ഗസ: ഗസയിൽ യു.എസ് നിയന്ത്രണത്തിലുള്ള സഹായ കേന്ദ്രങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 800 ഓളം ഫലസ്തീനികളെന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്ര സഭ.
മെയ് അവസാനം മുതൽ യു.എസിന്റെയും ഇസ്രഈലിന്റെയും പിന്തുണയുള്ള ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും മറ്റ് മാനുഷിക സംഘങ്ങളും നടത്തുന്ന വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയ 798 പേർ കൊല്ലപ്പെട്ടതായി യു.എൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.
ഗസയിൽ സഹായം എത്തിച്ചിരുന്നത് ഐക്യരാഷ്ട്ര സഭയുടെ വിവിധ സഹായ സംഘങ്ങളായിരുന്നു. എന്നാൽ പിന്നീട് ഉപരോധം പിൻവലിച്ച ഇസ്രഈൽ ഐക്യരാഷ്ട്ര സഭക്ക് പകരം ജി.എച്ച്.എഫിനെ നിർദേശിച്ചു. ജി.എച്ച്.എഫ് മാനുഷിക തത്വങ്ങൾ ലംഘിച്ചിരിക്കാമെന്നും യുദ്ധക്കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടാകുമെന്നും നിരവധി മനുഷ്യാവകാശ ഗ്രൂപ്പുകൾ വിമർശിച്ചു.
‘ജൂലൈ ഏഴ് വരെ, ഗസയിൽ 798 കൊലപാതകങ്ങൾ നടന്നതായി ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 615 മരണങ്ങൾ നടന്നത് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ പരിസരത്താണ്. 183 മരണങ്ങൾ നടന്നത് സഹായ വാഹനവ്യൂഹങ്ങൾ പോകുന്ന വഴിയിലുമാണെന്ന് കരുതപ്പെടുന്നു,’ യു.എൻ വക്താവ് രവീന ഷംദാസാനി ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സഹായ സംവിധാനങ്ങൾ ഹമാസ് ദുരുപയോഗം ചെയ്തുവെന്ന് അവകാശപ്പെട്ടാണ് ഇസ്രഈൽ ജി.എച്ച്.എഫ് കൊണ്ടുവന്നത്. അതേസമയം തങ്ങളുടെ സഹായ കേന്ദ്രങ്ങൾ ഹമാസിന് പിന്തുണ നൽകിയെന്ന ഇസ്രഈലിന്റെ വാദത്തിന് തെളിവുകളില്ലെന്ന് യു.എൻ പറഞ്ഞു.
എന്നാൽ ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജി.എച്ച്.എഫ് വാദിച്ചു. കൂടാതെ തങ്ങളുടെ സഹായ കേന്ദ്രങ്ങളിൽ മാരകമായ സംഭവങ്ങൾ നടന്നിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. ‘സഹായ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും മാരകമായ ആക്രമണങ്ങൾ യു.എൻ വാഹനവ്യൂഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത,’ ജി.എച്ച്.എഫ് വക്താവ് പറഞ്ഞു.
തങ്ങളുടെ ഏതെങ്കിലും സഹായ കേന്ദ്രങ്ങളിൽ വെച്ച് ആർക്കും പരിക്കേറ്റിട്ടില്ലെന്നും, തെക്കൻ, മധ്യ ഗസയിൽ സ്ഥാപിച്ചിട്ടുള്ള നാല് കേന്ദ്രങ്ങളിൽ എത്താൻ ശ്രമിക്കുന്ന ഫലസ്തീനികൾക്ക് നേരെയാണ് ഇസ്രഈൽ സൈന്യം വെടിയുതിർത്തതെന്നും ജി.എച്ച്.എഫ് ആരോപിച്ചു.
അതേസമയം വെള്ളിയാഴ്ച തെക്കൻ ഗസയിലെ റഫയിൽ ജനക്കൂട്ടത്തിനു നേരെ ഇസ്രഈൽ സൈന്യം വെടിയുതിർത്തതിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ പീഡിയാട്രിക്സ് മേധാവി അഹമ്മദ് അൽ-ഫറ പറഞ്ഞു.
Content Highlight: Nearly 800 killed at Gaza food hubs and aid convoy routes since end of May, UN says