ഈ നാണംകെട്ട തോല്‍വി കാണാന്‍ വയ്യ; കളി കഴിയും മുമ്പേ ആരാധകരും കൈവിട്ടു
icc world cup
ഈ നാണംകെട്ട തോല്‍വി കാണാന്‍ വയ്യ; കളി കഴിയും മുമ്പേ ആരാധകരും കൈവിട്ടു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th October 2023, 9:44 pm

 

തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വിയാണ് ബംഗ്ലാദേശ് നേടിയിരിക്കുന്നത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഇരുട്ടില്‍ തപ്പിയ ബംഗ്ലാദേശ് ഒടുവില്‍ ഡച്ച് പോരാട്ട വീര്യത്തിന് മുമ്പില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. 87 റണ്‍സിന്റെ തോല്‍വിയാണ് ബംഗ്ലാ കടുവകള്‍ നെതര്‍ലന്‍ഡ്‌സിനോട് ഏറ്റുവാങ്ങിയിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ 229 റണ്‍സ് നേടി. ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഡച്ച് പട പൊരുതാവുന്ന സ്‌കോറിലേക്കുയര്‍ന്നത്.

സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ വീണ നെതര്‍ലന്‍ഡ്‌സ് തകര്‍ച്ച മുമ്പില്‍ കണ്ടെങ്കിലും മൂന്നാം നമ്പറില്‍ ഇറങ്ങിയ വെസ്‌ലി ബെറാസി ടീമിനെ താങ്ങിനിര്‍ത്തി. മൂന്നാം വിക്കറ്റില്‍ കോളിന്‍ അക്കര്‍മാനെ കൂട്ടുപിടിച്ച് 59 റണ്‍സാണ് ബെറാസി കൂട്ടിച്ചേര്‍ത്തത്.

ടീം സ്‌കോര്‍ 63ല്‍ നില്‍ക്കവെ 41 പന്തില്‍ 41 റണ്‍സ് നേടിയ ബെറാസിയെ പുറത്താക്കി മുസ്തഫിസുര്‍ റഹ്‌മാന്‍ ബംഗ്ലാദേശിന് ബ്രേക് ത്രൂ നല്‍കി. കൃത്യം ആറ് പന്തുകള്‍ക്ക് ശേഷം കോളിന്‍ അക്കര്‍മാനും പുറത്തായി.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് ടീമിനെ താങ്ങി നിര്‍ത്താനുള്ള ചുമതല ഒരിക്കല്‍ക്കൂടി ഏറ്റെടുത്തു. 89 പന്തില്‍ ആറ് ബൗണ്ടറിയടക്കം 68 റണ്‍സാണ് താരം നേടിയത്.

ഇതിന് പുറമെ കഴിഞ്ഞ മത്സരത്തില്‍ ഡച്ച് ഇന്നിങ്‌സില്‍ നിര്‍മായകമായ സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടും അവസരത്തിനൊത്തുള്ള പ്രകടനം പുറത്തെടുത്തു. 61 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്‌മാന്‍, താസ്‌കിന്‍ അഹമ്മദ്, ഷോരിഫുള്‍ ഇസ്‌ലാം, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലിട്ടണ്‍ ദാസിനെ കടുവകള്‍ക്ക് തുടക്കത്തിലേ നഷ്ടമായി. 12 പന്തില്‍ മൂന്ന് റണ്‍സ് നേടിയാണ് ദാസ് പുറത്തായത്. തന്‍സിദ് ഹസനും മെഹ്ദി ഹസനും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഡച്ച് ബൗളര്‍മാര്‍ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തും മുമ്പേ ഇരുവരെയും പുറത്താക്കി.

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹീം എന്നിവര്‍ ഒറ്റയക്കത്തിന് പുറത്തായപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിന്റെ നെടുംതൂണായ മഹ്‌മദുള്ളക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ നെതര്‍ലന്‍ഡ്‌സ് ഒടുവില്‍ 43ാം ഓവറിലെ രണ്ടാം പന്തില്‍ ബംഗ്ലാദേശിനെ ഓള്‍ ഔട്ടാക്കുകയായിരുന്നു.

നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ മീകരെന്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബാസ് ഡി ലീഡ് രണ്ട് വിക്കറ്റും വീഴ്ത്തി. ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക്, കോളിന്‍ അക്കര്‍മാന്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

മത്സരത്തിലെ മോശം പ്രകടനത്തിനില്‍ ബംഗ്ലാ ആരാധകര്‍ നിരാശ പരസ്യമായി വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് ടീമിനെ ഏതുതരത്തിലും പിന്തുണയ്ക്കുന്ന ആരാധകര്‍ക്ക് ഈ മോശം പ്രകടനം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

മത്സരത്തിന് മുമ്പേ സ്റ്റേഡിയത്തില്‍ നിന്നും ഇറങ്ങിപ്പോയാണ് ആരാധകര്‍ തങ്ങളുടെ അതൃപ്തി വ്യക്തമാക്കിയത്. ബംഗ്ലാദേശിന് തൊട്ടടുത്തുള്ള ഈഡന്‍ ഗാര്‍ഡന്‍സ് ഒരര്‍ത്ഥത്തില്‍ ബംഗ്ലാദേശിന് ഹോം സ്‌റ്റേഡിയം എന്ന പ്രതീതി പോലും നല്‍കിയിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ പോയതോടെ ടീമിന്റെ തോല്‍വി കാണാന്‍ നില്‍ക്കാതെ അവര്‍ സ്‌റ്റേഡിയം വിടുകയായിരുന്നു.

ആറ് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റുമായി ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്താണ്. നാല് പോയിന്റുമായി നെതര്‍ലന്‍ഡ്‌സ് എട്ടാമതാണ്.

ഒക്ടോബര്‍ 31നാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

 

Content highlight: Netherlands defeated Bangladesh