| Tuesday, 18th March 2025, 2:34 pm

ആ ഹിറ്റ് ചിത്രത്തിന് ശേഷവും മുഖ്യധാര സിനിമകളില്‍ നിന്ന് വിളി വന്നില്ല; അന്നൊരു കാര്യം മനസിലായി: നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് നീരജ് മാധവ്. രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ബഡി (2013) എന്ന സിനിമയിലൂടെയാണ് നീരജ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചു.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ആര്‍.ഡി.എക്‌സ് എന്ന സിനിമയിലും നീരജ് ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ മലയാള ചിത്രമായിരുന്നു ആര്‍.ഡി.എക്‌സ്.

എന്നാല്‍ ആര്‍.ഡി.എക്‌സ് സിനിമക്ക് ശേഷം മുഖ്യധാര സിനിമകളില്‍ നിന്നൊന്നും തനിക്ക് വിളികള്‍ വന്നിരുന്നില്ലെന്ന് പറയുകയാണ് നീരജ്. അതോടെ സ്വന്തം കാര്യത്തിന് സ്വയം ഇറങ്ങി തിരിച്ച് എന്തെങ്കിലും ചെയ്യണമെന്ന് മനസിലായെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീരജ്.

‘നമുക്ക് അവസരങ്ങള്‍ തന്നില്ലെങ്കില്‍ നമ്മള്‍ അവസരം ഉണ്ടാക്കും. ആ കാര്യത്തില്‍ എനിക്ക് അത്രയേറെ കോണ്‍ഫിഡന്‍സുണ്ട്. എന്റെ സ്‌പേസ് ഞാന്‍ തന്നെ തേടി കണ്ടുപിടിക്കും. പക്ഷെ അത് കുറച്ചുകൂടെ എളുപ്പത്തില്‍ നടക്കുകയാണെങ്കില്‍ നടന്നോട്ടെ എന്ന് കരുതുന്നുണ്ട്.

പക്ഷെ സത്യം പറഞ്ഞാല്‍ ആര്‍.ഡി.എക്‌സ് സിനിമക്ക് ശേഷം മുഖ്യധാര സിനിമകളില്‍ നിന്നൊന്നും വിളി വന്നില്ല. അപ്പോള്‍ ഞാന്‍ ഒരു കാര്യം മനസിലാക്കി. നമ്മള്‍ തന്നെ ഇറങ്ങി തിരിച്ച് നമ്മുടെ കാര്യം ചെയ്യുക എന്നതാണ് അത്.

ഇനി അഥവാ സംവിധാനം ചെയ്യേണ്ടി വരികയാണെങ്കില്‍ ഞാന്‍ സംവിധാനം ചെയ്യും. ഞാന്‍ സത്യത്തില്‍ സംവിധാനം ചെയ്യാന്‍ വന്ന ആളാണ്. എഴുതാനും സംവിധാനം ചെയ്യാനും വന്നിട്ട് അഭിനേതാവായി മാറിയ ആളാണ്. ഒരു സിനിമ സംവിധാനം ചെയ്യേണ്ട അവസ്ഥയിലേക്ക് വന്നാല്‍ ഞാന്‍ തീര്‍ച്ചായും ചെയ്തിരിക്കും,’ നീരജ് മാധവ് പറയുന്നു.

Content Highlight: Neeraj Madhav Says He Can’t Get Chance In Mainstream Movies After RDX

We use cookies to give you the best possible experience. Learn more