ന്യൂദൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നതിൽ സുപ്രീം കോടതിയെ സമീപിച്ച് ദി ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ. പരീക്ഷാ സമ്പ്രദായത്തിൽ പൂർണമായ മാറ്റം ആവശ്യപ്പെട്ടാണ് അസോസിയേഷൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
അഭിഭാഷകൻ തൻവി ദുബെ സമർപ്പിച്ച ഹരജിയിൽ പരീക്ഷാ നടത്തിപ്പിൽ വ്യവസ്ഥാപിതമായ പരാജയം ഉണ്ടായതായി മെഡിക്കൽ അസോസിയേഷൻ ആരോപിച്ചു. ദേശീയ പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്തണമെന്നും അവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
മെഡിക്കൽ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയും സമഗ്രതയും പുനസ്ഥാപിക്കുന്നതിനായി എൻ.ടി.എയ്ക്ക് പകരം സാങ്കേതിക മികവുള്ളതും സ്വയംഭരണാധികാരമുള്ളതുമായ ഒരു സ്ഥാപനം തുടങ്ങണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
പരീക്ഷാ ചോദ്യങ്ങൾ ചോർന്നതിനെ തുടർന്ന് ഇന്നലെയായിരുന്നു നാഷണൽ ടെസ്റ്റിങ് ഏജൻസി മെയ് 3 ന് നടന്ന പരീക്ഷ റദ്ദാക്കിയത്. സി.ബി.ഐ നിലവിൽ കേസിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഒരു കോച്ചിങ് സെന്റർ വിദ്യാർത്ഥികൾക്ക് നൽകിയ മാതൃകാ ചോദ്യപേപ്പറിലെ 130 ചോദ്യങ്ങൾ പരീക്ഷയിലും ആവർത്തിച്ചതാണ് സംശയങ്ങൾക്ക് കാരണമായത്. ഈ കണ്ടെത്തലുകളും സംഘടന കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
നീറ്റ് യു.ജി പരീക്ഷ വീണ്ടും നടത്തുമ്പോൾ അതിന്റെ മേൽനോട്ടം വഹിക്കുന്നതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായുള്ള ഒരു ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന് മെഡിക്കൽ ബോഡി കോടതിയോട് ആവശ്യപ്പെട്ടു. ഈ സമിതിയിൽ സൈബർ സുരക്ഷാ വിദഗ്ധരും ഫോറൻസിക് വിദഗ്ധരും ഉൾപ്പെടണമെന്നും സംഘടന അഭ്യർത്ഥിച്ചു.
അതേസമയം 23 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ റദ്ദാക്കിയതിൽ രാജ്യത്തുടനീളം വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം അലയടിക്കുകയാണ്.
Content Highlight: NEET question leak; Medical body approaches Supreme Court