അറസ്റ്റ് ഭീതി ദാവോസ് ഉച്ചകോടിയില്‍ നിന്ന് നെതന്യാഹു വിട്ടുനിന്നു അറസ്റ്റ് ഭീതി; ദാവോസ് ഉച്ചകോടിയില്‍ നിന്ന് നെതന്യാഹു വിട്ടുനിന്നു
World
അറസ്റ്റ് ഭീതി ദാവോസ് ഉച്ചകോടിയില്‍ നിന്ന് നെതന്യാഹു വിട്ടുനിന്നു അറസ്റ്റ് ഭീതി; ദാവോസ് ഉച്ചകോടിയില്‍ നിന്ന് നെതന്യാഹു വിട്ടുനിന്നു
യെലന കെ.വി
Saturday, 24th January 2026, 3:11 pm

ദാവോസ്: രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാതെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്വിറ്റ്സര്‍ലന്‍ഡില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു..


നെതന്യാഹുവിന് പകരം ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഗസയില്‍ നടക്കുന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയുടെ പേരിലാണ് നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ 2024-ല്‍ ഐ.സി.സി വാറന്റ് പുറപ്പെടുവിച്ചത്.

അറസ്റ്റിന് കാരണമായേക്കാവുന്ന ഐ.സി.സി രൂപീകരണത്തിന് അടിസ്ഥാനമായ റോം ചട്ടത്തില്‍ ഒപ്പുവെച്ച 125 രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഇത്തരം രാജ്യങ്ങളില്‍ വാറന്റ് നിലനില്‍ക്കുന്ന വ്യക്തികള്‍ എത്തിയാല്‍ അവരെ അറസ്റ്റ് ചെയ്ത് കോടതിക്ക് കൈമാറാന്‍ ആ രാജ്യങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. അറസ്റ്റ് ചെയ്യുമെന്ന ഭീതി കാരണമാണ് നെതന്യാഹു ചടങ്ങില്‍ നിന്ന് വിട്ടു നിന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വാറന്റുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അവ നീക്കം ചെയ്യണമെന്നും ഇസ്രഈല്‍ പ്രസിഡന്റ് ഉച്ചകോടിക്കിടെ ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്കുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

2023 ഒക്ടോബറില്‍ ആരംഭിച്ചഇസ്രഈല്‍ ആക്രമണത്തില്‍ ഇതുവരെ 71,000-ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ആക്രമണം, പട്ടിണി മരണങ്ങളിലേക്ക് തള്ളിവിടുക തുടങ്ങിയ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ഐ.സി.സി ചുമത്തിയിരിക്കുന്നത്.

content highlight: Netanyahu skipped Davos amid arrest fears: Reports

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.