കോണ്‍ഗ്രസിനും മുന്നേ മരിച്ച നെഹ്‌റുവിയന്‍ സോഷ്യലിസം
Discourse
കോണ്‍ഗ്രസിനും മുന്നേ മരിച്ച നെഹ്‌റുവിയന്‍ സോഷ്യലിസം
സതീഷ് സൂര്യന്‍
Friday, 30th January 2026, 11:48 am
ഇന്ദിര, രാജീവ്, നരസിംഹറാവു എന്നിങ്ങനെ മൂന്നു കോണ്‍ഗ്രസ് ഭരണാധികാരികളാല്‍ നെഹ്റു ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്ര്യം, ഉദാര ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവ ഇല്ലാതാക്കപ്പെട്ടു. സതീഷ് സൂര്യന്‍ ഡൂള്‍ന്യൂസില്‍ എഴുതുന്നു.

കോണ്‍ഗ്രസുകാരനായി മരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ എനിക്കു മുന്‍പേ കോണ്‍ഗ്രസ് മരിച്ചുപോയി എന്നു പറഞ്ഞത് സുകുമാര്‍ അഴീക്കോടാണ്.

അതുകണക്ക് കോണ്‍ഗ്രസിനും മുന്‍പ് മരിച്ചു പോയ ഒന്നാണ് നെഹ്‌റുവിയന്‍ സോഷ്യലിസം. യൗവനാരംഭത്തില്‍ മാര്‍ക്‌സിസ്റ്റ് ആശയഗതികളാലും സോവിയറ്റ് യൂണിയനാലും സ്വാധീനിക്കപ്പെടുകയും എന്നാല്‍ താമസിയാതെ ലെനിനിസത്തോടു വിപ്രതിപത്തി തോന്നി ഫേബിയന്‍ സോഷ്യലിസ്റ്റാകുകയും ചെയ്ത നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് മാര്‍ഗ്ഗത്തേയും വിശാലാദര്‍ശങ്ങളേയും പിന്‍പറ്റുന്നവരെയാണ് നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്.

starsunfolded.com

ജവഹര്‍ലാല്‍ നെഹ്‌റു

ഇന്ത്യന്‍ സോഷ്യലിസ്റ്റുകളില്‍ അക്കാലത്ത് നെഹ്‌റുവിന്റെ മാര്‍ഗത്തോടു നിശിതമായി വിയോജിച്ചവര്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല.

മറിച്ച് ആചാര്യ കൃപലാനിയെ പോലുള്ള ഗാന്ധിയന്‍ സോഷ്യലിസ്റ്റുകളും മാര്‍ക്‌സിനാലും ഗാന്ധിയാലും സ്വാധീനിക്കപ്പെട്ട ജയപ്രകാശ് നാരായണനും ജാതി എന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ മാറ്റിനിര്‍ത്തി ഒരു സാമൂഹ്യമാറ്റം സാധ്യമല്ല എന്ന് വിശ്വസിച്ച ലോഹ്യയും നെഹ്‌റുവിന്റെ ശക്തരായ വിമര്‍ശകരായിരുന്നു.

എന്നാല്‍ തന്റെ വിമര്‍ശകരെ കൂടി ചേര്‍ത്തു നിര്‍ത്തുന്ന പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ ബോധവും പുലര്‍ത്തിയ നേതാവായിരുന്നു നെഹ്‌റു.

ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടിയ്‌ക്കൊപ്പം നിന്നു എന്നതുപോലെ ചില അപവാദങ്ങളൊഴിച്ചാല്‍ നെഹ്‌റുവിനെ പോലെ എതിര്‍പക്ഷ ബഹുമാനവും ജനാധിപത്യബോധവും പുലര്‍ത്തിയിരുന്ന നേതാക്കള്‍ എല്ലാക്കാലത്തും ദുര്‍ലഭമായിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളില്‍പെട്ടവര്‍ പോലും എങ്ങനെയാണ് നെഹ്റുവിനെ കണ്ടിരുന്നതെന്നറിയാന്‍ അദ്ദേഹം മരിച്ച സന്ദര്‍ഭത്തില്‍ ജനസംഘം നേതാവായിരുന്ന എ.ബി. വാജ്‌പേയ് നടത്തിയ പ്രസംഗം മാത്രം ശ്രവിച്ചാല്‍ മതി.

അദ്ദേഹത്തില്‍ നെഹ്‌റു ചെലുത്തിയ നിസ്സീമമായ സ്വാധീനത്തിന് വലിയ തെളിവാണ് ‘ജനസംഘം കുപ്പായമിട്ട നെഹ്‌റുവിയന്‍‘ എന്ന് രാം മനോഹര്‍ ലോഹ്യ വാജ്‌പേയിക്ക് നല്‍കിയ വിശേഷണം.

തന്റെ വിമര്‍ശകരോടും എതിരാളികളോടും നെഹ്റു പുലര്‍ത്തിയ തുറന്ന മനോഭാവത്തിനും ബഹുമാനത്തിനും എ.കെ.ജിയേയും കാര്‍ട്ടൂണിസ്റ്റ് ശങ്കറിനേയുമൊക്കെ പരാമര്‍ശിച്ച് കൊണ്ടുള്ള നിരവധി ഉദാഹരണങ്ങള്‍ എത്രയോ തവണ ഇന്ത്യക്കാര്‍ പറഞ്ഞു കേട്ടിരിക്കുന്നു.

എന്നാല്‍ നെഹ്‌റുയിസത്തിന്റെ മരണം രാജ്യത്തും കോണ്‍ഗ്രസിലും നെഹ്റു മരിച്ച് അധികം താമസിയാതെ സംഭവിച്ചു.

കാമരാജും അതുല്യഘോഷും ഉള്‍പ്പെടുന്ന നാല്‍വര്‍സംഘത്തിന്റെ കൈയിലെ ‘ഗൂംഗിഗുഡിയ’ എന്ന് പരിഹസിക്കപ്പെട്ട ഇന്ദിരയാണ് തന്റെ പിതാവിന്റെ ആശയാദര്‍ശങ്ങളുടെ ഉദകക്രിയ കൂടി ചെയ്യുന്നത്.

myvoice.opiindia

കെ.കാമരാജ്, ഇന്ദിരാഗാന്ധി

ഇന്ദിരയെ ഉയര്‍ത്തിക്കൊണ്ടുവന്ന കാമരാജ് തനിക്ക് പറ്റിയ ആ പിഴവിനെ ‘ഒരു വലിയ മനുഷ്യന്റെ മകള്‍, ഒരു ചെറിയ മനുഷ്യന്റെ പിഴവ്’ എന്ന് വിശേഷിപ്പിച്ച് പരിതപിച്ചിട്ടുണ്ട്.

ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ശൈലി നെഹ്റുവിന്റെ ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് മാറി കൂടുതല്‍ വ്യക്തി കേന്ദ്രീകൃതമായി മാറിയതാണ് കാമരാജിനെ ചൊടിപ്പിച്ചത്. ഭരണം നടത്തുന്നതിനെക്കാള്‍ അധികാരം നിലനിര്‍ത്തുന്നതിനാണ് ഇന്ദിര പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

തന്റെ മകളെ അധികാരകേന്ദ്രമാക്കി മാറ്റുന്നതിന് ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലായിരുന്നു നെഹ്‌റു. അധികാര കേന്ദ്രീകരണത്തെ അഭിശപ്തമായി കണ്ട നെഹ്‌റുവിനെ ഇന്നും കുടുംബവാഴ്ച നിലനില്‍ക്കുന്ന ഇന്ദിര കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് വലിയ വിരോധാഭാസമാണ്.

തുടക്കത്തില്‍ തന്നെ ജനാധിപത്യവിരുദ്ധ നിലപാടുകളാല്‍ കുപ്രസിദ്ധയായ ഇന്ദിര ആദ്യം ജനാധിപത്യമൂല്യങ്ങളും രണ്ടാം വരവില്‍ നെഹ്റുവിയന്‍ സോഷ്യലിസവും ഉപേക്ഷിച്ചു.

ഇറക്കുമതി തീരുവ ഉദാരവല്‍ക്കരണം വഴി പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്ക് തുടക്കമിട്ടു. അടിയന്തരാവസ്ഥ കാലത്ത് തുടങ്ങിയ ആര്‍.എസ്.എസുസുമായുള്ള രഹസ്യ ബാന്ധവ ശമങ്ങള്‍ 80 കളില്‍ കുറേക്കൂടി ശക്തിയാര്‍ജ്ജിച്ചു.

നാനാജി ദേശ്മുഖിനെ പോലുള്ള അനുഭാവികളെ അവര്‍ ആര്‍.എസ്.എസ്സിനുള്ളില്‍ ഉണ്ടാക്കി. 84 ല്‍ അവര്‍ മരിച്ചപ്പോള്‍ ആര്‍എസ്എസ് കേഡറുകളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന സിഖ് വിരുദ്ധ കലാപത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കി.

രാമ ജന്മഭൂമി പ്രക്ഷോഭ കാലത്ത് നെഹ്‌റുവിന്റെ പൗത്രന്‍ ഹിന്ദു തീവ്രവാദികള്‍ക്ക് നെഹ്‌റു അടച്ചിട്ട ബാബറി മസ്ജിദ് ശിലാന്യാസത്തിനായി തുറന്നുകൊടുത്ത് നെഹ്‌റുവിയന്‍ മതനിരപേക്ഷതയുടെ മൂര്‍ദ്ധാവില്‍ തന്നെ പ്രഹരമേല്‍പ്പിച്ചു.

ഇന്ദിര, രാജീവ്, നരസിംഹറാവു എന്നിങ്ങനെ മൂന്നു കോണ്‍ഗ്രസ് ഭരണാധികാരികളാല്‍
നെഹ്റു ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്ര്യം, ഉദാര ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവ ഇല്ലാതാക്കപ്പെട്ടു.

decanheraldchronicls.com

രാജീവ് ഗാന്ധി, നരസിംഹറാവു, ഇന്ദിരാഗാന്ധി

മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം കേരളമെന്ന ഒരു കൊച്ചു സംസ്ഥാനത്ത്, സമുദായ വര്‍ഗീയ പാര്‍ട്ടികളുടേയും സംഘടിത മതവിഭാഗങ്ങളുടേയും ഊന്നുവടികളുടെ സഹായത്തോടെ മുന്നോട്ടു നടക്കാന്‍ പാടുപെടുന്ന ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയുടെ ‘ചുമ്മാ മേനി ‘ പറയുന്ന നേതാവ് താന്‍ അഞ്ചു ദിവസം ഒരു പുസ്തകം എന്ന കണക്കിന് വായിച്ചു എന്ന് പറയുന്ന ലാഘവത്തോടെ പറയുകയാണ് ‘താന്‍ ഒരു നെഹ്‌റുവിയനാണെന്ന്’

ഇന്നലെയല്ലേ എതിര്‍പക്ഷ ബഹുമാനം മൂത്ത് ഒരു മന്ത്രിയെ ‘അവന്‍, ഇവന്‍’ എന്നൊക്കെ വിളിച്ച് അപഹസിച്ചത്. എന്നിട്ട് താനങ്ങനെയൊന്നും പറഞ്ഞില്ലെന്ന് കല്ലുവെച്ച നുണയും പറഞ്ഞു.

കോണ്‍ഗ്രസ്സുകാരാ, താങ്കള്‍ ദയവായി നെഹ്‌റുവിനേയും ഗാന്ധിയേയുമൊക്കെ നിങ്ങളുടെ മേനിപറച്ചിലുകളില്‍ നിന്നും ഒഴിവാക്കുക. അക്കാലങ്ങളില്‍ അവരും അവരെപ്പോലുള്ള നേതാക്കളും പുലര്‍ത്തിയ മൂല്യബോധം ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ കാലത്തിന് അന്യമാണ്.

Content Highlight: Nehruvian socialism died before Congress sathish suryan writes in Dool News

സതീഷ് സൂര്യന്‍
മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍