| Saturday, 11th October 2025, 3:50 pm

നീലിയും ലോക യൂണിവേഴ്‌സും 390 ചാത്തന്മാരും; ഡീ കോഡിങ് ലോക

അരുൺ എയ്ഞ്ചല

ലോക ഒരുപാട് ലെയറുകളുള്ള കഥയാണ്. നമ്മൾ ഏത് ആംഗിളിൽ നിന്ന് നോക്കുന്നുവോ അതാണ് നമുക്ക് കാണാനാവുക. പ്രണയത്തിൽ നിന്ന് നോക്കിയാൽ ” സ്നേഹിച്ചവരൊന്നൊന്നായി തന്നെ വിട്ട് പോയപ്പോൾ നീലി യാത്ര തുടങ്ങി. ” തന്റെ കൊച്ചുമകളോട് നീലിയുടെ കഥ പറയുന്ന മുത്തശന്റെ ഡയലോഗാണ്. ഒരിക്കലെങ്കിലും സ്നേഹിച്ചവർ വിട്ട് പോയിട്ടുണ്ടെങ്കിൽ നിങ്ങളതിൻറെ വേദന അറിഞ്ഞിട്ടുണ്ടാവും.

” ഹേർട്ടാണ് വീക്ക്നെസ്സ് ” എന്ന് പറയുന്ന ഒരാൾക്ക്, സ്നേഹിച്ചവർ തന്നെ വിട്ട് പോവുകയും താൻ ജീവിതത്തിൽ തുടരേണ്ടി വരികയും ചെയ്യേണ്ടി വരുന്നതിനേക്കാൾ വലിയ ദുരന്തമെന്താണ് സംഭവിക്കാനുള്ളത്? നമ്മുടെ പല ബോധ്യങ്ങളേയും തലകീഴായി നിർത്തുന്ന, ഇമ്മോർട്ടാലിറ്റി എന്നത് വലിയൊരു വേദനയാണ് എന്ന് പറയുന്ന സിനിമ കൂടിയാണ് ലോക. ചന്ദ്രയുടെ സ്ഥായീഭാവം വിഷാദമാകുന്നു.

പകയുടെ രൂപമായി നമ്മൾ പറഞ്ഞു കേട്ട നീലിയിൽ നിന്ന് വിഭിന്നയായി നഷ്ടപ്രണയമോർത്ത് സങ്കടപ്പെടുന്ന ചന്ദ്രയെയാണ് നമുക്ക് കാണാനാവുക. മലയാള സിനിമകളിലെ സോ കോൾഡ് ക്ലീഷേ വൈറ്റ് ആൻറ് വൈറ്റ് ഡ്രസ് കോഡിൽ നിന്ന് മാറി, ക്രോപ് ടോപ്പ് ഇട്ട് ഹെഡ് സെറ്റും വച്ച് നടക്കുന്ന ചന്ദ്ര വളരെയെളുപ്പത്തിൽ ജൻ സിക്കും ജൻ ആൽഫയ്ക്കും മില്ലെനിയൽസിനും ചുരുക്കം ചില സംഘികളൊഴികയുള്ള മനുഷ്യരുടെ മനസ്സിലേക്കും കയറിച്ചെല്ലുന്നു.

അപനിർമ്മിക്കപ്പെട്ട കള്ളിയങ്കാട്ട് നീലിയുടെ കഥയാണ് ലോക. പറഞ്ഞു പതിഞ്ഞു പോയ പുരുഷവിരോധിയായ നീലിയിൽ നിന്നും വിഭിന്നമായി അടിയാളന്റെ ചെറുത്തു നിൽപ്പിന്റെ അടയാളമായാണ് നീലി അവതരിപ്പിക്കപ്പെടുന്നത്. രാജാവിന് മാത്രം പ്രവേശിക്കാൻ അവകാശമുണ്ടായിരുന്ന ക്ഷേത്രത്തിൽ കാടിൻ്റെ മകളായ നീലി കയറിയതും , അവിടുന്നു കിട്ടിയ മുത്തെടുത്ത് അവരുടെ ദൈവത്തിൽ അണിയിച്ചതുമറിഞ്ഞ രാജാവ് ആ ക്ഷേത്രം അഗ്നിക്കിരയാക്കുകയും ആ ഗോത്രത്തെ മുഴുവനായി കൊല്ലാനൊരുങ്ങുന്നു.

രക്ഷപ്പെടാനായി ഗുഹയിൽ ഒളിക്കുന്ന നീലി അവിടുന്നിറങ്ങി വന്നത് തന്നെ കൊല്ലാൻ വന്ന രാജാവിൻ്റെ കിങ്കരൻ മാരെ കൊല്ലാൻ ശേഷിയുള്ള ശക്തിയുമായായിരുന്നു. അത് കാണുന്ന പ്രായമേറിയ സത്രീ കാളിയമ്മ എന്നും മറ്റ് ചിലർ യക്ഷിയെന്നും പറയുന്നു.

ശ്രദ്ധിക്കുക, കാളി ഒരു ആര്യൻ ദേവിയല്ല. ദക്ഷിണേഷ്യയിലെ ഗ്രാമങ്ങളിലെയും ഗോത്രങ്ങളിലെയും പർവതങ്ങളിലെയും ദേവതകളിൽ നിന്നാണ് കാളിയുടെ ഉത്ഭവം. കഥകളിൽ വായിച്ചറിഞ്ഞ നീലിയല്ല, നല്ലവരെ രക്ഷിക്കുന്ന, ദുഷ്ടന്മാരുടെ ചോര കുടിക്കുന്ന അവളെ ആളുകൾ ദേവിയായി കണ്ടു, ശത്രുക്കൾ യക്ഷിയായും എന്ന് ലോക പറയുന്നു.

ഒരു സൂപ്പർ ഹീറോയൊക്കെ ആണെങ്കിലും മുഖത്തേയ്ക്ക് നോക്കുമ്പോൾ ഒരു സങ്കടഭാവമാണ് ചന്ദ്രയ്ക്ക്. നീലി ഇമ്മോർട്ടൽ ആണെന്ന് പറയുമ്പോൾ സിനിമയിലെ, വയ്യാത്ത കുട്ടി മുത്തച്ഛനോട് തിരിച്ചു ചോദിക്കുന്നത് നീലി ലക്കി ആണല്ലോ എന്നാണ്, നമ്മളിൽ ഭൂരിഭാഗവും അങ്ങനെയായിരിക്കും വിചാരിക്കുക. പക്ഷെ മുത്തശ്ശൻറെ മറുപടി അവളത്ര ലക്കി ഒന്നുമല്ലെന്നാണ്. മരണത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പത്തെ ലോക പ്രശ്നവൽക്കരിക്കുന്നു.

ഹൃദയം വീക്ക്നെസ്സ് ആണെന്ന് പറയുന്ന, കത്തനാരെക്കുറിച്ച് ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നെന്ന് പറയുന്ന, മാനുഷിക വികാരങ്ങളെല്ലാമുള്ള ഒരു വ്യക്തിയായിരിക്കണം നീലി. നൂറ്റാണ്ട് മുൻപു മരിച്ച തന്റെ കാമുകന്റെ ഫോട്ടോയും ആയി നടക്കുന്ന നീലി ഒരു പക്ഷെ monogamous* ആയിട്ടുള്ള ഒരാളും കൂടി ആവണം.

പിന്നീട് അതേ രൂപത്തിലുള്ള സണ്ണിയെ കാണുമ്പോൾ മാത്രമാണ് അവൾക്കൊരു അടുപ്പം തോന്നുന്നത്. ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ, നിങ്ങൾ മാത്രം മരണത്തെ അതിജീവിക്കുന്നു, നിങ്ങൾ സ്നേഹിച്ചവരെല്ലാം കാലത്തിൽ മറഞ്ഞു പോകുന്നു. നിങ്ങളെ നിങ്ങളായി മനസ്സിലാക്കാൻ, നിങ്ങൾ പറയുന്നത് മനസ്സിലാവുന്ന ഒരു കൂട്ടുകാരൻ/ കൂട്ടുകാരി പോലും ഇല്ലാതിരിക്കുക. ആലോചിക്കുമ്പോൾ തന്നെ ഒരു നടുക്കം തോന്നുന്നില്ലേ.അപ്പോൾ ചന്ദ്രയുടെ മുഖത്തെ വിഷാദത്തിന്റെ ആഴം നിങ്ങൾക്ക് മനസ്സിലായേക്കും.

പതിവ് സൂപ്പർ ഹീറോ ടെമ്പ്ലേറ്റുകളെ പൊളിച്ചടുക്കുന്നുണ്ട് ലോക, സാധാരണ വൾനറബിൽ ആയിട്ടൊരു സ്ത്രീയും രക്ഷകൻ പുരുഷനുമാണല്ലോ മിക്ക സിനിമകളിലും. ഇവിടെ ഒട്ടും ടോക്സിക് മാസ്കുലിനല്ലാത്ത സണ്ണി, ഒരു Pookie boy next door എന്നൊക്കെയുള്ള ഫീൽ നമ്മളിൽ ഉണ്ടാക്കുന്നുണ്ട്.

ഇതിനിടയിൽ സണ്ണിയുമായി ബ്രേക്ക്‌ അപ്പ്‌ കഴിഞ്ഞ കഥാപാത്രം വന്നു ഇതെന്റെ പുതിയ ബോയ്ഫ്രണ്ട് എന്ന് പറയുന്ന ഭാഗത്ത് ആസ്വസ്ഥനാകുന്ന, സണ്ണിയേക്കാണാം. Demisexual അല്ലാത്ത ആയിട്ടുള്ള ഒരാൾക്ക് എളുപ്പം സാധിക്കുന്ന ഒരു കാര്യമാണ് അത്‌. എന്നാൽ നീലിയെപ്പോലെ തന്നെ demisexual* & monogamous (serially എങ്കിലും) ആയിരിക്കണം സണ്ണിയും. ഇനി നീലിയുടെ പൂർവ കാമുകന്റെ പുനർജന്മമാണോ സണ്ണി? അറിയില്ല.

ഇനി കഥയിലേക്ക് വന്നാൽ, ആസിഡ് ബോട്ടിൽ കൈയ്യിൽ വെച്ചൊരു പെണ്ണിനെ ടോക്സിക്ക് റിലേഷനിലേക്ക് വലിച്ചടുപ്പിക്കുന്നവനെ പഞ്ഞിക്കിട്ടു സോറി പറയിക്കുന്ന സീൻ കണ്ടാൽ നമുക്ക് സത്യത്തിൽ ചന്ദ്രയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നും. സിനിമയിലൊരിടത്തു പറഞ്ഞ പോലെ നീലി ഒരിടത്തു ചെന്നാൽ അവിടുത്തെ ദുഷ്ടന്മാരെ കൊന്നു ചോര കുടിക്കുന്നു, ബാംഗ്ലൂർ എത്തുമ്പോൾ അത്‌ അവയവക്കടത്തുകാരെയാകുന്നു.

കുഞ്ഞുനാളിലെ തുടക്കം മുതൽ നീലിയുടെ എതിർപക്ഷത്തെന്നും അധികാരത്തിന്റെ ആളുകളായിരുന്നു. ചന്ദ്രയായി ബാംഗ്ലൂർ എത്തുമ്പോളും അതിൽ മാറ്റമില്ല. പക്ഷെ എതിരെ നിൽക്കുന്നത് രാജാവും കിങ്കരന്മാരും എന്നതിൽ നിന്ന് മാറി, രാഷ്ട്രീയക്കാരും മാഫിയകളും പോലീസുമടങ്ങുന്ന അവിശുദ്ധ സഖ്യങ്ങളാകുന്നു. ഫ്യൂഡൽ വ്യവസ്ഥയിൽ നിന്ന് ഒരു ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിലേക്കുള്ള, so called ജനാധിപത്യത്തിലേക്കുള്ള പ്രയാണം കണ്ടയാളാണ് നീലി. എന്നിട്ടും തന്റെ വേരുകൾ ഉള്ള സാധാരണ മനുഷ്യർ ചൂഷണം ചെയ്യപ്പെടുന്നു എന്ന തിരിച്ചറിവും കൂടിയുണ്ടാകുമോ നീലിയുടെ വിഷാദത്തിന് പിന്നിൽ?

ഇന്നത്തെ മോഡിഫൈഡ് ഇന്ത്യയിലെ ചില നഗരത്തിൽ സുരക്ഷിതയായി ഒരു പെണ്ണിന് യാത്ര ചെയ്യണമെങ്കിൽ അറ്റ്ലീസ്റ്റ് സൂപ്പർ ഹ്യൂമൻ ആകണം എന്നൊരു സർകാസ്റ്റിക് സ്‌റ്റേറ്റ്മെന്റ് കൂടിയായി മാറുന്നുണ്ട് ലോക, ചിലയിടങ്ങളിലെങ്കിലും. പക വീട്ടാനെത്തുന്ന യക്ഷിയായെത്തുന്ന പെണ്ണിനെ, ന്യായം അവളുടെ ഭാഗത്താണെങ്കിൽ കൂടി, ഒരു പൂണൂൽ ധാരി വന്നു പൂജയൊക്കെ നടത്തി തളച്ചു ശുഭം എന്നെഴുതികാണിക്കുന്ന സിനിമകൾ ഒരുപാട്‌ വന്നു പോയിട്ടുണ്ട് മലയാളത്തിൽ.

പെണ്ണിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ, ലൈംഗിക സഞ്ചാരങ്ങളെ multiple personality disorder (ഇപ്പോൾ Dissociative Identity Disorder എന്ന് പറയുന്നു) ആയി മാനിപ്പുലേറ്റ് ചെയ്തു, ഒരു പൂണൂൽ ധാരിയുമായി ചേർന്ന് നാടകം (psycho drama) കളിച്ചു തളയ്ക്കുന്ന ചെയ്യിക്കുന്ന, സവർണ്ണ ഭാവുകത്വം പേറുന്ന ഡോക്ടർ സണ്ണിയുടെ കഥ പറയുന്ന മണിച്ചിത്രത്താഴിൽ നിന്ന് മലയാള സിനിമ, ബ്രാഹ്മണൻ തളയ്ക്കാൻ എത്താത്ത, യക്ഷി പ്രൊട്ടഗോണിസ്റ്റ് ആകുന്ന ലോകയിലേക്ക് എത്തുന്നു എന്നത് തന്നെ അഭിമാനർഹമാണ്.

‘സൈക്കോസിസിൻ്റെ അവസ്ഥാന്തരങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഒക്കെയറിയുന്ന ബ്രഹ്‌മദത്തൻ നമ്പൂതിരിയെ’ പ്പോലെയുള്ളവരിലാണ് മോഡേൻ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോ സണ്ണി തൻ്റെ ഗുരുവിനെ കാണുന്നത്. മണിച്ചിത്രത്താഴിലെ പപ്പു അവതരിപ്പിച്ച കാട്ടുപറമ്പൻറെ സീൻ ഓർത്തു നോക്കൂ, പിന്നോക്കക്കാരന്റെ മനോവിഭ്രാന്തി പോലും അവിടെ അപ്പർ കാസ്റ്റിനും അപ്പർ ക്‌ളാസിനും ഇട്ട് തട്ടിക്കളിക്കാനുള്ള തമാശ മാത്രമാണ്. എന്നാൽ ഇവിടെ ഇവിടെ യക്ഷി = തിന്മ എന്ന സങ്കല്പത്തെ തന്നെ ലോകയെടുത്തു ശീർഷാസനത്തിൽ നിർത്തുന്നു. കീഴാള വിഭാഗത്തിലെ നീലി നായികയായി വരുന്നു.

ആരൊക്കെയാണ് ഈ 390 ചാത്തൻമാർ?

ഇതൊരു ചാപ്റ്റർ മാത്രമാണ് ചന്ദ്രയുടെ. അവിടെ വന്ന് പോകുന്ന ഒരു കഥാപാത്രമാണ് ചാത്തൻ. ഒരിക്കൽ ഭഗവാൻ ശിവൻ വേട്ടയാടാൻ പോയപ്പോൾ, കാട്ടിൽ കൂളിവാക എന്നൊരു പെൺ കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടു. ശിവൻ പരിചയപ്പെട്ടു, പോയി ഡേറ്റ് ചോദിച്ചു. താൻ വേട്ട കഴിഞ്ഞു വരാമെന്നും പറഞ്ഞു. ഇത്രേയുള്ളു, ( ഈ സംഘികൾ പറയുന്ന പ്യൂരിറ്റൻ സദാചാരം ഇന്ത്യനല്ല). പക്ഷെ ഭഗവാൻ ശിവൻ്റെ ഭാര്യ പാർവ്വതി ദേവി ഇതറിഞ്ഞാൽ തനിക്കാപത്താണെന്ന് മനസ്സിലാക്കിയ കൂളിവാക ഇക്കാര്യങ്ങൾ പുള്ളിക്കാരിയോട് പറഞ്ഞു.

പാർവ്വതി കൂളിവാകയുടെ രൂപത്തിൽ ശിവനെ കാത്തിരുന്നു. അങ്ങനെ തിരിച്ചു വന്ന ശിവനും കൂളിവാകയുടെ രൂപത്തിൽ ഉണ്ടായിരുന്ന പാർവ്വതിയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ കുട്ടിയാണ് ചാത്തൻ. പാർവ്വതി ചാത്തനെ വളർത്താനായി കൂളിവാകയെ ഏൽപ്പിച്ചു. ഒരിക്കൽ ബ്രികാസുരൻ തൻ്റെ വളർത്തമ്മയായ കൂളിവാകയെ തട്ടിക്കൊണ്ട് പോകാൻ സൈന്യവുമായി എത്തിയപ്പോൾ ചാത്തൻ തടഞ്ഞു.

യുദ്ധത്തിൽ പരിക്കേറ്റ ചാത്തൻ്റെ ദേഹത്ത് നിന്നും വീണ ചോരയിൽ നിന്നും 400 കുട്ടിച്ചാത്തൻമാർ ജനിച്ചു. അവരിൽ പത്തു പേർ ബ്രിഗാസുരൻ ചാത്തനെതിരെ പ്രയോഗിച്ച ബ്രഹ്മാസ്ത്രം വിഴുങ്ങി മരിച്ചു വീണു. ചാത്തൻ ബ്രിഗാസുരനെ കൊല്ലുകയും ചെയ്തു. ബാക്കിയായത് 390 കുട്ടിച്ചാത്തൻമാർ ആയിരുന്നു.

ലോകയിൽ ടൊവിനോയാണ് ചാത്തനായി വരുന്നത്. ചാത്തൻ്റെ ക്രഷ് കൂടിയാണ് നീലിയെന്ന് ചാത്തൻ തന്നെ പറയുന്നുണ്ട്. ഒരു സെമി ദൈവമായിട്ടും നീലി ചാത്തൻ അടുപ്പം കാണിക്കാൻ വരുമ്പോൾ കരണത്തൊന്ന് പൊട്ടിക്കുന്നുണ്ട്. ഒരു പെൺകുട്ടി, even if she is a yakshi, says no, it is a no എന്നാണ് നീലി പറയുന്നതെന്ന് തോന്നുന്നു.

അധികാരികളുമായി വലിയ ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ വരുന്ന നേരത്ത് നിർബന്ധിച്ചാൽ നിൽക്കാം എന്ന് ഒരു സെമി ദൈവമായ ചാത്തൻ പോലും പറയുമ്പോൾ വേണ്ട എന്ന് പറയുന്ന, കാര്യങ്ങൾ ഒറ്റയ്ക്ക് നേരിടാൻ തീരുമാനിക്കുന്ന പെൺ കരുത്ത് കൂടിയാണ് ചന്ദ്ര. സാധാരണ സ്ത്രീകളെ സുരക്ഷിത സ്ഥാനത്ത് ഇരുത്തിയിട്ടു യുദ്ധത്തിന് പോകുന്ന പുരുഷനെ വെള്ളിത്തിരയിൽ കണ്ട് ശീലിച്ച നമ്മൾ, പുരുഷൻമാരെ സുരക്ഷിത സ്ഥാനത്ത് ഇരുത്തിയിട്ട് യുദ്ധത്തിനിറങ്ങുന്ന ചന്ദ്രയെ കാണുന്നു.

ഇഷ്ട്ടാറിന്റെ ആളുകളാണ് വില്ലന്മാരായിട്ട് വരുന്നത്. ഇഷ്ട്ടാർ ഒരു മെസപ്പെട്ടോമിയൻ ദൈവമാണ്. അവരുടെ മിത്ത് അനുസരിച്ച് അധോലോകത്തിന്റെ ദൈവങ്ങളായ അനുനാകി ഗ്രൂപ്പിലെ ഒരു ദൈവമാണ് ഇഷ്ട്ടാർ. യുദ്ധത്തിന്റെയും ലസ്റ്റ്ഫുൾ പ്രണയത്തിന്റെയും ദേവത. (ഈ മിത്തിന് വേറെയും വേർഷൻസ് ഉണ്ട് കേട്ടോ) മൂത്തോൻ എന്ന റഫറൻസ് പറഞ്ഞതിന് ശേഷം സിനിമയിൽ കാണിക്കുന്നത് Black Jesus എന്ന് പറയാവുന്ന ഒരു ചിത്രവുമാണ്.

വരും ചാപ്റ്ററുകളിൽ ദൈവങ്ങൾ കൂടി ഉൾപ്പട്ട ഒരു അപ്പോകാലിപ്റ്റിക് യുദ്ധത്തിൻ്റെ സൂചനയാണോ ഇത് നൽകുന്നത്? ഒരു ഷോ സ്റ്റോപ്പർ എന്ന പോലെ കുറച്ചു നേരമേ ഉള്ളൂവെങ്കിലും ദുൽഖറിൻ്റെ നിൻജാ പോരാളിയും അതിശയിപ്പിക്കുന്നു. മലയാളത്തിൽ ഇത്തരമൊരു സിനിമയൊരുക്കിയ സംവിധായകൻ ഡൊമിനിക്ക് അരുണും, തിരക്കഥയൊരുക്കിയ ശാന്തി ബാലചന്ദ്രനും അത്ഭുതം തന്നെ സൃഷ്ടിച്ചിരിക്കുന്നു, ഒരു പുതിയ സിനി യൂണിവേഴ്‌സും.

ഇത്രയുമെല്ലാം ഉണ്ടെങ്കിലും ലോകയെ സ്നേഹത്തിന്റെ, പ്രണയത്തിന്റെ, ചങ്ങാത്തത്തിന്റെ, സിനിമയായി കാണുമ്പോൾ കൂടുതൽ മിഴിവ് തോന്നുന്നു. സണ്ണി പോകുമ്പോൾ കണ്ണ് നിറഞ്ഞ് നിൽക്കുന്ന ചന്ദ്രയും, ടോക്സിക്ക് മാസ്കുലിൻ അല്ലാത്ത സണ്ണിയും, കൂട്ടുകാരന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാകുന്ന വേണുവും മനസ്സിലുടക്കി നിൽക്കുന്നു.

ഒരു നിർണ്ണായക സമയത്ത്, ലോകത്തിന്റെ പലയിടങ്ങളിൽ ഉള്ള സൂപ്പർ ഹ്യൂമൻസിനെ കാണിച്ചു പോകുന്നുണ്ട്, ലോകയിൽ. അപ്പോൾ ലോകത്താകെ പരന്നു കിടക്കുന്ന യൂണിവേഴ്സിലെ അംഗമാണ് നീലി. മലയാളത്തിൽ ഇറങ്ങി എന്നേയുള്ളു, ലോക ഒരു ഇന്ത്യൻ സിനിമയാണ്. സിനിമ കണ്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിലും ഒരു സംശയത്തിന്റെ മുള പൊട്ടുന്നു. നമുക്കിടയിൽ അവർ ജീവിക്കുന്നുണ്ടോ? Do they live among us? എന്ന് അതാണ് സിനിമയുടെ വിജയവും.

*monogamous. ഒരേ സമയം ഒരു ഇണ, ഇണ അല്ലെങ്കിൽ ലൈംഗിക പങ്കാളി മാത്രമുള്ള രീതി.

*demisexual. ഒരാളുമായി ശക്തമായ വൈകാരിക ബന്ധം സ്ഥാപിച്ചതിനുശേഷം മാത്രമേ ആ വ്യക്തിയോട് ലൈംഗിക ആകർഷണം തോന്നുകയുള്ളൂ എന്ന അവസ്ഥ.

Content Highlight: Neeli and Lokah universe, Decoding the Lokah Chapter 1: Chandra

അരുൺ എയ്ഞ്ചല

ഫോട്ടോ ജേര്‍ണലിസ്റ്റ്

We use cookies to give you the best possible experience. Learn more