കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും വന്‍ നാശം വിതച്ച് മിന്നല്‍ പ്രളയം. പ്രളയത്തിലും ഉരുള്‍പൊട്ടലിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 392 ആയി ഉയര്‍ന്നു. 1400-ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.
ഹിമാനികള്‍ ഇടിഞ്ഞു വീണതാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കുന്നു.
വെറും അരമണിക്കൂറിനുള്ളില്‍ ത്രിശൂലി നദിയിലെ ജലനിരപ്പ് ഒമ്പത് മീറ്ററോളം ഉയരുകയും മണ്ണും പാറകളും മഞ്ഞും നിറഞ്ഞ ശക്തമായ വെള്ളപ്പാച്ചില്‍ താഴ്‌വരകളെ വിഴുങ്ങുകയുമായിരുന്നു. ദുരന്തമേഖലയിലെ ഭോട്ടെകോഷി നദിക്ക് മുകളില്‍ പുതിയ തടാകം രൂപപ്പെട്ടിട്ടുള്ളതായും അത് പൊട്ടാന്‍ സാധ്യതയുള്ളതായും സാറ്റലൈറ്റ് ചിത്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സഞ്ചാരികളെ പ്രളയത്തില്‍ കാണാതായിട്ടുണ്ട്. തുടക്കത്തില്‍ 285ഓളം ഇന്ത്യക്കാരുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഇതില്‍ നൂറോളം പേരെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
ദുരന്തബാധിത മേഖലയില്‍ കേരളത്തില്‍ നിന്നുള്ള 53 പേരും ഗുജറാത്തില്‍ നിന്നുള്ള 17 പേരും കുടുങ്ങിക്കിടക്കുന്നതായി അതത് സംസ്ഥാന ഗവണ്‍മെന്റുകള്‍ വ്യക്തമാക്കി. അതേസമയം നേപ്പാളിലേക്ക് 10 ടണ്‍ അടിയന്തര ദുരിതാശ്വാസ സാമഗ്രികളും ആവശ്യമായ മരുന്നുകളും ഇന്ത്യ അയച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ അറിയിച്ചു.
നേപ്പാളിലെ പ്രളയത്തെത്തുടര്‍ന്ന് ഗന്ധക് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയെയും പ്രാദേശിക ഭരണകൂടങ്ങളെയും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
Content Highlight:Nepal in mourning; death toll nears 400; around 1,400 missing.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.