| Thursday, 4th September 2025, 10:10 pm

ഫേസ്ബുക്കിനും ഇന്‍സ്റ്റയ്ക്കും യൂട്യൂബിനും നിരോധനം; 26 സോഷ്യല്‍മീഡിയകളുടെ പ്രവര്‍ത്തനം വിലക്കി നേപ്പാള്‍; ജനാധിപത്യത്തെ തകര്‍ക്കുന്നതെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് ഉള്‍പ്പടെ 26 സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് നേപ്പാള്‍. നിശ്ചിത സമയത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് നേപ്പാളിലെ കെ.പി ശര്‍മ ഒലി സര്‍ക്കാര്‍ കടുത്തതീരുമാനമെടുത്തത്.

രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും രജിസ്റ്റര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തനരഹിതമായിരിക്കും.

ഇക്കാര്യം ഉറപ്പാക്കാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പറഞ്ഞു.

നേരത്തെ നേപ്പാള്‍ സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഓഗസ്റ്റ് 28ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ചത്തെ സമയം കൂടി നീട്ടി നല്‍കിയെങ്കിലും സോഷ്യല്‍മീഡിയ കമ്പനികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നില്ല.

തുടര്‍ന്നാണ് ബുധനാഴ്ച സമയപരിധി അവസാനിച്ചതോടെ സോഷ്യല്‍മീഡിയകള്‍ക്ക് വിലക്ക് വന്നത്. സോഷ്യല്‍മീഡിയ കമ്പനികള്‍ രജിസ്‌ട്രേഷനായി സമീപിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അവര്‍ എത്താതിരുന്നതോടെയാണ് നടപടിയെടുക്കുന്നതെന്ന് മന്ത്രാലയ വക്താവ് ഗജേന്ദ്ര താക്കൂര്‍ പറഞ്ഞു.

ബുധനാഴ്ച സമയപരിധി അവസാനിച്ചതോടെ വ്യാഴാഴ്ച ഐ.ടി മന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിരോധനം നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, തീരുമാനത്തിന് എതിരെ വിമര്‍ശനവും ഉയര്‍ന്നിരിക്കുകയാണ്. നേപ്പാളിന്റെ ജനാധിപത്യ പ്രതിച്ഛായയെ തകര്‍ക്കുന്നതാണ് നിരോധനമെന്ന് സെന്റര്‍ ഫോര്‍ മീഡിയ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ഉജ്ജ്വല്‍ ആചാര്യ പറഞ്ഞു. നേപ്പാളില്‍ സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നതിനുള്ള ബില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്നാണ് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

‘സാധാരണ പൗരന്മാരെ ഇത് എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഈ തീരുമാനം നേപ്പാളിന്റെ ജനാധിപത്യത്തെ കുറിച്ച് മോശമായ പ്രതിഛായയുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേപ്പാളിലെ സുപ്രീം കോടതി, ആഭ്യന്തരമോ വിദേശമോ ആയ ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അതോറിറ്റിയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇത് പാലിക്കാത്തതിന്റെ കാരണം സര്‍ക്കാരിന്റെ യാഥാര്‍ത്ഥ്യബോധമില്ലാത്ത വ്യവസ്ഥകളാണെന്നാണ് ആചാര്യയുടെ വിമര്‍ശനം.

Content Highlight: Nepal banned 26 social media platforms

We use cookies to give you the best possible experience. Learn more