നെതന്യാഹുവിനേക്കാള്‍ തീവ്ര വലതുപക്ഷക്കാരന്‍; ഇസ്രാഈലിന്റെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആരാണ്?
World News
നെതന്യാഹുവിനേക്കാള്‍ തീവ്ര വലതുപക്ഷക്കാരന്‍; ഇസ്രാഈലിന്റെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആരാണ്?
അന്ന കീർത്തി ജോർജ്
Monday, 14th June 2021, 6:33 pm

12 വര്‍ഷത്തെ നെതന്യാഹു ഭരണം അവസാനിപ്പിച്ചെത്തുന്ന പുതിയ കൂട്ടകക്ഷി സര്‍ക്കാരിന്റെ ഭാഗമായി ഇസ്രാഈലിന്റെ അടുത്ത പ്രധാനമന്ത്രിയാകുകയാണ് നഫ്താലി ബെന്നറ്റ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇസ്രാഈലിന്റെ അധികാര ഇടനാഴികളിലെ നിറസാന്നിധ്യമായിരുന്ന നഫ്താലി ബെന്നറ്റ് പരമ പ്രധാനമായ അധികാര പദവിയിലേക്കെത്തുമ്പോള്‍ ഇനിയുണ്ടാകുന്ന മാറ്റമെന്താകുമെന്ന് ഇസ്രാഈല്‍ ജനത മാത്രമല്ല, ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്.

ടെക്നോളജി രംഗത്തെ അതിസമ്പന്ന വ്യവസായിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ നാല്‍പത്തൊന്‍പതുകാരന്‍ നഫ്താലി ബെന്നറ്റ് ആരാണ് ? എന്താണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം? 120 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഏഴ് സീറ്റുകള്‍ മാത്രം നേടിയ യമീന പാര്‍ട്ടിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതെങ്ങനെ ?

നെതന്യാഹുവിനേക്കാള്‍ തീവ്ര വലതുപക്ഷ നിലപാടുകളുള്ളയാളെന്ന് സ്വയം അവകാശപ്പെടുക കൂടി ചെയ്യുന്ന നഫ്താലി ബെന്നറ്റ് ഇസ്രാഈലിന്റെ തലപ്പത്ത് വരുമ്പോള്‍ ഫലസ്തീനെ കാത്തിരിക്കുന്നതെന്താകും?

അമേരിക്കയില്‍ നിന്നുമെത്തിയ ജൂത മാതാപിതാക്കളുടെ മകനായ നഫ്താലി ബെന്നറ്റ് ഇസ്രാഈലി മിലിട്ടറിയില്‍ കമാന്‍ഡര്‍ സ്ഥാനം വഹിച്ചയാളാണ്. പിന്നീട് ടെക്നോളജി രംഗത്ത് സംരംഭകനായ അദ്ദേഹം ക്യോട്ട ഇന്‍ക്. എന്ന പേയ്മെന്റ് സെക്യുരിറ്റി കമ്പനി സ്ഥാപിച്ചു. 145 മില്യണ്‍ ഡോളറിനാണ് ഈ കമ്പനിയെ ആര്‍.എസ്.എ. സെക്യൂരിറ്റി എല്‍.എല്‍.സി വാങ്ങിയത്.

2006 മുതല്‍ 2008 വരെ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു ബെന്നറ്റ്. അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ നെതന്യാഹുവുമായി പിരിഞ്ഞ്, ജ്യൂയിഷ് സെറ്റിലേഴസ് കൗണ്‍സിലിന്റെ നേതൃസ്ഥാനത്തേക്ക് ബെന്നറ്റ് നീങ്ങി. 2012ല്‍ സജീവ രാഷ്ട്രീയത്തിലേക്കിയ ബെന്നറ്റ് മതകാര്യം, വിദ്യാഭ്യാസം, പ്രതിരോധം, ധനകാര്യം, ആഭ്യന്തരം എന്നീ വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നു.

പിന്നീട് 2019ലാണ് ബെന്നറ്റ് പാര്‍ട്ടി രൂപീകരിക്കുന്നത്. നെതന്യാഹുവിനേക്കാള്‍ തീവ്ര വലതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്നവരാണ് നഫ്താലി ബെന്നറ്റും അദ്ദേഹത്തിന്റെ യമീന പാര്‍ട്ടിയും. ഫലസ്തീനെ ഒരു തരത്തിലും അംഗീകരിക്കാത്ത ഒരു ജൂത മത സംഘടന കൂടിയാണ് യമീന. ഫലസ്തീന്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സംഘടനയായി മാറിക്കഴിഞ്ഞുവെന്നാണ് ബെന്നറ്റ് ഒരിക്കല്‍ പറഞ്ഞത്.

ഇസ്രാഈലും ഫലസ്തീനും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി നിലനില്‍ക്കുക എന്ന ടു സ്റ്റേറ്റ് തിയറി അംഗീകരിക്കാത്ത ബെന്നറ്റ് ഫലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്നത്, ഇസ്രാഈല്‍ ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണെന്നാണ് പറഞ്ഞത്. ലോകം മുഴുവന്‍ സമ്മര്‍ദ്ദം ചെലുത്തിയാലും തങ്ങള്‍ ആത്മഹത്യയിലേക്ക് നീങ്ങില്ലെന്നും ബെന്നറ്റ് പറഞ്ഞിരുന്നു.

1967ലെ യുദ്ധത്തിലൂടെ ഇസ്രാഈല്‍ അധിനിവേശം നടത്തിയ വെസ്റ്റ് ബാങ്കിലെ ഭാഗങ്ങള്‍ ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ക്കണമെന്നാണ് ബെന്നറ്റിന്റെ നയം. നേരത്തെ ബെന്നറ്റിന്റെ നിര്‍ദേശ പ്രകാരം കൂടിയാണ് നെതന്യാഹു വെസ്റ്റ് ബാങ്ക് അനക്സേഷന്‍ ആരംഭിക്കുന്നത്.

ബെന്നറ്റിന്റെ ഏറ്റവും വിവാദമായ പ്രസ്താവനകളിലൊന്നുണ്ടായത് 2013ലാണ്. തീവ്രവാദികളെ വിചാരണക്കൊന്നും കാത്തുനില്‍ക്കാതെ കൊന്നുകളയണമെന്നായിരുന്നു ബെന്നറ്റ് പറഞ്ഞത്. പ്രസ്താവന വിവാദമായപ്പോള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ തയ്യാറാകാതിരുന്ന ബെന്നറ്റ്, കുറെ അറബികളെ താന്‍ ഈ കൈ കൊണ്ട് കൊന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

ഇസ്രാഈല്‍ ജയിലുകളില്‍ കഴിഞ്ഞിരുന്ന 104 ഫലസ്തീനികളെ മോചിതരാക്കിയ നടപടിയില്‍ എതിര്‍പ്പറിയിച്ചുകൊണ്ട് പാര്‍ലമെന്റില്‍ സംസാരിക്കുമ്പോഴാണ് ബെന്നറ്റ് ഈ പ്രസ്താവന നടത്തിയത്.

ഇനി, പ്രധാനമന്ത്രി പദത്തിലേക്ക് ബെന്നറ്റ് എത്തിയതെങ്ങനെയെന്ന് നോക്കാം, 2019 ഏപ്രില്‍ മുതല്‍ ഇസ്രാഈലില്‍ നാല് തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഏറ്റവുമൊടുവില്‍ മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് മാത്രമാണ് യമീന പാര്‍ട്ടിക്ക് നേടാനായതെങ്കിലും, ആകെയുള്ള 120 സീറ്റുകള്‍ 13 പാര്‍ട്ടികളിലായി വിഭജിച്ചു കിടക്കുകയായിരുന്നതിനാല്‍ ബെന്നറ്റിന് അധികാരം പിടിച്ചെടുക്കാന്‍ സാധ്യത തെളിയുകയായിരുന്നു.

പ്രതിപക്ഷ നേതാവായ യെര്‍ ലാപ്പിഡിന്റെ നേതൃത്വത്തില്‍ വരുന്ന കൂട്ടുകക്ഷി സര്‍ക്കാരില്‍ ആദ്യ രണ്ട് വര്‍ഷമായിരിക്കും ബെന്നറ്റ് പ്രധാനമന്ത്രിയാകുക. 2023ല്‍ യെര്‍ ലാപ്പിഡ് ഇസ്രാഈലിന്റെ നേതൃത്വത്തിലേക്ക് വരും.

തീവ്രമതവാദികളും മതേതരവാദികളും വലതുപക്ഷവും ഇടതുപക്ഷവുമെല്ലാം ചേര്‍ന്ന, സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുകയും അതിശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന എട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് നെതന്യാഹുവിനെ പുറത്താക്കി ഇസ്രാഈലില്‍ അധികാരത്തിലെത്തുന്നത്.

നിലവില്‍ നെതന്യാഹുവിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്ത ചേരികളിലുള്ളവര്‍ അണിനിരക്കുന്ന കൂട്ടുകക്ഷി സര്‍ക്കാരിന് പാര്‍ലമെന്റില്‍ കൃത്യം 61 അംഗങ്ങളുടെ പിന്തുണയാണുള്ളത്.

വരും വര്‍ഷങ്ങളില്‍ ഏതെങ്കിലും പാര്‍ട്ടിയുമായി ഭിന്നപ്പുണ്ടായാല്‍ അധികാരത്തില്‍ നിന്നും പുറത്താകാനുള്ള സാധ്യതയുള്ളതിനാല്‍ ബെന്നറ്റ് തന്റെ തീവ്രനിലപാടുകള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കില്ലെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം.

മാത്രമല്ല, കൊറോണക്ക് ശേഷം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന പൊതുലക്ഷ്യം മുന്‍നിര്‍ത്തി കൂടിയാണ് ഈ പാര്‍ട്ടികള്‍ ഒന്നിച്ചുവന്നിരിക്കുന്നതും. അതിനാല്‍ ഫലസ്തീനെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിലേക്ക് ബെന്നറ്റിന് അത്ര എളുപ്പത്തില്‍ നീങ്ങാനാകില്ല.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.