നെതന്യാഹുവിന്റെ മകനെ അമേരിക്കയില്‍ നിന്ന് പുറത്താക്കണം; യുദ്ധത്തിന് അയക്കണം: ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്
World
നെതന്യാഹുവിന്റെ മകനെ അമേരിക്കയില്‍ നിന്ന് പുറത്താക്കണം; യുദ്ധത്തിന് അയക്കണം: ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്
നിഷാന. വി.വി
Wednesday, 1st April 2026, 5:36 pm

വാഷിങ്ടണ്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയര്‍ നെതന്യാഹുവിനെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍.

ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക സംയുക്ത ആക്രമണം തുടരുന്നതിനിടെയാണ് ബാനന്റെ പരാമര്‍ശം. യെയര്‍ നെതന്യാഹുവിനെ യുദ്ധത്തില്‍ പോരാടാന്‍ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി അനഡോലു റിപ്പോര്‍ട്ട് ചെയ്തു.

ഇറാനെതിരായ യു.എസ് ഇസ്രഈല്‍ ആക്രമണം നടക്കുമ്പോള്‍ യെയര്‍ എന്തിനാണ് അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

വലതുപക്ഷ സ്ട്രീമിങ് സര്‍വീസായ ‘റിയല്‍ അമേരിക്കാസ് വോയിസ്’ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നെതന്യാഹുവിന്റെ കുട്ടി മിയാമിയില്‍ ഉണ്ട്. നാളെ അവനെ പുറത്താക്കണം. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് നടപടിയെടുക്കണം. അവന് ഒരു യൂണിഫോം കൊടുക്കുക. നമുക്ക് അവനെ ആദ്യ ഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്താം,’ ബാനന്‍ പറഞ്ഞു.

അമേരിക്കയുമായി സഖ്യമുണ്ടാക്കിയ ഗള്‍ഫ് രാജ്യങ്ങളിലെ രാജകുമാരന്മാര്‍ക്കെതിരെയും ബാനന്‍ തന്റെ വിമര്‍ശനം ഉന്നയിച്ചു.

ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ നിന്ന് അവരെയും പുറത്താക്കണമെന്നും അമേരിക്ക കരസേനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അവരെ ഗള്‍ഫിലേക്ക് യുദ്ധം ചെയ്യാന്‍ അയയ്ക്കണമെന്നും ബാനന്‍ വാദിച്ചു.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മക്കളായ യെയിറോയും അവ്‌നറോയും പ്രായപൂര്‍ത്തിയായിട്ടും ഇസ്രഈലിന്റെ നിര്‍ബന്ധിത സൈനിക സേവനം നടപ്പിലാക്കിയിട്ടില്ല.

ട്രംപിന്റെ ആദ്യ ഭരണകാലത്തെ മുതിര്‍ന്ന ഉപദേഷ്ടാവായിരുന്നു ബാനന്‍. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ പ്രസ്ഥാനത്തിലെ പ്രമുഖ ശബ്ദമായി അദ്ദേഹം ഇപ്പോഴും തുടരുന്നു.

ഫെബ്രുവരി 28നായിരുന്നു ഇറാനെതിരായ ഇസ്രഈല്‍ ആക്രമണം നടന്നത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പടെയുളള പ്രമുഖ നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പിന്നാലെ അമേരിക്കയുടെ സൈനിക താവളങ്ങളിലേക്കും ഇസ്രഈല്‍ കേന്ദ്രങ്ങൡലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തിയിരുന്നു.

Content Highlight: Netanyahu’s son should be expelled from the US; sent to war: Trump’s former advisor

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.