തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. എന്നാൽ സിനിമയിലെ താരപദവിയിലേക്ക് എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതകാലം അത്ര ആത്മവിശ്വാസം നിറഞ്ഞതായിരുന്നില്ലെന്ന് നയൻതാര പറയുന്നു. ചെറുപ്പത്തിൽ തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നുവെന്നും, സ്കൂൾ പഠനകാലത്ത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളിൽ വളർന്നത് കാരണം ഒരു ഘട്ടത്തിൽ താൻ ഏറെ ഒറ്റപ്പെട്ടതായി തോന്നിയിരുന്നുവെന്നും താരം തുറന്നുപറഞ്ഞു. പേർളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നയൻതാരയുടെ പ്രതികരണം.
എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന അച്ഛന്റെ ജോലിയുടെ ഭാഗമായി ചെറുപ്പത്തിൽ തന്നെ നയൻതാരയ്ക്ക് പല സ്ഥലങ്ങളിലായി താമസിച്ച് പഠിക്കേണ്ടി വന്നിരുന്നു. ദൽഹിയിലും ഗുജറാത്തിലുമായിരുന്നു പ്രധാനമായും സ്കൂൾ വിദ്യാഭ്യാസം. കേന്ദ്രീയ വിദ്യാലയത്തിലെ പഠനകാലം തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും നയൻതാര പറഞ്ഞു.
‘എന്റെ ചെറുപ്പകാലത്ത് സത്യം പറഞ്ഞാൽ എനിക്ക് തീരെ കോൺഫിഡൻസ് ഇല്ലായിരുന്നു. അച്ഛൻ എയർഫോഴ്സിൽ ആയിരുന്നതുകൊണ്ട് ഞങ്ങൾ ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമായിരുന്നു. ഞാൻ കൂടുതലും ഡൽഹിയിലും ഗുജറാത്തിലുമാണ് സ്കൂൾ ചെയ്തത്. എന്റെ സുഹൃത്തുക്കളെല്ലാം ഹിന്ദി സംസാരിക്കുന്ന കുട്ടികളായിരുന്നു. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഒരുമിച്ചുള്ള ഒരു കൂട്ടമായിരുന്നു ഞങ്ങളുടേത്,’ നയൻതാര പറഞ്ഞു.
അവിടെ കുട്ടികൾക്കിടയിൽ ആരാണ് എവിടെ നിന്നുള്ളത് എന്നതിന്റെ പേരിൽ വേർതിരിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും നയൻതാര പറയുന്നു. എന്നാൽ പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി സ്കൂളിൽ പഠിക്കാൻ തുടങ്ങിയതോടെ തനിക്ക് ആ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായി എന്നും താരം വ്യക്തമാക്കി.
‘നാട്ടിൽ വന്ന് സ്കൂളിൽ പോകാൻ തുടങ്ങിയപ്പോഴേക്കും എല്ലാവരും ദുബായ് റിട്ടേൺസാണ്, അബുദാബി റിട്ടേൺസാണ് എന്നൊക്കെ പറയും. അവരുടെ ജീവിതരീതി ഞങ്ങളുടേതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. എയർഫോഴ്സ് കുടുംബത്തിലെ കുട്ടികളായി ഞങ്ങൾ വളർന്ന രീതിയും അവർ വളർന്ന രീതിയും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ഞങ്ങൾ പഠിച്ച സ്കൂളും അവരുടെ സ്കൂളും വ്യത്യസ്തമായിരുന്നു,’
ഈ വ്യത്യാസം കാരണം ഒരു ഘട്ടത്തിൽ താൻ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടുപോയതുപോലെ തോന്നിയെന്നും താരം ഓർത്തെടുത്തു.
‘എനിക്ക് ഭയങ്കര ലെഫ്റ്റ് ഔട്ട് ആയി തോന്നി. എല്ലാവരും ഒരു ഗ്രൂപ്പായി നിൽക്കുന്നു, ഞാൻ മാത്രം തനിച്ചാണ് എന്നൊരു ഫീൽ. ഇവിടെ വന്നത് തന്നെ തെറ്റിപ്പോയോ എന്ന് എനിക്ക് തോന്നിയിരുന്നു. ദൽഹിയിലോ ഗുജറാത്തിലോ തന്നെ ആയിരുന്നെങ്കിൽ നന്നായിരുന്നു എന്നും തോന്നിയിട്ടുണ്ട്,’ താരം പറഞ്ഞു.
കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരെയും സുഹൃത്തുക്കളെയും അവിടത്തെ സ്നേഹപൂർണമായ അന്തരീക്ഷത്തെയും താൻ ഏറെ മിസ് ചെയ്തിരുന്ന കാലമായിരുന്നു അതെന്നും നയൻതാര പറഞ്ഞു. ആത്മവിശ്വാസക്കുറവ് ഏറെ ബാധിച്ചിരുന്ന ആ കാലഘട്ടം തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൊന്നായിരുന്നുവെന്നും താരം വ്യക്തമാക്കി.
‘എനിക്ക് എന്റെ കേന്ദ്രീയ വിദ്യാലയ സ്കൂൾ ഒരുപാട് ഇഷ്ടമായിരുന്നു. അവിടത്തെ ടീച്ചേഴ്സും അവിടത്തെ സ്റ്റുഡൻസിനെയും എല്ലാം ഞാൻ മിസ് ചെയ്ത ഒരു സമയമായിരുന്നു അത്. ഭയങ്കര അണ്ടർ കോൺഫിഡന്റ് ആയിരുന്നതുകൊണ്ട് അത് എന്റെ ജീവിതത്തിലെ ഏറ്റവും താഴ്ന്ന ഘട്ടങ്ങളിലൊന്നായിരുന്നു. എന്ത് ചെയ്യണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഒന്നിലും നല്ലതല്ല എന്നായിരുന്നു അന്ന് എനിക്ക് തോന്നിയിരുന്നത്. പഠനത്തിൽ നല്ലതായിരുന്നു, പക്ഷേ അത്ര മികച്ചതൊന്നുമല്ലായിരുന്നു,’ നയൻതാര പറഞ്ഞു.