വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി നേപ്പാള്‍. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് നേപ്പാള്‍ സ്വന്തമാക്കിയത്.
റൈനോസ് ഉയര്‍ത്തിയ 149 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലെത്താനും നേപ്പാളിനായി.
🇳🇵A new chapter written in Nepal’s cricketing story! 📣
Rhinos 🇳🇵 defeats West Indies by 19 runs our first-ever triumph against a full member nation! pic.twitter.com/98cJlLMAwP
തങ്ങളുടെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് നേപ്പാള്‍ ഒരു ടെസ്റ്റ് പ്ലെയിങ് നേഷനെ പരാജയപ്പെടുത്തുന്നത്. 2018ല്‍ ഏകദിന സ്റ്റാറ്റസ് ലഭിച്ച നേപ്പാള്‍ നിലവില്‍ അസോസിയേറ്റ് ടീം തന്നെയായാണ് തുടരുന്നത്.
ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ ക്യാപ്റ്റന്‍ രോഹിത് പൗഡേല്‍, കുശാല്‍ മല്ല, ഗുല്‍ ഝാ എന്നിവരുടെ കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.
ക്യാപ്റ്റന്‍ 35 പന്തില്‍ 38 റണ്‍സ് നേടി. കുശാല്‍ മല്ല 21 പന്തില്‍ 30 റണ്‍സും ഗുല്‍സാന്‍ ഝാ 16 പന്തില്‍ 22 റണ്‍സും ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചു. 19 പന്തില്‍ 17 റണ്‍സ് നേടിയ ദീപേന്ദ്ര സിങ് ഐറിയാണ് നേപ്പാള്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.
വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റും നവിന്‍ ബിദൈസീ മൂന്ന് വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ അകീല്‍ ഹൊസൈന്‍ ഒരു വിക്കറ്റും തന്റെ പേരില്‍ കുറിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ടീം സ്‌കോര്‍ അഞ്ചില്‍ നില്‍ക്കവെ കൈല്‍ മയേഴ്‌സിനെ നഷ്ടമായിരുന്നു. എട്ട് പന്തില്‍ അഞ്ച് റണ്‍സുമായി നില്‍ക്കവെ റണ്‍ ഔട്ടായാണ് താരം മടങ്ങുന്നത്. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ നേപ്പാള്‍ കരീബിയന്‍സിന് അപ്പര്‍ഹാന്‍ഡ് നല്‍കാതെ കാത്തു.
25 പന്തില്‍ 22 റണ്‍സ് നേടിയ നവിന്‍ ബിദൈസീയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 129ന് പോരാട്ടം അവസാനിപ്പിച്ചു.
നേപ്പാളിനായി പന്തെറിഞ്ഞവരില്‍ സോംപാല്‍ കാമി ഒഴികെയുള്ള ആറ് പേരും വിക്കറ്റ് വീഴ്ത്തി. കുശാല്‍ ഭര്‍ടല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലളിത് രാജ്ബന്‍ശി, കരണ്‍ കെ.സി, നന്ദന്‍ യാദവ്, ദീപേന്ദ്ര സിങ് ഐറി, ക്യാപ്റ്റന്‍ രോഹിത് പൗഡേല്‍ എന്നിവര്‍ ഓരോ വിന്‍ഡീസ് താരങ്ങളെ വീതവും പവലിയനിലേക്ക് തിരിച്ചയച്ചു.
നാളെ (തിങ്കള്‍)യാണ് പരമ്പരയിലെ രണ്ടാം മത്സരം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം തന്നെയാണ് വേദി.