| Tuesday, 4th February 2025, 5:38 pm

കുമ്പളങ്ങി നൈറ്റ്‌സും ആവേശവും നിര്‍മിക്കാന്‍ തീരുമാനിച്ചത് ആ രണ്ട് കഥാപാത്രങ്ങള്‍ കാരണം: നസ്രിയ നസീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നസ്രിയ. ബ്ലെസി സംവിധാനം ചെയ്ത പളുങ്കിലൂടെയാണ് നസ്രിയ സിനിമയിലേക്കെത്തിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ നായികയായി അരങ്ങേറിയ നസ്രിയ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നസ്രിയ സ്വന്തമാക്കിയിട്ടുണ്ട്.

ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാനറില്‍ നിര്‍മാണരംഗത്തും നസ്രിയ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ആവേശം നിര്‍മിച്ചത് നസ്രിയയായിരുന്നു. കേരളത്തിന് പുറത്ത് ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട കുമ്പളങ്ങി നൈറ്റ്‌സിന്റെ നിര്‍മാതാക്കളിലൊരാളും നസ്രിയയായിരുന്നു.

രണ്ട് ചിത്രങ്ങളും നിര്‍മിച്ചതിന് പിന്നിലുള്ള കാരണം വ്യക്തമാക്കുകയാണ് നസ്രിയ നസീം. രംഗന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ആവേശം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് നസ്രിയ പറഞ്ഞു. അത്തരമൊരു കഥാപാത്രമായി ഫഹദിനെ കാണാം എന്നതായിരുന്നു സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ കിട്ടിയ ആദ്യത്തെ സ്പാര്‍ക്കെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു.

ഫുള്‍ടൈം ജോളിയടിച്ച് പ്രാന്തനായി നടക്കുന്ന ഒരാളെ സ്‌ക്രീനില്‍ കാണാം എന്നായിരുന്നു മനസിലുണ്ടായിരുന്നതെന്നും ഒരു സാധാരണ പ്രേക്ഷക എന്ന നിലയിലാണ് അത് ചിന്തിച്ചതെന്നും നസ്രിയ പറഞ്ഞു. അതുപോലെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയുടെ നിര്‍മാണത്തിലേക്കിറങ്ങിയത് ഷമ്മി എന്ന കഥാപാത്രത്തെ കണ്ടുകൊണ്ടാണെന്നും അങ്ങനെയൊരാളെ ആരും കണ്ടിട്ടില്ലെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു.

സൗബിന്റെ കുടുംബം പോലൊന്ന് കണ്ടിട്ടില്ലെന്നും ആ കാര്യങ്ങളാണ് തന്നെ ആകര്‍ഷിച്ചതെന്നും നസ്രിയ പറഞ്ഞു. വനിത മാസികയോട് സംസാരിക്കുകയായിരുന്നു നസ്രിയ.

ആവേശം പ്രൊഡ്യൂസ് ചെയ്തത് വേറൊന്നും കൊണ്ടല്ല. രംഗണ്ണനായി ഷാനുവിനെ സിനിമയില്‍ കാണാം എന്നതായിരുന്നു അത് നിര്‍മിക്കാനുള്ള ആദ്യത്തെ സ്പാര്‍ക്ക്. ഫുള്‍ടൈം ജോളിയടിച്ച് നടക്കുന്ന പ്രാന്തനായ ഒരാളെ സ്‌ക്രീനില്‍ കാണാമെന്ന ചിന്തയായിരുന്നു അതിന്റെ പിന്നില്‍. ഒരു സാധാരണ പ്രേക്ഷക എന്ന നിലയിലാണ് ഞാന്‍ ആ കഥ കേട്ടപ്പോള്‍ ചിന്തിച്ചത്.

അതുപോലെ കുമ്പളങ്ങി പ്രൊഡ്യൂസ് ചെയ്തത് ഷമ്മി എന്ന ക്യാരക്ടറെ കണ്ടിട്ടാണ്. അത്തരമൊരാളെ നമ്മളാരും അധികം കണ്ടിട്ടില്ലല്ലോ. അതുപോലെ സൗബിന്റെ വീടും കുടുംബവും നമുക്ക് പരിചിതമല്ലാത്ത ഒന്നാണ്. ആ കാര്യങ്ങളാണ് എന്നെ ആകര്‍ഷിച്ചത്. കൊവിഡ് കാരണം ലോകം മുഴുവന്‍ സ്റ്റക്കായപ്പോഴാണ് സീ യൂ സൂണ്‍ എടുക്കാന്‍ തീരുമാനിച്ചത്,’ നസ്രിയ നസീം പറഞ്ഞു.

Content Highlight: Nazriya Nazim explains why she produced Aavesham and Kumbalangi nights

We use cookies to give you the best possible experience. Learn more