| Thursday, 13th March 2025, 10:15 pm

സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം അദ്ദേഹം പറഞ്ഞപ്പോള്‍ ഒന്നു പോടോയെന്ന് ഞാന്‍ തിരിച്ച് പറഞ്ഞു: നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2001ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് നവ്യ നായര്‍. രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 2002ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നവ്യ എത്തി. നന്ദനത്തിലെ അഭിനയത്തിലൂടെ നിരവധി അവാര്‍ഡുകള്‍ നേടാന്‍ നവ്യയ്ക്ക് സാധിച്ചിരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നന്ദനത്തിലൂടെ നവ്യ നേടിയിരുന്നു.

ആദ്യ കന്നട സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് നവ്യ നായര്‍. കന്നട അറിയാത്തത് കൊണ്ട് ഡയലോഗെല്ലാം മലയാളത്തില്‍ എഴുതി മനഃപാഠം പഠിച്ചായിരുന്നു പോയതെന്നും തന്റെ അപ്പോഴത്തെ പ്രകടനം കണ്ട നടന്‍ സ്‌ക്രിപ്റ്റില്‍ ഇല്ലാത്തൊരു ഡയലോഗ് കൈയില്‍ നിന്നും ഇട്ട് പറഞ്ഞെന്ന് നവ്യ പറയുന്നു.

അര്‍ഥം ഒന്നും മനസിലായില്ലെങ്കിലും എക്സ്പ്രെഷന്‍ കണ്ടിട്ട് കളിയാക്കുന്നത് പോലെ തോന്നിയത് കൊണ്ട് ഒന്ന് പോടോ എന്ന് തിരിച്ച് പറഞ്ഞെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

‘ആദ്യമായി കന്നട സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഞാന്‍ ഡയലോഗ് എല്ലാം മലയാളത്തില്‍ എഴുതി പഠിച്ച് അര്‍ത്ഥമെല്ലാം മനസിലാക്കി ഷോട്ടിന് റെഡി ആയി എടുക്കാന്‍ വേണ്ടി പോയി. അവിടെ പോയപ്പോള്‍ എന്റെ ആദ്യത്തെ സീനായിരുന്നു.

ആദ്യമായാണ് ആ കന്നട നടനെ കാണുന്നത്. ഞങ്ങള്‍ തമ്മില്‍ പരസ്പരം കളിയാക്കുന്ന സീനോ മറ്റോ ആയിരുന്നു അത്. ഒരു സീനൊക്കെ എടുക്കുമ്പോള്‍ നമ്മള്‍ എക്സ്ട്രാ കൗണ്ടറും എക്സ്പ്രെഷനുമൊക്കെ ഇടക്ക് കൈയില്‍ നിന്നും ഇട്ടെന്ന് വരും.

സീന്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങി ഞങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്റെ കന്നട പറച്ചിലും എക്സ്പ്രെഷനുമെല്ലാം കണ്ടപ്പോള്‍ അദ്ദേഹത്തിന് തോന്നി ഞാന്‍ കന്നട അറിയുന്ന കുട്ടിയാണെന്ന്.

അപ്പോള്‍ അദ്ദേഹം കന്നടയില്‍ സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത എന്തോ ഒരു കാര്യം പറഞ്ഞു, എന്നെ കളിയാക്കുന്ന രീതിയിലുള്ളതാണെന്ന് അദ്ദേഹത്തിന്റെ എക്സ്പ്രെഷനില്‍ നിന്ന് എനിക്ക് മനസിലായി. ഞാനപ്പോള്‍ ഒന്ന് പോടോ എന്ന് തിരിച്ച് പറഞ്ഞു. ഡയറക്ടര്‍ കട്ട് പറഞ്ഞതും എല്ലാവരും കൈയ്യടിച്ചു. പിന്നെ ഡബ്ബിങിന്റെ സമയത്ത് അവര്‍ എന്റെ ലിപ് മൂവ്മെന്റിന് ചേരുന്ന ഡയലോഗ് എഴുതിയാണ് ഡബ്ബ് ചെയ്തത്,’ നവ്യ നായര്‍ പറയുന്നു.

Content highlight: Navya Nair talks about her first Kannada film experience

We use cookies to give you the best possible experience. Learn more