ക്രിക്കറ്റ് അടക്കി വാണിരുന്നവരാ....പക്ഷേ കുഞ്ഞന്മാര്‍ക്കെതിരെ രണ്ടാമതും വീഴാനാണ് വിധി
Cricket
ക്രിക്കറ്റ് അടക്കി വാണിരുന്നവരാ....പക്ഷേ കുഞ്ഞന്മാര്‍ക്കെതിരെ രണ്ടാമതും വീഴാനാണ് വിധി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th September 2025, 8:53 am

വെസ്റ്റ് ഇന്‍ഡീസിനെതിരെ അട്ടമറി വിജയവുമായി നേപ്പാള്‍. ദ്വിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ടീമിന്റെ വിജയം. മുന്‍ ചാമ്പ്യന്മാരെ 90 റണ്‍സിന് തകര്‍ത്താണ് നേപ്പാള്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

നേപ്പാള്‍ ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 83 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയത്തോടെ നേപ്പാള്‍ പരമ്പര സ്വന്തമാക്കി. നേരത്തെ, ആദ്യ മത്സരത്തിലും നേപ്പാള്‍ വിജയിച്ചിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ രണ്ട് അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ടീമിനായി വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖ് 47 പന്തില്‍ രണ്ട് സിക്സും എട്ടും ഫോറും അടക്കം 68 റണ്‍സാണ് നേടിയത്.

മറ്റൊരു ബാറ്ററായ സന്ദീപ് ജോറ 39 പന്തില്‍ 63 റണ്‍സും അടിച്ചു. അതോടെ ടീം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എടുത്തു.

മറുപടി ബാറ്റിങ്ങില്‍ കരീബിയന്‍ പടക്ക് വേണ്ടത് പോലെ തിളങ്ങാനായില്ല. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായതോടെ ടീം സമ്മര്‍ദത്തിലായി. ജേസണ്‍ ഹോള്‍ഡറും അക്കീം വെയ്ന്‍ ജാറെല്‍ അഗസ്റ്റെയും അമീര്‍ ജാംഗൂവും മാത്രമാണ് രണ്ടക്കം കടന്നത്.

ഹോള്‍ഡര്‍ 15 പന്തില്‍ 21 റണ്‍സ് എടുത്തപ്പോള്‍ അഗസ്റ്റെ 21 പന്തില്‍ 17 റണ്‍സും നേടി. ജാംഗൂ 14 പന്തില്‍ 16 റണ്‍സും സ്വന്തമാക്കി. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താനാവാതെ പുറത്തായി.

നേപ്പാളിനായി ആദില്‍ അന്‍സാരിയും കുശാല്‍ ഭുര്‍തേലും ബൗളിങ്ങില്‍ മികവ് കാട്ടി. അന്‍സാരി നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. ഭുര്‍തേല്‍ 2.1 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

Content Highlight: Nepal defeated West Indies in Second T20I and bagged series