ലെബനനിലെ ആക്രമണങ്ങള്‍ ഇസ്രഈല്‍ അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു
World
ലെബനനിലെ ആക്രമണങ്ങള്‍ ഇസ്രഈല്‍ അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു
സിജൊ
Thursday, 18th June 2026, 11:26 pm

ടെല്‍ അവീവ്: ലെബനനിലെ ആക്രമണങ്ങള്‍ ഇസ്രഈല്‍ അവസാനിപ്പിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു. യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം ഒപ്പുവച്ച ധാരണാ പത്രത്തില്‍ ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ ധാരണാ പത്രം പ്രകാരം സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നാണ് ഇപ്പോള്‍ ഇസ്രഈല്‍ പ്രധാനമന്ത്രി പറയുന്നത്.

യു.എസ് – ഇറാന്‍ ധാരണാ പത്രത്തോടും ലെബനനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശത്തോടും ഇസ്രഈലില്‍ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ധാരണാ പത്രത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ലെബനനില്‍ ആക്രമണം തുടരുമെന്ന് സൈന്യവും വ്യക്തമാക്കിയിരുന്നു.

ഇതിന് പിറകെയാണ് ഇപ്പോള്‍ ആക്രമണം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. ലെബനനില്‍ ഹിസ്ബുല്ലകള്‍ക്കെതിരെ ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ആക്രമണങ്ങള്‍ തുടരുമെന്ന് നെതന്യാഹു പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

ലെബനനില്‍ സൈനിക നടപടി നടത്തുന്ന പ്രദേശങ്ങളുടെ പുതുക്കിയ ഭൂപടം ഐ.ഡി.എഫ് പ്രസിദ്ധീകരിച്ചിരുന്നു. ലെബനനിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആക്രമണങ്ങള്‍ ഐ.ഡി.എഫ് വ്യാപിപ്പിക്കുന്നതായി ഈ ഭൂപടം വ്യക്തമാക്കുന്നു.

തെക്കന്‍ ലെബനനിലെ ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രഈല്‍ സൈന്യം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. സൈന്യത്തിനുള്ള ഭീഷണികളെ ഇല്ലാതാക്കാനാണ് ഈ ആക്രമണങ്ങളെന്നും പ്രസ്താവനയില്‍ അവകാശപ്പെടുന്നു.

കരാറുമായി ബന്ധപ്പെട്ട് നെതന്യാഹു ഇതിന് മുമ്പ് പരസ്യ പ്രസ്താവനയൊന്നും തന്നെ നടത്തിയിട്ടില്ല. എന്നാല്‍ ഇസ്രഈല്‍ കരാറില്‍ ഉള്‍പ്പെടില്ലെന്നും ലെബനനെ സംബന്ധിച്ച ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും നെതന്യാഹു ട്രംപിനോട് പറഞ്ഞതായി യെനെറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്രഈലിലെ മറ്റ് നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനകം ധാരണാ പത്രത്തെ എതിര്‍ക്കുകയും ലെബനനില്‍ ആക്രമണം തുടരണമെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഈ സമാധാന കരാര്‍കൊണ്ട് ഒരു തരത്തിലുള്ള നേട്ടവുമില്ലെന്നും രാജ്യത്തിന്റെ ലക്ഷ്യങ്ങളൊന്നും നടപ്പിലാവില്ലെന്നും ഇസ്രഈല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞിരുന്നു. ഇത് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാജയമാണെന്നും ലാപിഡ് പറഞ്ഞിരുന്നു. ധാരണാ പത്രത്തെ ഒരു മോശം കരാറെന്ന് ഇസ്രഈലിലെ യെദിയോട് അഹരനോട്ട് പത്രം വിശേഷിപ്പിച്ചിരുന്നു.

ഇറാനുമായുള്ള യു.എസിന്റ കരാര്‍ ഇസ്രഈലിന് യാതൊരുവിധത്തിലുള്ള സുരക്ഷിതത്വവും നല്‍കുന്നില്ലെന്നും ഇത് ലോകത്തിന് തന്നെ ആപത്താണെന്നും ഇസ്രഈല്‍ ധനകാര്യ മന്ത്രി ബെസലെല്‍ സ്മോട്രിച്ച് ആരോപിച്ചിരുന്നു. ലെബനനെ തുടര്‍ന്നും ആക്രമിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കുമെന്നും സ്മോട്രിച്ച് പറഞ്ഞിരുന്നു.

ലെബനനിലെ ആക്രമണങ്ങള്‍ തുടരുന്നതിനായി യു.എസുമായി ഇസ്രഈല്‍ ചര്‍ച്ച നടത്തുന്നതായാണ് വിവരം. ഹിസ്ബുല്ലയെ നേരിടാന്‍ ഇസ്രഈലിന് സാധിക്കുന്നില്ലെങ്കില്‍ ആ ചുമതല സിറിയയെ ഏല്‍പ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

ഇസ്രഈല്‍ ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ഇസ്രഈല്‍ ഹിസ്ബുല്ലയ്‌ക്കെതിരെ ദീര്‍ഘകാലമായി പോരാടുകയാണെന്നും എന്നാല്‍ ഈ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.

സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയെ അന്ന് ട്രംപ് പ്രശംസിക്കുകയും ചെയ്തിരുന്നു. അല്‍-ഷറയ്ക്ക് ഹിസ്ബുല്ലയെ ഒട്ടും ഇഷ്ടമല്ലെന്നും, അവരെ കൈകാര്യം ചെയ്യുന്നതില്‍ ഇസ്രഈലിനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സിറിയക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Netanyahu Refuses To Follow Iran-U.S. Deal MOU Signed By Trump, Israel is Continuing  Attacks In Lebanon