2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയാണ് ഇന്ത്യ ക്രിക്കറ്റ് ലോകത്ത് കുതിക്കുന്നത്. ക്രിക്കറ്റ് ആരാധകരുടെ ഇനിയുള്ള കാത്തിരിപ്പ് ഐ.പി.എല്ലിന്റെ പുതിയ സീസണാണ്. മാര്‍ച്ച് 22നാണ് ഐ.പി.എല്‍ മാമാങ്കം ആരംഭിക്കുന്നത്.
2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയാണ് ഇന്ത്യ ക്രിക്കറ്റ് ലോകത്ത് കുതിക്കുന്നത്. ക്രിക്കറ്റ് ആരാധകരുടെ ഇനിയുള്ള കാത്തിരിപ്പ് ഐ.പി.എല്ലിന്റെ പുതിയ സീസണാണ്. മാര്‍ച്ച് 22നാണ് ഐ.പി.എല്‍ മാമാങ്കം ആരംഭിക്കുന്നത്.
എന്നാല്‍ ഐ.പി.എല്‍ അവസാനിച്ച ഉടന്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ പര്യടനം ആരംഭിക്കും. റെഡ് ബോളില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പര വെല്ലുവിളിയാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു.
‘ഐ.പി.എല്‍ വരാനിരിക്കുന്നത് ആശങ്കയുയര്‍ത്തുന്ന കാര്യമാണ്. ഒരു താരവും ഐ.പി.എല്‍ കളിക്കാതിരിക്കില്ല. എല്ലാവരും ഐ.പി.എല്ലിന് പ്രാധാന്യം കൊടുക്കുന്നു. ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനെതിരായ പര്യടനം പെട്ടെന്ന് ആരംഭിക്കും. ഇംഗ്ലണ്ട് സ്വന്തം നാട്ടില്‍ തയ്യാറാണ്, അവര്‍ മുറിവേറ്റ കടുവകളെപ്പോലെയാണ്,’ സിദ്ദു പറഞ്ഞു.
അടുത്തിടെയായി സ്വന്തം തട്ടകത്തില്‍ ന്യൂസിലാന്‍ഡിനോടും തുടര്‍ന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇതോടെ റെഡ് ബോളിലെ ഇന്ത്യയുടെ മോശം പ്രകടനവും ഓള്‍ റൗണ്ടര്‍മാരുടെ അഭാവവും വെല്ലുവിളി നിറഞ്ഞതാണെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
‘ഏറ്റവും വലിയ പ്രശ്‌നം ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. ഹാര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലും ടെസ്റ്റ് ടീമില്‍ ഇല്ല. രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്യും, പക്ഷേ അദ്ദേഹത്തിന് സ്വാധീനം ചെലുത്താന്‍ കഴിയില്ല, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവര്‍ മികച്ച ബാറ്റര്‍മാരല്ല. ശക്തമായ ബാറ്റിങ് നിരയുമായി കളത്തിലിറങ്ങേണ്ടി വരും, ഇവിടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം ഐ.പി.എല്ലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനാണ് വേദി.
Content Highlight: Navjot Singh Sidhu Talking About Test Series Against England