ന്യൂദൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നതോടെ അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.
പരീക്ഷയിൽ ക്രമക്കേട് കാണിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
‘മെയ് 3 നാണ് പരീക്ഷ നടന്നത്, മെയ് 7ന് എൻ.ടി.എയ്ക്ക് പരാതി ലഭിക്കുകയും ചെയ്തു. ചോദ്യപ്പേപ്പറിലെ ചില ചോദ്യങ്ങൾ മാതൃകാ ചോദ്യ പേപ്പറിലും കണ്ടെത്തിയിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും അത് സർക്കാർ ഏജൻസിക്ക് കൈമാറുകയും ചെയ്തു. അവർ സംസ്ഥാന ഏജൻസികളുമായി ബന്ധപ്പെടുകയും, മാതൃകാ ചോദ്യ പേപ്പറിന്റെ മറവിൽ യഥാർത്ഥ പരീക്ഷാ ചോദ്യങ്ങൾ ചോർന്നതായി മെയ് 12 ന് ഞങ്ങളെ അറിയിക്കുകയും ചെയ്തു,’ അദ്ദേഹം വിശദമാക്കി.
ചില ഉദ്യോഗാർത്ഥികളുടെ പ്രവർത്തികൾ കാരണമോ അല്ലെങ്കിൽ വിദ്യാഭ്യാസ മാഫിയകളുടെ ഗൂഢാലോചനകൾ കാരണമോ അർഹതപ്പെട്ട ഒരു വിദ്യാർത്ഥിക്ക് പോലും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഈ സാഹചര്യത്തിന് ഒരു പരിഹാരം കണ്ടെത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജൂൺ 21 ന് പുനപരീക്ഷ നടത്തും. ഇത്തവണ ഓരോ വിദ്യാർത്ഥിക്കും 15 മിനിറ്റ് അധികം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: NEET question leak: Union Education Minister says computer-based exam to be held from next year