ടെഹ്‌റാന്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന ഇസ്രഈലി സൈനിക ഉദ്യോഗസ്ഥന്‍.
ലെബനനിലും ഇറാനിലും ഉണ്ടായ സൈനിക പരാജയങ്ങളുടെയും ഇറാനുമായുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായ ഭാഗിക തിരിച്ചടികളുടെയും ഉത്തരവാദിത്തം മറ്റാരിലെങ്കിലും കെട്ടിവെക്കാന്‍ നെതന്യാഹു ബലിയാടിനെ അന്വേഷിക്കുകയാണെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇസ്രഈല്‍ ദിനപത്രമായ ഹയോം ആണ് പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിസ്ബുല്ലയ്‌ക്കെതിരെ ശക്തമായ ആക്രമണം നടത്താന്‍ താന്‍ ഉത്തരവിട്ടു എന്ന നെതന്യാഹുവിന്റെ പ്രസ്താവന വെറും രാഷ്ട്രീയ നാടകമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാജ്യത്തിനകത്തുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാണ് ഇത്തരം പ്രസ്താവന നടത്തിയതെന്നും യഥാര്‍ത്ഥത്തില്‍ സൈനിക നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
നെതന്യാഹുവിന്റെ പ്രസ്താവനയെ പുകമറ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
താന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിന്റെ പരാജയം സൈന്യത്തിന്റെ തലയിലിടാനാണ് നെതന്യാഹു ശ്രമിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് ഇസ്രഈലിന്റെ ലെബനനിലുളള സൈനിക നടപടികള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൈനിക നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഈസ്രഈല്‍ സൈനികരെ കൂടുതല്‍ അപകടത്തിലാക്കുമെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.
ലെബനനില്‍ നിലവിലുള്ള താത്കാലിക വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടുന്നതായി കഴിഞ്ഞ ദിവസമായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസില്‍ ചേര്‍ന്ന അമേരിക്കയിലെ ഇസ്രഈല്‍ ലെബനനന്‍ അംബാസഡര്‍മാരുടെ യോഗത്തിന് ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ ഏപ്രില്‍ 26ന് അവസാനിക്കാനിരിക്കെയായിരുന്നു പുതിയ തീരുമാനം.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.