ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. ഒന്നോ രണ്ടോ സീനുകളില്‍ വന്നുപോകുന്ന നടനായി കരിയര്‍ ആരംഭിച്ച നീരജ് മലയാളത്തിലെ മികച്ച നടന്മാരിലൊരാളായി മാറുകയായിരുന്നു. ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച നീരജ് ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.
ആര്‍.ഡി.എക്‌സിന് ശേഷവും തനിക്ക് മുഖ്യാധാരാ സിനിമകളില്‍ അവസരം ലഭിക്കുന്നില്ലെന്ന് പറയുകയാണ് നീരജ് മാധവ്. തന്റേതായ രീതിയില്‍ അവസരങ്ങള്‍ ഉണ്ടാക്കാനാണ് തന്റെ ശ്രമമെന്ന് നീരജ് മാധവ് പറഞ്ഞു. രണ്ട് സിനിമകളുടെ സ്‌ക്രിപ്റ്റ് താന്‍ തയാറാക്കുന്നുണ്ടെന്നും അതിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
സംവിധാനവും തന്റെ ആഗ്രഹങ്ങളിലുണ്ടെന്നും അത്തരം കാര്യങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാനാണ് ശ്രമമെന്നും നീരജ് മാധവ് പറഞ്ഞു. കന്നഡയില്‍ രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി എന്നിവര്‍ ചെയ്യുന്നതുപോലെ മലയാളത്തിലും ചെയ്തുനോക്കുകയാണ് ലക്ഷ്യമെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. സംവിധാനത്തിന് വേണ്ടി ഇറങ്ങിയാല്‍ ആറ് മാസത്തോളം മാറ്റിവെക്കേണ്ടി വരുമെന്നും അത് കരിയറിനെ ബാധിക്കുമെന്നും നീരജ് പറയുന്നു.
പൃഥ്വിരാജ് ലൂസിഫര്‍ സംവിധാനം ചെയ്തത് സേഫ് പ്ലേസില്‍ നിന്നുകൊണ്ടാണെന്നും ആ സമയത്ത് അദ്ദേഹത്തിന് സൂപ്പര്‍സ്റ്റാര്‍ഡം ഉണ്ടായിരുന്നെന്നും നീരജ് മാധവ് പറഞ്ഞു. സംവിധാനത്തിന് വേണ്ടി മാറി നിന്നാലും അദ്ദേഹത്തിന് വലിയ നഷ്ടമൊന്നും സംഭവിക്കില്ലെന്നും തന്റെ കാര്യം അങ്ങനെയല്ലെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. ഫാമിലി മാന് വേണ്ടി ഒരുവര്‍ഷം മാറിനിന്നത് മലയാളത്തില്‍ തന്നെ വലിയ രീതിയില്‍ അഫക്ട് ചെയ്തിരുന്നെന്നും നീരജ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നീരജ് മാധവ്.
‘ആര്‍.ഡി.എക്‌സിന് ശേഷവും എനിക്ക് മുഖ്യധാരാ സിനിമകളൊന്നും ലഭിച്ചിട്ടില്ല. എനിക്ക് അവസരങ്ങള്‍ കിട്ടിയില്ലെങ്കില്‍ എന്റേതായ അവസരങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്ന ബോധ്യം എനിക്കുണ്ട്. സംവിധാനം, തിരക്കഥ എന്നീ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. ഇപ്പോള്‍ രണ്ട് സ്‌ക്രിപ്റ്റുകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
സംവിധാനം ചെയ്യേണ്ടി വന്നാല്‍ അതും ചെയ്യും. കന്നഡയില്‍ രക്ഷിത് ഷെട്ടിയും റിഷബ് ഷെട്ടിയുമൊക്കെ ചെയ്യുന്ന കാര്യമാണ് അത്. അവരുടെ പടങ്ങള്‍ നിര്‍മിക്കുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ അവര്‍ തന്നെയാണ്. ഇവിടെ രാജുവേട്ടന്‍ സംവിധാനം ചെയ്തതും അതുപോലെയാണ്. പക്ഷേ, സേഫ് പ്ലേസില്‍ നിന്നുകൊണ്ടാണ് രാജുവേട്ടന്‍ സംവിധാനത്തിലേക്കിറങ്ങിയത്.
അദ്ദേഹം സംവിധാനത്തിന് വേണ്ടി ആറ് മാസം മാറ്റിവെച്ച് ഇറങ്ങിയാല്‍ പുള്ളിയുടെ കരിയറിനെ അഫക്ട് ചെയ്യില്ല. അതിനുള്ള സ്റ്റാര്‍ഡം രാജുവേട്ടന്‍ അച്ചീവ് ചെയ്തിട്ടുണ്ട്. എന്റെ കാര്യം അങ്ങനെയല്ല. ഫാമിലി മാന് വേണ്ടി ഒരുവര്‍ഷം മാറ്റിവെച്ചിട്ടാണ് ബോളിവുഡിലേക്ക് പോയത്. തിരിച്ചുവന്നപ്പോള്‍ മലയാളത്തില്‍ എന്നെയത് അഫക്ട് ചെയ്തു. അതൊക്കെ നോക്കേണ്ടതായിട്ടുണ്ട്,’ നീരജ് മാധവ് പറഞ്ഞു.
Content Highlight: Neeraj Madhav saying he planned to direct a movie in future