അവര്‍ക്ക് അഞ്ച് കളിക്കാരില്ല, ഐ.സി.സി ടൂര്‍ണമെന്റിന്റെ കാര്യം വരുമ്പോള്‍ അവര്‍ പരാജയമില്ലാത്ത ടീമായി മാറും: പ്രശംസയുമായി നവ്‌ജ്യോത് സിങ് സിദ്ധു
Sports News
അവര്‍ക്ക് അഞ്ച് കളിക്കാരില്ല, ഐ.സി.സി ടൂര്‍ണമെന്റിന്റെ കാര്യം വരുമ്പോള്‍ അവര്‍ പരാജയമില്ലാത്ത ടീമായി മാറും: പ്രശംസയുമായി നവ്‌ജ്യോത് സിങ് സിദ്ധു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th February 2025, 3:21 pm

ചാമ്പ്യന്‍സ് ട്രോഫിലെ ബി ഗ്രൂപ്പില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടാനിരിക്കുന്നത്. റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം നിലവില്‍ മഴ കാരണം തടസപ്പെട്ടിരിക്കുകയാണ്. ബി ഗ്രൂപ്പില്‍ ഓരോ മത്സരം വീതം വിജയിച്ച തുല്യ ശക്തികളാണ് ഏറ്റുമുട്ടുന്നത്.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം നവ്ജ്യോത് സിങ് സിദ്ധു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് സംസാരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് ഇത്തവണ അഞ്ച് താരങ്ങളില്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. എന്നാല്‍ മത്സരങ്ങളില്‍ വിജയിക്കാനുള്ള കഴിവ് ഓസ്‌ട്രേലിയയ്ക്ക് കൂടുതലാണെന്നും ഐ.സി.സി ടൂര്‍ണമെന്റുകളുടെ കാര്യം വരുമ്പോള്‍ ഓസ്‌ട്രേലിയ പരാജയമില്ലാത്ത ടീമായി മാറുമെന്നും സിദ്ധു പറഞ്ഞു.

‘മത്സരങ്ങള്‍ ജയിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് ഓസ്ട്രേലിയയില്‍ കൂടുതല്‍. അവര്‍ തോല്‍ക്കുമെന്ന് ഭയപ്പെടുന്നില്ല. അവര്‍ സമ്മര്‍ദത്തിന് കീഴില്‍ തിളങ്ങുന്നു. ഒരു ഓസ്ട്രേലിയന്‍ ടീം ഒരു ചേസിന്റെ സമയത്ത് സമ്മര്‍ദത്തോടെ കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല . അവരുടെ കളിക്കാര്‍ മത്സരങ്ങള്‍ വിജയിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നു.

നിങ്ങള്‍ അവര്‍ക്ക് ഒരു ചെറിയ ഓപ്പണിങ് നല്‍കിയാല്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയും. അവര്‍ക്ക് അഞ്ച് കളിക്കാരില്ല, പക്ഷേ ഇംഗ്ലണ്ടിനെതിരെ ഒരു ചാമ്പ്യന്‍ ടീമിനെപ്പോലെയാണ് അവര്‍ കളിച്ചത്. ഐ.സി.സി ടൂര്‍ണമെന്റുകളുടെ കാര്യം വരുമ്പോള്‍ ഓസ്ട്രേലിയ പരാജയമില്ലാത്ത ടീമായി മാറും,’ സിദ്ധു പറഞ്ഞു.

നിലവില്‍ 2025 ഐ.സി.സി ചാമ്പ്യന്‍ ട്രോഫിയില്‍ എ ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ രണ്ട് വിജയവും സ്വന്തമാക്കി ഇന്ത്യയാണ് മുന്നില്‍. കളിച്ച രണ്ട് മത്സരങ്ങളില്‍ രണ്ടും വിജയിച്ച് രണ്ടാം സ്ഥാനത്ത് ന്യൂസിലാന്‍ഡും സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

ഇതോടെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട പാകിസ്ഥാനും ബംഗ്ലാദേശും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടക്കാനിരിക്കുന്ന മത്സരം മാര്‍ച്ച് 2ന് ദുബായില്‍ വെച്ചാണ് നടക്കുക. ഇന്ന് നടക്കുന്ന സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും മത്സരത്തില്‍ വിജയിക്കുന്ന ടീം ബി ഗ്രൂപ്പില്‍ ഒന്നാമത് എത്തും.

 

Content Highlight: Navjot Singh Sidhu Talking About Australia