| Saturday, 2nd October 2021, 6:55 pm

ആകാശത്താകട്ടെ, ഭൂമിയിലാകട്ടെ, വെള്ളത്തിനടിയിലാകട്ടെ, എന്റെ ചിന്തയില്‍ ജാവലിന്‍ മാത്രം; ടോകിയോയിലെ നേട്ടം കടലിനടിയില്‍ പുനരാവിഷ്‌കരിച്ച് നീരജ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

മാലിദ്വീപ്: ടോകിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ താരമാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് താരം സുവര്‍ണനേട്ടം ആഘോഷിച്ചത്.

ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഇന്‍സ്റ്റഗ്രാം റീലാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മാലിദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ ചോപ്ര കടലിനടിയില്‍ വെച്ച് ജാവലിന്‍ എറിയുന്നതായി കാണിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

‘ആകാശത്താകട്ടെ, ഭൂമിയിലാകട്ടെ, വെള്ളത്തിനടിയിലോ എവിടെയുമാകട്ടെ, ഞാന്‍ ചിന്തിക്കുന്നത് ജാവലിനെ കുറിച്ചാണ്. പരിശീലനം തുടങ്ങി,’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എ.ആര്‍ റഹ്മാന്റെ ‘വന്ദേ മാതരം’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് താരം റീല്‍ ചെയ്തിരിക്കുന്നത്.

2020 ടോകിയോ ഒളിംപിക്‌സില്‍ 87.58 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് നീരജ് സ്വര്‍ണം നേടിയത്.പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ, ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായും താരം മാറി.

ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്നത്. ഒളിംപിക്‌സ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണമാണിത്. ബീജിംഗ് ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണം നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Neeraj Chopra recreates Tokyo’s golden throw under the sea

We use cookies to give you the best possible experience. Learn more