ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ 22 റണ്‍സിന്റെ പരാജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും ഏറ്റുവാങ്ങിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ റണ്‍സിന് 170 പുറത്തായി. അഞ്ചാം ദിവസം അനായാസം വിജയിക്കാന്‍ സാധിക്കുമെന്ന ഇന്ത്യയുടെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചായിരുന്നു ഇംഗ്ലണ്ട് ജയിച്ചുകയറിയത്. അവസാന നിമിഷം വരെ പോരാടിയ രവീന്ദ്ര ജഡേജയുടെ അപരാജിത അര്‍ധ സെഞ്ച്വറിക്കും ഇന്ത്യയുടെ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സിലെ പ്രകടനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 7,000 റണ്‍സ് എന്ന കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിടാനും ജഡേജയ്ക്ക് സാധിച്ചു. 7018 റണ്‍സാണ് അന്താരാഷ്ട്ര തലത്തില്‍ ജഡേജയുടെ പേരിലുള്ളത്.
ടെസ്റ്റിലെ 124 ഇന്നിങ്‌സില്‍ നിന്നും 39.67 ശരാശരിയില്‍ 3,697 റണ്‍സ് നേടിയ ജഡ്ഡു ഏകദിനത്തില്‍ 32.62 ശരാശരിയില്‍ 2,806 റണ്‍സും ടി-20യില്‍ 21.45 ശരാശരിയില്‍ 515 റണ്‍സും നേടിയിട്ടുണ്ട്.
രണ്ടാം ഇന്നിങ്‌സിന് പിന്നാലെ ഒരു ചരിത്ര നേട്ടത്തിലും ജഡേജ ഇടം പിടിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 7,000 റണ്‍സും 600 വിക്കറ്റുകളും പൂര്‍ത്തിയാക്കുന്ന നാലാമത് ബൗളര്‍ എന്ന നേട്ടത്തിലാണ് ജഡ്ഡു തന്റെ പേരും എഴുതിച്ചേര്‍ത്തത്. 611 അന്താരാഷ്ട്ര വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 7,000 റണ്‍സും 600 വിക്കറ്റുകളും നേടുന്ന താരങ്ങള്‍
(താരം – ടീം – റണ്‍സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
ലോര്‍ഡ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. നാലാം ദിവസത്തെ മത്സരം പൂര്‍ത്തിയാകും മുമ്പേ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.
ഓപ്പണര്‍ യശസ്വി ജെയ്സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപുമടക്കമുള്ള നാല് വിക്കറ്റുകളാണ് നാലാം ദിവസം അവസാനിക്കും മുമ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
അഞ്ചാം ദിവസം തുടക്കത്തിലേ റിഷബ് പന്തിനെയും കെ.എല്‍. രാഹുലിനെയും നഷ്ടപ്പെട്ട ഇന്ത്യ പരാജയം മുമ്പില്‍ കണ്ടു. 41/1 എന്ന നിലയില്‍ നിന്നും 82/7 എന്ന നിലയിലേക്ക് ഇന്ത്യ നിലംപൊത്തിയിരുന്നു. എന്നാല്‍ ഒരു വശത്ത് നിന്ന് രവീന്ദ്ര ജഡേജ പൊരുതിയതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷയും കൈവന്നു.
ഒമ്പതാം വിക്കറ്റില്‍ ബസ്പ്രീത് ബുംറയെയും അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനെയും ഒപ്പം കൂട്ടി ചെറുത്തുനിന്നെങ്കിലും വിജയലക്ഷ്യത്തിന് 22 റണ്‍സകലെ ഇന്ത്യയ്ക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.
ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സും ജോഫ്രാ ആര്‍ച്ചറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബ്രൈഡന്‍ കാര്‍സ് രണ്ട് ഇന്ത്യന്‍ താരങ്ങളെ മടക്കിയപ്പോള്‍ ഷോയ്ബ് ബഷീറും ക്രിസ് വോക്സും ഓരോ വിക്കറ്റ് വീതവും നേടി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.
ജൂലൈ 23നാണ് പരമ്പരയിലെ നാലാം മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി
Content Highlight: IND vs ENG: Ravidndra Jadaeja becomes 4th cricketer to score 7,000 runs and 600 wickets in international cricket