ശരീരപ്രകൃതിയെക്കുറിച്ചുള്ള തമാശകളിൽ സങ്കടമോ നിസ്സഹായതയോ തോന്നിയിട്ടില്ല, അന്ന് എല്ലാവരും അങ്ങനെയായിരുന്നു: ഇന്ദ്രൻസ്
malayalam movie
ശരീരപ്രകൃതിയെക്കുറിച്ചുള്ള തമാശകളിൽ സങ്കടമോ നിസ്സഹായതയോ തോന്നിയിട്ടില്ല, അന്ന് എല്ലാവരും അങ്ങനെയായിരുന്നു: ഇന്ദ്രൻസ്
നന്ദന. ടി
Sunday, 23rd August 2026, 5:50 pm

തയ്യൽക്കാരനായി ജീവിതം ആരംഭിച്ച് പിന്നീട് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ അഭിനേതാക്കളിൽ ഒരാളായി മാറിയ വ്യക്തിയാണ് ഇന്ദ്രൻസ്. സിനിമയിലെത്തിയ ആദ്യകാലത്ത് വസ്ത്രാലങ്കാര രംഗത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്ന താരം, ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ നടനിലേക്കുള്ള അപൂർവ യാത്രയാണ് നടത്തിയത്. ആളൊരുക്കം, ഹോം, വെയിൽമരങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

സിനിഗ്രാം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിത വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇന്ദ്രൻസ്.

ഇന്ദ്രൻസ്. Photo. Screen grab/ Youtube

പഴയകാല സിനിമകളിൽ തന്റെ ശരീരപ്രകൃതി വെച്ച് പറഞ്ഞിരുന്ന തമാശകൾ കാണുമ്പോൾ വിഷമം തോന്നാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരം പറയുകയാണ് ഇന്ദ്രൻസ്.

‘ഇന്ദ്രൻസ് ഊതിയാൽ പറന്നുപോകും എന്നൊക്കെയായിരുന്നു അന്ന് ആളുകൾ പറഞ്ഞിരുന്നത്. ഇത്തരത്തിൽ അന്നത്തെ കാലത്ത് എന്റെ ശരീരപ്രകൃതി വെച്ച് പറഞ്ഞ തമാശകൾ കേട്ട് സങ്കടമോ നിസ്സഹായതയോ ഒന്നും തോന്നിയിട്ടില്ല. അന്ന് പരക്കെ അങ്ങനെയായിരുന്നു എല്ലാവരും. അതുകൊണ്ടുതന്നെ അതൊരു കുറ്റപ്പെടുത്തലായി തോന്നിയിട്ടില്ല,’ ഇന്ദ്രൻസ് പറഞ്ഞു.

ദേശീയ അവാർഡ് കിട്ടിയതോടെ ഭാരം കൂടി ഇനി കാറ്റടിച്ചാൽ പറന്നുപോകില്ലെന്ന ആത്മവിശ്വാസം ഇപ്പോൾ ഉണ്ടോ എന്ന അവതാരകന്റെ തമാശരൂപേണയുള്ള ചോദ്യത്തിനും ഇന്ദ്രൻസ് മറുപടി നൽകി.

‘അത്തരം കമന്റുകളൊക്കെ നമ്മൾ ചെറുതായതുകൊണ്ട് പറയുന്നതാണ്. അവിടെ അവാർഡ് കിട്ടിയതുകൊണ്ട് ഭാരം കൂടുകയൊന്നുമില്ല. അത്തരത്തിലുള്ള ഭാരങ്ങളൊക്കെ മനസിലേക്ക് വന്നുതുടങ്ങിയാൽ കാര്യങ്ങളൊക്കെ മാറിമറിയും. ആളുകൾ പൊതുവെ എനിക്ക് വിനയം കൂടുതൽ ആണെന്നൊക്കെ പറയുമെങ്കിലും ജീവിതത്തിൽ ദേഷ്യപ്പെടേണ്ട സാഹചര്യങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എല്ലാ വികാരങ്ങളും നമ്മുടെ ഉള്ളിലുണ്ട്. ജീവിതത്തിൽ എപ്പോഴും പാവമായി ഇരുന്നാൽ മുന്നോട്ട് പോകാൻ പറ്റില്ല. ദേഷ്യം വരുന്ന സാഹചര്യങ്ങളിൽ അത് പുറത്തുകാണിക്കാറുണ്ട്,’ ഇന്ദ്രൻസ് പറഞ്ഞു.

ഇന്ദ്രൻസ്. Photo. Screen grab/ Youtube

Content Highlight: Indrans reflects on the body-shaming comments he faced during his early career

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം