നിങ്ങളുടെ ജീവിതം കുളം തോണ്ടുന്നത് എല്ലാവരും കാണും, നിരപരാധിത്വം ആരുമറിഞ്ഞെന്ന് വരില്ല
FB Notification
നിങ്ങളുടെ ജീവിതം കുളം തോണ്ടുന്നത് എല്ലാവരും കാണും, നിരപരാധിത്വം ആരുമറിഞ്ഞെന്ന് വരില്ല
ഡോ: നെല്‍സണ്‍ ജോസഫ്
Saturday, 28th September 2019, 7:40 am

കഫീല്‍ ഖാനെ ഓര്‍മിക്കുന്നുണ്ടോ? ഡോക്ടര്‍ കഫീല്‍ ഖാനെ?

മറന്നവരെ ഓര്‍മിപ്പിക്കാം…യോഗി ആദിത്യനാഥിന്റെ യു.പിയിലെ ഗോരഖ്പൂരില്‍ ഒരാശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാഞ്ഞതു മൂലം കുഞ്ഞുങ്ങള്‍ മരിച്ചുവെന്ന് വാര്‍ത്ത പുറത്ത് വന്ന സമയം..

അക്കൂട്ടത്തില്‍ ഒരു ഡോക്ടറും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. സ്വന്തം കയ്യില്‍ നിന്ന് പണം സംഘടിപ്പിച്ച് ഓക്‌സിജനെത്തിക്കാന്‍ നെട്ടോട്ടമോടിയ ഡോക്ടര്‍.

പിന്നെ ഒന്‍പത് മാസത്തോളം ജയിലില്‍ കഴിയേണ്ടിവന്ന, ഇപ്പൊഴും സസ്‌പെന്‍ഷനിലുള്ള ഡോക്ടര്‍ കഫീല്‍ ഖാന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതു മാത്രമല്ല, ട്വിറ്ററിലും ഫേസ്ബുക്കിലുമുള്ളവരൊന്നാകെ ആക്രമിച്ച, പലവിധ ആരോപണമുന്നയിച്ച് താറടിച്ച് ജീവിതം നശിപ്പിക്കാന്‍ നോക്കിയ ഡോക്ടര്‍.

ഓര്‍മയുണ്ടോ ആ ആരോപണങ്ങള്‍? ഓര്‍മ കാണില്ല. ഒരുപാട് പേരെ അങ്ങനെ ആക്രമിച്ച് കടന്നുപോയതല്ലേ?

അയാളുടെ ഭാഗത്തുനിന്ന് മെഡിക്കല്‍ നെഗ്ലിജന്‍സുണ്ടായെന്നും ഓക്‌സിജന്‍ സിലിണ്ടറിന്റെ ടെണ്ടറിന്റെ ഉത്തരവാദിത്വം അയാള്‍ക്കായിരുന്നെന്നും എന്‍കെഫലൈറ്റിസ് വാര്‍ഡിന്റെ ഇന്‍ ചാര്‍ജ് അയാളായിരുന്നെന്നും അയാള്‍ക്ക് പ്രൈവറ്റ് പ്രാക്ടീസുണ്ടായിരുന്നെന്നും തൊട്ട് എത്രയെണ്ണം..

രണ്ട് വര്‍ഷത്തിനു ശേഷം അയാളെ എല്ലാ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കിയ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിമാന്‍ഷു കുമാര്‍ (സ്റ്റാമ്പ്‌സ് & രജിസ്‌റ്റ്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ്) നടത്തിയ ഡിപ്പാര്‍ട്ടുമെന്റല്‍ എന്‍ക്വയറിയെക്കുറിച്ച് നിങ്ങളറിഞ്ഞോ?

അറിഞ്ഞുകാണില്ല. അതാരും പറഞ്ഞുതരില്ല നിങ്ങള്‍ക്ക്…

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡോ.കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയെന്ന് മാത്രമല്ല, അന്നേ ദിവസം സാദ്ധ്യമായ എല്ലാ ശ്രമങ്ങളും അദ്ദേഹം ചെയ്തുവെന്നും ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെക്കുറിച്ച് മുന്‍ കൂട്ടി അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

അപ്പൊ ഒന്‍പത് മാസം എന്തിനായിരുന്നു?

ഇപ്പൊ അങ്ങനെയാണ്. നിങ്ങളുടെ ജീവിതം കുളം തോണ്ടുന്നത് എല്ലാവരും കാണും. നിരപരാധിത്വം ആരുമറിഞ്ഞെന്ന് വരില്ല..

WATCH THIS VIDEO: