധ. ജി.ആര്‍. ഇന്ദുഗോപന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയെത്തിയ ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. സിനിമ ജനുവരിയില്‍ ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ പൃഥ്വിരാജിന് പുറമെ ഷമ്മി തിലകനും പ്രധാനവേഷത്തിലെത്തിയിരുന്നു.
ബള്‍ട്ടി
ഷെയ്ന്‍ നിഗമിനെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബള്‍ട്ടി ജനുവരിയില്‍ ആമസോണിലൂടെ സ്ട്രീമിങ് ആരംഭിക്കും. തിയേറ്റില്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കാന്‍ ബള്‍ട്ടിക്ക് കഴിഞ്ഞിരുന്നു. സ്‌പോര്‍ട്‌സ് സിനിമയായി ഒരുങ്ങിയ ബള്‍ട്ടി നിര്‍മിച്ചത് സന്തോഷ് ടി. കുരുവിളയാണ്.
പാതിരാത്രി
റത്തീനയുടെ സംവിധാനത്തില്‍ നവ്യ നായരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളിലെത്തിയ പാതിരാത്രി ജനുവരിയില്‍ മനോരമ മാക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ പാതിരാത്രിയില്‍ നവ്യ പൊലീസ് വേഷത്തിലാണ് എത്തിയത്. പുഴുവിന് ശേഷം രത്തീന സംവിധാനം ചെയ്ത ചിത്രമാണ് പാതിരാത്രി.
Content Highlight: New ott release Eko, Ithiri Neram, Kalankaval, Balti OTT releases are coming