നീറ്റ് ചോദ്യ ചോര്‍ച്ചയില്‍ കൃത്യമായ ഉത്തരവാദിത്തം വേണം; വിഷയം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മാനസികാഘാതം: സുപ്രീം കോടതി
India
നീറ്റ് ചോദ്യ ചോര്‍ച്ചയില്‍ കൃത്യമായ ഉത്തരവാദിത്തം വേണം; വിഷയം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മാനസികാഘാതം: സുപ്രീം കോടതി
നിഷാന. വി.വി
Saturday, 30th May 2026, 6:57 am

ന്യൂദല്‍ഹി: നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പരീക്ഷയിലെ അട്ടിമറികള്‍ മാനസികാഘാതം ഉണ്ടാക്കുന്നതാണെന്നും അത് കുട്ടികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും കൂടിയാണെന്നും സുപ്രീം കോടതി പറഞ്ഞു.

നമ്മുടെ യുവാക്കളെ നിരാശപ്പെടുത്തരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തുന്നതിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുനസംഘടിപ്പിക്കുകയോ കൂടുതല്‍ ശക്തവും സ്വതന്ത്രവുമായ മറ്റൊരു സംവിധാനത്തിന് ചുമതല നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. യഥാര്‍ത്ഥ വ്യക്തികളില്‍ ഉത്തരവാദിത്തം ചുമത്തുന്നത് വരെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു.

എന്നാല്‍ ഈ വിഷയം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും
ഒരു പോരായ്മയും ഉണ്ടാവാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

വരാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി, ഹരജികള്‍ അടുത്ത ജൂലൈ രണ്ടാം വാരത്തില്‍ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.

മെയ് 3ന് നടന്ന നീറ്റ്- യുജി പരീക്ഷ ചോദ്യ ചോര്‍ച്ചയെ തുടര്‍ന്ന് മെയ് 12 ന് റദ്ദാക്കിയിരുന്നു. ഇത് വലിയ വിവാദമാവുകയും നിരവധിയാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21-നാണ് പുതിയ പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ സി.ബി.ഐ. ആണ് വിശദമായി അന്വേഷിക്കുന്നത്. മുന്‍പ് 2024-ല്‍ നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സമയത്തും പരീക്ഷ പൂര്‍ണ്ണമായി റദ്ദാക്കാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ലെങ്കിലും, പരീക്ഷാ അട്ടിമറികള്‍ തടയുന്നതിനും പൊതുപരീക്ഷകള്‍ റദ്ദാക്കുന്നതിനുമുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി കോടതി വിവിധ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

Content Highlight: Necessary accountability for NEET question leak; issue causes psychological trauma for children and parents: Supreme Court

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.